എന്ത് വിവാദമായിരുന്നു…ഈ കേസുകൾ ഒക്കെ എവിടെപ്പോയി; ഓരോ മലയാളിയും ചോദിക്കുന്നു

നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളും കേസുകൾക്കും അഴിമതി കഥകൾക്കും വിവാദങ്ങൾക്കും ഒന്നും ഒരിക്കലും ഒരു പഞ്ഞവുമില്ല. ഒരോ അഴിമതി ആരോപണ കേസുകളും വിവാദമാകുമ്പോൾ ഇവിടെ എന്തൊക്കെ കോലാഹലങ്ങളാണ് നടക്കുന്നത്. സമരങ്ങൾ, തെരുവ് യുദ്ധങ്ങൾ, പരസ്പരം പോർവിളികൾ, ലാത്തിച്ചാർജ്, പത്രസമ്മേളങ്ങൾ അങ്ങനെ പോകുന്നു പലതും. പക്ഷേ, പിന്നീട് ഇവയൊക്കെ ആവിയായി പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പല കേസിൻ്റെ പേരിൽ ഇവിടെ നടക്കുന്ന സമരങ്ങൾ പ്രതിക്ഷേധങ്ങൾ ഒക്കെയായി ഉണ്ടാകുന്ന നഷ്ടങ്ങൾ മൂലം സർക്കാർ ഖജനാവിന് എത്ര കോടി രൂപയാണ് പൊടിയുന്നത് എന്ന് ആർ ചിന്തിക്കുന്നു. ഈ പൊടിയുന്ന ഒരോ കാശും പാവപ്പെട്ട ജനങ്ങളുടെ നികുതി പണം അല്ലെ…?. ഫലമോ വിവാദങ്ങളും സമരങ്ങളും പ്രതിക്ഷേധങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോൾ നമ്മുടെ സംസ്ഥാനം വികസനത്തിൽ നിന്ന് പിന്നോക്കം പോകുന്നു. ഇത് ഓരോ മലയാളിയും തിരിച്ചറിയേണ്ട നഗ്നസത്യമാണ്. ഇതിൻ്റെയൊക്കെ പിന്നിൽ കൂടി മറ്റൊരു അഴിമതി നടക്കുകയും ചെയ്യുന്നു. ഈ സംസ്ഥാനത്ത് ഒരുകാലത്ത് വിവാദമായ പിന്നീട് ആവിയായി പോയ ചില അഴിമതി കേസുകളാണ് പൊടിതട്ടിയെടുത്ത് പരിചയപ്പെടുത്തുന്നത്.

1, ലാവ് ലിൻ കേസ്
———————————
നമ്മുടെ കേസുകളിൽ ഏറ്റവും പ്രധാന്യം അർഹിക്കുന്നത് ലാവ് ലിൻ കേസ് തന്നെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട കേസ് എന്നതിനാലാണ് ഇത് രാഷ്ട്രിയ ചർച്ചയാകുന്നത്. 2001 -ൽ യു.ഡി.എഫ് എം.എൽ.എ മാരുടെ ആരോപണത്തെ തുടർന്നാണ് ഈ കേസ് ഉയർന്നുവന്നത്. 2016 -ൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഉമ്മൻ ചാണ്ടി സർക്കാർ ഈ കേസ് സി.ബി. ഐ യ്ക്ക് വിട്ടത്. പിണറായി വിജയൻ ഈ കേസിൽ ഒമ്പതാം പ്രതി ആയിരുന്നു. 2013 – നവംബറിൽ സി.ബി.ഐ പ്രത്യേക കോടതി പ്രതി പട്ടികയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കി. തുടർന്ന് പല ഹർജികൾ ഇതിനെതിരെ ഉണ്ടായി. ഏതാണ്ട് 33 തവണയാണ് സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേന്ദ്രവുമായുള്ള ഒത്തുകളിയുടെ പകർപ്പ് ആയിട്ടാണ് ഈ കേസിനെ ഇന്ന് യു.ഡി.എഫ് ഉപയോഗിക്കുന്നത്. കേസ് രാഷ്ട്രിയ യുദ്ധത്തിൽ കലാശിക്കുന്നതിനപ്പുറം ഇത്രയും കാലം ആയിട്ടും ഈ കേസിൽ ഒരു അത്ഭുതവും കാണാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

2, സോളാർ അഴിമതി
————————————
2016 -ൽ യു.ഡി.എഫിൽ എന്ന് ഇടതുപക്ഷത്തേയ്ക്ക് അധികാരം മാറുന്നതിൻ്റെ പ്രധാന ഘടകം സോളാർ കേസ് ആയിരുന്നു. ഒരു അഴിമതി കേസ് എന്നതിനപ്പുറം ലൈംഗികാരോപണ കഥകൾ കൂടി സമ്മാനിച്ചതായിരുന്നു ഈ കേസ്. ഈ കേസ് സമീപകാലത്ത് ഏറ്റവും ചർച്ചയായ ഒന്നായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് വ്യക്തിപരമായും അദേഹത്തിൻ്റെ സർക്കാരിനും യു.ഡി.എഫ് നേതാക്കൾക്കും ഉറക്കമില്ലാത്ത ദിനങ്ങൾ സമ്മാനിച്ച കേസാണ് സോളാർ അഴിമതി കേസ്. 2021 -ൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി സോളാർ കേസ് സർക്കാർ സി.ബി.ഐയ്ക്ക് വിട്ടു. പ്രതിക്കൂട്ടിലായ യു.ഡി.എഫ് നേതാക്കൾ എല്ലാം ഒടുവിൽ കുറ്റവിമുക്തരാകുന്നതാണ് പിന്നീട് കണ്ടത്.

3 ബാർ കോഴ
—————————
കേരളത്തെ പിടിച്ചു കുലുക്കിയ മറ്റൊരു കേസ് ആണ് ബാർ കോഴ കേസ്. ബാർ ലൈസൻസ് പുതുക്കുന്നതിന് ധനമന്ത്രി കെ.എം. മാണി രണ്ടു കോടി രുപ കോഴ വാങ്ങിയെന്ന ബാർ ഉടമയായ ബിജു രമേശിൻ്റെ ആരോപണത്തെ തുടർന്നാണ് ഈ കേസ് ഉണ്ടാവുന്നത്. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ഇടതുപക്ഷാംഗങ്ങൾ നിയമസഭയിൽ അതിക്രമം വരെ നടത്തി. യു.ഡി.എഫ് അംഗങ്ങൾ ആൾ കവചം തീർത്ത് മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. പിന്നീട് കെ.എം. മാണി ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കുക ആയിരുന്നു. പിന്നീട് അദേഹം മരിച്ചതോടെ കേസും അപ്രസ ക്തമായി. ഇടതുപക്ഷം കത്തിച്ചു നിർത്തിയ ബാർകോഴ കേസിൽ കെ.എം. മാണിയുടെ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസിൻ്റെ മുന്നണി മാറ്റത്തോടെ ആരോപണവിധേയരായവർ വിശുദ്ധരാക്കപ്പെടുന്ന കാഴ്ചയും കേരളം കണ്ടു.

4, ഹിമാലയ കേസ്
————————————-
വളരെ പെട്ടെന്ന് പൊങ്ങിവന്ന ഒരു കേസ് ആയിരുന്നു ഹിമാലയ കേസ്. ഹിമാലയ ചിട്ടിക്കമ്പനി ഉടമകളിൽ നിന്ന് പണം വാങ്ങി എന്നുതുടങ്ങി ഒട്ടേറെ ആരോപണങ്ങളും അന്വേഷണങ്ങളും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഉണ്ടായിരുന്നു. ഹിമാലയ കേസ് വെറും ആരോപണം മാത്രമായിരുന്നെന്നാണ് വി.എസ് സർക്കാരിൻ്റെ കാലത്ത് 2008 – ൽ വിജിലൻ കണ്ടെത്തിയത്. എൽ.ഡി.എഫിന് ഭരണത്തുടർച്ച ലഭിക്കുകയും ചെന്നിത്തല പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് മാറുകയും ചെയ്തതോടെ ഈ കേസും ആരോപണവുമെല്ലാം പിന്നീട് ഒലിച്ചുപോയി.

5, സ്വർണ്ണക്കടത്തും കുഴൽപ്പണവും
—————————————————-
സ്വർണ്ണക്കടത്ത് കേസ് തിളച്ചു നിൽക്കുമ്പോൾ ഉണ്ടായ മറ്റൊരു കേസ് ആണ് കുഴൽപ്പണ കേസ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ ആയിരുന്നു കേസിൽ ആരോപണ വിധേയൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ രാഷ്ട്രിയപ്പാർട്ടി നേതാവായ സി.കെ.ജാനുവിനെ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കാൻ 35 ലക്ഷം രുപ നൽകിയെന്ന പരാതിയാണ് ഉയർന്നത്. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിച്ചു. പിന്നീട് ഈ കേസിലും ഒന്നും സംഭവിച്ചതായി ആരും കണ്ടില്ല.

ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരനും എതിരെയാണ് കേസ്. പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെക്കുറിച്ച് മൂന്നു വർഷം മുൻപ് ഉയർന്ന പരാതിയിലാണ് സതീശനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് വരുന്നത് 20 മാസം മുൻപാണ്. ഇതിലാണ് ഇപ്പോൾ സുധാകരനെ പ്രതിചേർത്തിട്ടൂള്ളത്… ഇനി ഈ കേസുകളുടെയും ഭാവി എന്താണെന്ന് കാലം തെളിയിക്കും. ഇവിടെയും വലിയ അത്ഭുതമൊന്നും സംഭവിക്കുമെന്ന് കരുതേണ്ടെന്നാണ് മുൻ കാല കേസുകൾ നമ്മെ മനസിലാക്കി തരുന്നത്. അത് തന്നെയാണ് ഈ നാടിൻ്റെ ദുരന്തവും…വികസനമുരടിപ്പും…ശരിക്കും പറഞ്ഞാൽ ആയുധവും ആവിയുമാകുന്നതാണ് കേരളത്തിലെ രാഷ്ട്രിയ കേസുകൾ…