വ്യാജരേഖാ കേസ്: കെ വിദ്യ പോലീസ് കസ്റ്റഡിയില്‍

 

പാലക്കാട് :  കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. മേപ്പയൂര്‍, വടകര മേഖലകളില്‍ വിദ്യക്കായി തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി  പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

പാലക്കാട് അഗളി  പോലീസും കാസര്‍കോട് നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്. മേപ്പയൂരില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.

വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു.

ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പോ ലീസ് കേസെടുത്തത്