പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കാമുകനും അഞ്ച് സുഹൃത്തുക്കളും അറസ്റ്റില്‍

ഇടുക്കി :  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ച കേസില്‍ കാമുകൻ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍.

പെണ്‍കുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്ബയാര്‍ പട്ടത്തിമുക്ക് സ്വദേശി ആലാട്ട് അശ്വിൻ സന്തോഷ്‌ (20), തട്ടിക്കൊണ്ട് പോയ കാമുകൻ ഇടുക്കി തോപ്രാംകുടി-പെരുംതൊട്ടി സ്വദേശി അത്യാലില്‍ അലൻ മാത്യു (23), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കല്‍ ബിനീഷ് ഗോപി (19), ഇടുക്കി ചുരുളി ആല്‍പ്പാറ സ്വദേശി കറുകയില്‍ ആരോമല്‍ ഷാജി (19), പള്ളുരുത്തി ഡോണ്‍ ബോസ്കോ കോളനിയില്‍ മാളിയേക്കല്‍ ജസ്റ്റിൻ, ജസ്റ്റിന്‍റെ മകൻ സ്‌പിൻ വിൻ (19) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം.

പെണ്‍കുട്ടിയുടെ കാമുകനും തോപ്രാംകുടി സ്വദേശിയുമായ അലൻ മാത്യുവാണ് കട്ടപ്പനയില്‍ നിന്നും പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ട് വന്ന് പള്ളുരുത്തിയിലെ യുവാക്കളുടെ അടുത്തേക്ക് എത്തിച്ചതെന്നും യുവാക്കള്‍ പെണ്‍കുട്ടിയെ ഡോണ്‍ ബോസ്കോ കോളനിയിലെ മാളിയേക്കല്‍ ജസ്റ്റിന്‍റെ വീട്ടിലെ ഇരുട്ട് മുറിയില്‍ പൂട്ടിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ പിടിയിലായ ആറ് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.വേറെയും ആളുകള്‍ കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. ‍ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കട്ടപ്പന ഡിവൈഎസ്‌പിയും വ്യക്തമാക്കി.പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.