വര്‍ക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍.
തിരുവനന്തപുരം : വര്‍ക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. കൊലപാതകം നടന്ന രാജുവിന്റെ വീട്ടിലും അതിനു മുൻപ് പ്രതികള്‍ മദ്യപിച്ച ബാറിലും ഉള്‍പ്പെടെ എത്തി തെളിവെടുപ്പ് നടത്തി.
മൂന്നു ദിവസത്തേക്കാണ് പ്രതികളെ പോലീസിന് കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്. ആറ്റിങ്ങല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് തിങ്കളാഴ്ച രാവിലെ 11 മണി വരെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ മനു, ശ്യാം എന്നിവരെ രാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതികള്‍ക്ക് നേരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ പ്രതിഷേധം ഉയര്‍ന്നു.
വര്‍ക്കല ക്ലിഫിനു സമീപത്തെ ബാറില്‍ എത്തിച്ചും തെളിവെടുത്തു.ഇവിടെ നിന്ന് മദ്യപിച്ച ശേഷമാണ് രാജുവിനെയും കുടുംബത്തെയും ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ സംഭവസ്ഥലത്തേക്ക് പോയത്. പോകും വഴി ഭക്ഷണം കഴിച്ച റസ്റ്റോറന്റിലും തെളിവെടുപ്പ് നടത്തി. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമാകും.