വയനാട്ടിൽ പൊതുമരാമത്ത്‌ വകുപ്പിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ മുടക്കി നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പ് ഇടിഞ്ഞു

 

വയനാട് : വയനാട്ടിൽ പൊതുമരാമത്ത്‌ വകുപ്പിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ മുടക്കി നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പ് ഇടിഞ്ഞു താണ സംഭവത്തിൽ സർക്കാരിനും കരാർ കമ്പനിക്കുമെതിരായ ആരോപണങ്ങൾ ശക്തമാകുന്നു. മാനന്തവാടി തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട്‌ – പേരിയ റോഡാണ് തകര്‍ന്നത്. സർക്കാർ ഒത്താശയോടെ ഊരാളുങ്കൽ സൊസൈറ്റി കോടികൾ വെട്ടിക്കുന്നു എന്നാണ് ആരോപണം

120 കോടി രൂപ ചിലവിൽ കുളത്താട മുതല്‍ വാളാട് വരെ പുഴയോരത്തുകൂടെ നിർമിക്കുന്ന 27 കിലോമീറ്റര്‍ റോഡാണ് ഉദ്ഘാടനത്തിന് മുമ്പേ തകർന്നു വീണത്. പുലിക്കാട്ട് കടവ് പാലത്തിന് സമീപത്ത് ഇന്റര്‍ലോക്ക് ചെയ്ത 200 മീറ്ററോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. കെ.എ.സ്.ടി.പിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ്‌ നിര്‍മാണം നടത്തിയത്. ഇതേ റോഡിൽ വിവിധ സ്ഥലങ്ങളിലായി ഏഴിടത്ത് വിള്ളലുണ്ട്. മഴ കനത്താല്‍ റോഡിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടും.

കോടികളുടെ അഴിമതിയാണ് റോഡ് തകരാൻ കാരണമെന്നും മറ്റു കരാർ കമ്പനികളെ ഒഴിവാക്കി ഊരാളുങ്കൽ സൊസൈറ്റിക്ക് മാത്രം കരാറുകൾ നൽകുന്നത് സർക്കാർ അഴിമതിക്ക് കൂട്ടുനിൽക്കുന്നതിന്റെ തെളിവാണെന്നും കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയും ആരോപിച്ചു. മാനന്തവാടി PWD അസി. എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ച പ്രവർത്തകർ, ഊരാളുങ്കൽ സൊസൈറ്റിയുടെ ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിച്ചു. മാനന്തവാടി – കണ്ണൂര്‍ റോഡിന് സമാന്തരപാതയായി ഉപയോഗിക്കാൻ കഴിയുന്ന രീതിയില്‍ നിർമാണം പൂർത്തിയാക്കിയ റോഡ്, മാനന്തവാടി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാനുതകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.