തൃശൂർ ചേലക്കരയിലെ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ കേസിൽ സ്ഥലമുടമ റോയിക്കായി അന്വേഷണം ഊർജിതം

 

 

തൃശൂർ ചേലക്കരയിലെ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ കേസിൽ സ്ഥലമുടമ റോയിക്കായി അന്വേഷണം ഊർജിതം. റോയി ഗോവയിലേക്ക് കടന്നുവെന്നാണ് സൂചന. അതേസമയം ആനയുടെ കൊമ്പ് എടുത്ത സംഘത്തിൽ 6 പേർ ഉണ്ടെന്ന് പിടിയിലായ അഖിൽ മോഹൻ മൊഴി നൽകി. വി. ഒ പ്രധാന പ്രതിയായ പാലാ സ്വദേശി മണിയഞ്ചിറ റോയ് ഗോവയിലേക്ക് കടന്നു എന്ന സൂചനയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടെ എത്തിയിട്ടുണ്ട്. റോയിയുടെ ഭാര്യ ഗോവയിലാണ് ജോലി ചെയ്യുന്നത്. രണ്ടാഴ്ചയായി ഇവർ വീട്ടിലില്ല. അതിനിടെ എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ നാല് പ്രതികളിൽ ഒരാളായ അഖിൽ മോഹനെ ചേലക്കരയിൽ എത്തിച്ച് തെളിവെടുത്തു. ആനക്കൊമ്പ് എടുത്ത സംഘത്തിൽ 6 പേർ ഉണ്ടായിരുന്നു എന്ന് അഖിൽ മൊഴി നൽകി. ഇതിൽ മൂന്നു പേരെ അറിയാം. ഇവരുടെ പേരു വിവരങ്ങളും നൽകി. ആനയുടെ ജഡം കുഴിച്ചു മൂടാൻ സഹായിച്ച മണ്ണു മാന്തി യന്ത്രത്തിന്റെ ഡ്രൈവർ അടക്കം 2 പേർ കസ്റ്റഡിയിലുണ്ട്. ജഡം കുഴിച്ചു മൂടാൻ സ്ഥലമുടമ റോയ് വിളിച്ചു വരുത്തിയ നാലംഗ സംഘത്തിലെ ഒരാളാണ് കൊമ്പ് കടത്തിയത് എന്നാണ് സൂചന. അതേസമയം ആന ചെരിയാൻ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വൈദ്യുതാഘാതമേൽപ്പിച്ചോ വിഷം നൽകിയോ കൊല്ലപ്പെടുത്തിയതാകാമെന്ന സാധ്യതയിലൂന്നിയാണ് അന്വേഷണം. വെടിയേറ്റതിന്റെ ലക്ഷണം കണ്ടിട്ടില്ല. മരണകാരണം സ്ഥിരീകരിക്കാൻ ആനയുടെ ശരീര ഭാഗങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.