പി സി ജോർജ് ഔട്ട് ആകുമോ.? എതിർപ്പുമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി..ജോർജിനെ വിശ്വസിക്കാനാവില്ലെന്ന് ബിജെപി നേതാക്കൾ…
മുന്നണി മാറുക – പാർട്ടി മാറുക – പുതിയ പാർട്ടി ഉണ്ടാക്കുക – ഇതൊന്നും പി സി ജോർജ് എന്ന രാഷ്ട്രീയ നേതാവിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. വാ പോയ കോടാലി എന്നു പറയും പോലെ ഒരു പദവിയും ഇല്ലെങ്കിലും പിസി ജോർജ് വായ അനക്കി കൊണ്ടിരിക്കും… മറ്റുള്ള പാർട്ടിക്കാരെ ചീത്ത വിളിക്കാനാണെങ്കിൽ വായിൽ നിന്നും പുറത്തേക്കിറങ്ങുന്ന നാക്കിന് നീളം കൂടുകയും ചെയ്യും.പിസി ജോർജാണ് ശരിക്കും പറഞ്ഞാൽ യഥാർത്ഥ രാഷ്ട്രീയ നേതാവ്.. സ്വന്തമായി നിലപാടില്ല. സ്വന്തം പാർട്ടിയുടെ ആദർശം ഇല്ല. സ്വന്തമായി മണ്ഡലം പോലും ജോർജിനു അവകാശപ്പെടാനില്ല. ജോർജിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യയിൽ എവിടെ നിന്നാലും ജോർജ് തെരഞ്ഞെടുപ്പിൽ ജയിച്ചു വരും എന്നതാണ് അദ്ദേഹത്തിൻറെ വിശ്വാസം. മഹത്തായ കാര്യങ്ങളിൽ പക്ഷം പിടിക്കുകയും അഭിപ്രായങ്ങൾ തട്ടി വിടുകയും ചെയ്യുന്ന പിസി ജോർജ് അതേ നാവുകൊണ്ട് സോളാർ കേസുകാരിയെയും സ്വർണ കടത്തുകാരിയെയും ഒരുപോലെ പുകഴ്ത്തുകയും ചീത്ത വിളിക്കുകയും ചെയ്യും…കേരള കോൺഗ്രസ് എന്ന പാർട്ടിയിലൂടെ വളർന്നുവന്ന അദ്ദേഹം ഏറ്റവും ഒടുവിൽ സ്വന്തമായി തട്ടിക്കൂട്ടിയ പാർട്ടിയാണ് ജനപക്ഷം. അതു കൊണ്ട്നടന്നിട്ട് തന്റെ പക്ഷത്ത് നിൽക്കാൻ ജനങ്ങൾ ഇല്ല എന്ന് ബോധ്യമായപ്പോൾ അതിനോടും മടുപ്പായി… ഏറ്റവും ഒടുവിൽ ജനപക്ഷവും വിട്ട് ഭാരതീയ ജനതാ പാർട്ടി എന്ന ദേശീയ പാർട്ടിയുടെ അംഗത്വത്തിലേക്ക് കാലെടുത്തുവെച്ചു . ഇതാണ് പിസി ജോർജിൻറെ ഇപ്പോഴത്തെ രാഷ്ട്രീയ കിടപ്പാടം..കാറ്റുള്ളപ്പോൾ മാത്രമേ തോറ്റാൻ ഒക്കു – എന്നൊരു പഴഞ്ചൊല്ല് ഉണ്ട്.. പി.സി ജോർജ് ഇതിനനുസരിച്ച് നീങ്ങുന്ന ആളാണ്.. ബിജെപി എന്ന പാർട്ടി രാജ്യം ഭരിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിലും കേരളത്തിൽ പച്ചപിടിച്ചില്ലെങ്കിലും രാജ്യമൊട്ടാകെയായി ഭൂരിപക്ഷം നേടി അവർ അധികാരത്തിൽ വരും എന്ന് പിസി ജോർജിനറിയാം. ഈ മഹാജ്ഞാനം ഒരു വെളിപാട് പോലെ ഉണ്ടായപ്പോൾ പിസി ജോർജ് എല്ലാം മറന്ന് ബിജെപിക്കാരൻ ആയി. ബിജെപി കേന്ദ്ര നേതാക്കൾ ഭയങ്കര വാശിയിലാണ്, പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പി സി ജോർജ് മത്സരിച്ചേ മതിയാകൂ എന്ന്. ഇത് പറയുന്നത് ജോർജാണെന്നു മാത്രം … ഇത് വെറും തള്ളലാണ് എന്ന കാര്യം അരി ആഹാരം കഴിക്കുന്ന മലയാളിക്കു മനസ്സിലാകും… ജോർജ് ഒരു തികഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞനാണ്… പത്തനംതിട്ടയിൽ മത്സരിച്ച് പൊട്ടിപ്പൊളിഞ്ഞാലും ബിജെപി കേന്ദ്രത്തിൽ, അധികാരത്തിൽ വന്നാൽ ഏതെങ്കിലും ഒരു കസേര ഒപ്പിച്ചെടുക്കാം എന്ന വിശ്വാസം ജോർജ്ജിനുണ്ട്…ഇതുതന്നെയാണ് ജോർജിൻറെ ബിജെപി പ്രേമത്തിന്റെ രഹസ്യം…ഇതൊക്കെയാണെങ്കിലും പത്തനംതിട്ടയിലെ ബിജെപി നേതാക്കൾ അത്യാവശ്യം ശക്തമായ പാരയുമായി പി. സി ജോർജിനെതിരെ നീങ്ങുകയാണ്. ജോർജിന്റെ സ്വഭാവവും പ്രവർത്തനരീതിയും നേരിൽ അനുഭവിച്ചറിഞ്ഞിട്ടുള്ള ആൾക്കാരാണ് പത്തനംതിട്ടയിലുള്ള ബിജെപിക്കാരും.. ‘ അവർ യോഗം കൂടി ഒരു തീരുമാനമെടുത്തു, ബിജെപിയുടെ സീനിയറായ ഒരു നേതാവിനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണം. കാരണം പത്തനംതിട്ട സീറ്റ് ബിജെപി വിജയപ്രതീക്ഷ വയ്ക്കുന്ന ഉറപ്പുള്ള സീറ്റാണ്…പിസി ജോർജിനെ സ്ഥാനാർത്ഥിയാക്കി ഈ അനുകൂല സാഹചര്യം ഇല്ലാതാക്കരുത് എന്നാണ് ജില്ലാ കമ്മിറ്റി ബിജെപി കേന്ദ്ര നേതൃത്വത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്.. അവർ ഇപ്പോൾ നൽകിയിരിക്കുന്ന കത്തിൽ ഒന്നാം പേരുകാരനായി നിശ്ചയിച്ചിരിക്കുന്നത് നിലവിൽ ഗോവ ഗവർണറായ പി എസ് ശ്രീധരൻപിള്ളയെയാണ്.. രണ്ടാമതായി ശോഭ സുരേന്ദ്രന്റെയും മൂന്നാമതായി കുമ്മനം രാജശേഖരന്റെയും പേരുകൾ ഉൾപ്പെടുത്തി എന്നാണ് പുറത്തുവരുന്ന വാർത്തകൾ.. ‘ ഒരു കാരണവശാലും പിസി ജോർജിനെ സ്ഥാനാർത്ഥി ആക്കരുത് എന്ന് ജില്ലാ കമ്മിറ്റി കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്..2019 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചത് പാർട്ടി പ്രസിഡൻറ് കൂടിയായ സുരേന്ദ്രൻ ആയിരുന്നു… വളരെ നല്ല രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് അന്ന് നടന്നത്.. മൂന്നുലക്ഷത്തോളം വോട്ടുകൾ അന്ന് സുരേന്ദ്രൻ നേടിയെടുക്കുകയുണ്ടായി. ഇന്ന് അതിനേക്കാൾ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് പത്തനംതിട്ടയിലുള്ളത് എന്നാണ് ജില്ലാ കമ്മിറ്റി അവകാശപ്പെടുന്നത്… പാർട്ടിയിലെ ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കും താല്പര്യവും ആവേശവും ഉണ്ടാക്കുന്ന ഒരു സ്ഥാനാർഥി വന്നാൽ ഈ കുറി വിജയം ഉറപ്പാണ് എന്ന് ജില്ലാ നേതാക്കൾ അവകാശപ്പെടുന്നു… പി എസ് ശ്രീധരൻപിള്ള പത്തനംതിട്ടയിൽ വളരെ സ്വീകാര്യനാണ്.. അവിടുത്തെ ജനങ്ങൾ ആദരവോടെ കാണുന്ന നേതാവുമാണ് എന്ന് ജില്ലാ നേതാക്കൾ വിശദീകരിക്കുന്നുണ്ട്…ഏതായാലും ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ഉറപ്പായി എന്ന് സ്വപ്നം കണ്ട് കഴിഞ്ഞ പിസി ജോർജിനും മകൻ ഷോൺ ജോർജിനും ബിജെപി ജില്ലാ നേതാക്കളുടെ ഈ നീക്കം കടുത്ത ഭീഷണിയാണ് ഉണ്ടാക്കിയിരിക്കുന്നത്…ഏതെങ്കിലും തരത്തിൽ പാർട്ടിയുടെ കേന്ദ്ര നേതാക്കളെ വശീകരിച്ച് പത്തനംതിട്ട സീറ്റ് സ്വന്തമാക്കിയാൽ തന്നെ, അവിടുത്തെ പാർട്ടി പ്രവർത്തകരുടെയും നേതാക്കന്മാരുടെയും സഹകരണമില്ലാതെ ജയിക്കാൻ കഴിയില്ല എന്ന് ജോർജ്ജും ഇപ്പോൾ ചിന്തിക്കുന്നുണ്ട്… ഒരു കാര്യം ജില്ലാ നേതാക്കൾ ഉറപ്പിച്ച് പറയുകയാണ്… പിസി ജോർജ് പാർട്ടിയിൽ വന്ന നേതാവ് എന്ന നിലയിൽ മറ്റ് ഏതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥി ആക്കുക..’ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ള പത്തനംതിട്ട സീറ്റിൽ പി.സി ജോർജ് സ്ഥാനാർത്ഥിയായി എത്തി ആ സീറ്റ് നഷ്ടപ്പെടുത്താൻ തങ്ങൾ അനുവദിക്കില്ല എന്ന നിലപാടിലാണ് ജില്ലാ നേതാക്കൾ…മണ്ഡലത്തിൽ മത ന്യൂനപക്ഷത്തിൽപ്പെട്ട ക്രിസ്തീയ സമുദായത്തിലെ ഒരാളെ സ്ഥാനാർത്ഥിയാക്കുന്നതിനാണ് കേന്ദ്ര നേതൃത്വം ആലോചിച്ചിരുന്നത് ‘ എന്നാൽ അത് ഗുണത്തേക്കാൾ ദോഷമാവും ഉണ്ടാക്കുക എന്നും ‘ഹിന്ദു വോട്ടുകൾ ഏകോപിപ്പിക്കുന്നതിന് ഒരു നായർ സമുദായംഗം സ്ഥാനാർത്ഥിയാകുന്നത് ഉചിതമായിരിക്കും എന്ന നിലപാടിലാണ് ജില്ലയിലെ ബിജെപി നേതാക്കൾ.. ഈ കാര്യം ജില്ലാ നേതാക്കൾ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.. എന്തായാലും ഏറ്റവും ഒടുവിലെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ അവസ്ഥ പിസി ജോർജ് എന്ന നേതാവിന് അനുകൂലമായ നിലയിൽ അല്ല എന്നതാണ് ഈ പ്രതിസന്ധി.. എല്ലാം തട്ടിത്തെറിപ്പിച്ച് തൻറെ ആഗ്രഹമനുസരിച്ച് ബിജെപി സ്ഥാനാർഥി പദവി നേടിയെടുക്കുമോ ജോർജ് എന്നാണ് ഇനി കണ്ടറിയാനുള്ളത്..
Prev Post
Next Post