അഴിമതിയിൽ മുമ്പേ പറക്കുന്ന വില്ലേജ് ഓഫീസുകൾ…

ജനങ്ങളെ സഹായിക്കാൻ ഓൺലൈൻ കൈക്കൂലിയും ... ഗ്രാമീണരുടെയും നാട്ടിൻപുറത്തുകാരുടെയും സ്വന്തം ഓഫീസാണ് വില്ലേജ് ഓഫീസുകൾ.. '

അഴിമതിയിൽ മുമ്പേ പറക്കുന്ന വില്ലേജ് ഓഫീസുകൾ… ജനങ്ങളെ സഹായിക്കാൻ ഓൺലൈൻ കൈക്കൂലിയും … ഗ്രാമീണരുടെയും നാട്ടിൻപുറത്തുകാരുടെയും സ്വന്തം ഓഫീസാണ് വില്ലേജ് ഓഫീസുകൾ.. ‘അധികാരവികേന്ദ്രീകരണം നടപ്പിലായ ശേഷം സാധാരണ പൗരന്റെ പല കാര്യസാധ്യങ്ങളും വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ എന്നിവ വഴി നടന്നുവരുന്ന രീതിയാണുള്ളത്.. എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ഇപ്പോൾ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ വില്ലേജ് ഓഫീസുകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൈക്കൂലിയും അഴിമതിയും നടക്കുന്നത് എന്നാണ് സ്ഥിരം പറഞ്ഞു കേൾക്കുന്നത്. ഇപ്പോൾ വിജിലൻസ് വിഭാഗം നടത്തിയ വില്ലേജ് ഓഫീസ് മിന്നൽ പരിശോധനകൾക്ക് ശേഷം പുറത്തുവന്ന റിപ്പോർട്ട് ഈ ഓഫീസുകളിലെ അഴിമതിയും കൈക്കൂലിയും കൃത്യമായി വെളിപ്പെടുത്തുന്നതാണ്.

വില്ലേജ് ഓഫീസുകൾ ഗ്രാമീണരുടെ സഹായകേന്ദ്രമാണ്. ‘ സ്വ

ന്തം നാട്ടിലെ ആൾക്കാരെ സഹായിക്കലാണ് വില്ലേജ് ഓഫീസിലെ പ്രവർത്തനം.’ ഒരു വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് തുടങ്ങി ഔദ്യോഗിക രേഖകൾ ആവശ്യപ്പെട്ട് ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കുക പതിവാണ്. ഇങ്ങനെ അപേക്ഷ സമർപ്പിച്ചാൽ ഒരു ദിവസം കൊണ്ട് തന്നെ അതിൻറെ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ ഏതൊരു ഓഫീസിലും ഒരു പത്ത് തവണയെങ്കിലും അപേക്ഷകനെ നടത്തിച്ചില്ലെങ്കിൽ വില്ലേജ് ഓഫീസർമാർക്കും മറ്റു ജീവനക്കാർക്കും ഒരു സുഖം കിട്ടില്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല…. നാട്ടുകാരെ ഈ നടത്തിക്കുന്നതിൽ അവർ കാണുന്ന നല്ല ഉദ്ദേശം രസ

കരമാണ്. നാട്ടുകാരെ സേവിക്കാനിരിക്കുന്ന ഓഫീസിലെ ആൾക്കാർക്ക് നാട്ടുകാരെ ഇടയ്ക്കിടയ്ക്ക് കാണുകയും അവരുടെ സ്വന്തവും കുടുംബവും അടങ്ങുന്ന വീട്ടുകാര്യങ്ങൾ അന്വേഷിക്കുകയും അല്പം പരദൂഷണം പറയുകയും ഒക്കെ ചെയ്യാൻ കഴിയണമെങ്കിൽ അപേക്ഷയുമായി എത്തുന്ന നാട്ടുകാരനെ അഞ്ചോ ആറോ തവണ നടത്തിച്ചാൽ മാത്രമേ പറ്റൂ…. നാട്ടുകാരായതുകൊണ്ട് ഇങ്ങനെ പലതവണ ഓഫീസിലെത്തി ഓഫീസറുടെ വെളുക്കെയുള്ള ചിരിയും കണ്ടു, ഇത്തിരി നാട്ടുവർത്താനമൊക്കെ പറഞ്ഞു ഒടുവിൽ നടന്നു നടന്ന് തളർന്ന കാര്യം ഓഫീസറോട് പറയാതെ സ്നേഹത്തോടുകൂടി ഇത്തിരി തുക ആരും കാണാതെ ചുരുട്ടിക്കൂട്ടി ഓഫീസറുടെ മേശവിരിപ്പിനടിയിലോ അല്ലെങ്കിൽ

 മറ്റെവിടെയെങ്കിലും തിരുകി കൊടുത്തു ഉദ്ദേശിച്ച സർട്ടിഫിക്കറ്റും വാങ്ങി പരസ്പരം കെട്ടിപ്പിടിച്ചു ചിരിച്ച് പുറത്തിറങ്ങിയാൽ അതെങ്ങനെയാണ് കൈക്കൂലിയാകുന്നത് എന്ന ഒരു ചോദ്യം ഒരിക്കൽ ഇത്തരം ഓഫീസര്‍മാരുടെ യൂണിയൻ നേതാവ് ചോദിക്കുകയുണ്ടായി… ഒരു കണക്കിന് പരിശോധിച്ചാൽ യൂണിയൻ നേതാവ് പറഞ്ഞതിലും കാര്യമുണ്ട്. കാര്യസാധ്യം നടക്കുമ്പോൾ എന്തെങ്കിലും ഒരു സമ്മാനം കൊടുത്താലേ ഒരു തൃപ്തിയാകൂ എന്ന സ്വഭാവം മലയാളിക്കുള്ളതാണല്ലോ….ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ സേവനം ലഭിക്കുന്നതിന് വേണ്ടി സർക്കാരിൻറെ മിക്കവാറും എല്ലാ ഓഫീസുകളിലും ആധുനികവൽക്കരണവും കമ്പ്യൂട്ടർവൽക്കരണവും നടത്തി കഴിഞ്ഞിട്ടുണ്ട്… ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും ഓൺലൈനായി തന്നെ കാര്യങ്ങൾ നടത്തിയെടുക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണിത് … ഇ – ഡിസ്ട്രിക്ട് സംവിധാനം എന്നാണ് ഇതിനെപ്പറ്റി പറയുന്നത്.. എന്നാൽ പരിശോധനയിൽ ഇത് പലയിടത്തും പ്രവർത്തിക്കുന്നില്ല… പല ഓഫീസുകളിലും കിട്ടിയ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി…വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും അപേക്ഷ തുറന്നു നോക്കാത്ത രീതിയുമുണ്ട്.. തിരുവനന്തപുരം ജില്ലയിൽ തന്നെ 437 അപേക്ഷകളും, കോട്ടയത്ത് 365 അപേക്ഷകളും, എറണാകുളത്ത് 270 അപേക്ഷകളും, പാലക്കാട് 221 അപേക്ഷകളും, നടപടികളാതെ കെട്ടിക്കിടക്കുന്നതായി വിജിലൻസ് വിഭാഗം കണ്ടെത്തി…. ലഭിച്ച അപേക്ഷകളിൽ തല പരിശോധന വേണ്ടതിനാൽ ആലപ്പുഴയിൽ 797 അപേക്ഷകളും പാലക്കാട് 500 അപേക്ഷകളും കോട്ടയത്ത് 416 അപേക്ഷകളും ഈ കാരണം പറഞ്ഞു തന്നെ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുകയാണ്…. ഇതൊക്കെ നടക്കുമ്പോഴും ചില വില്ലേജ് ഓഫീസുകളിൽ അപേക്ഷ ലഭിച്ച ക്രമപ്രകാരമല്ലാതെ വഴിവിട്ട ചിലർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്… ആലപ്പുഴ ജില്ലയിൽ ഭൂമി തരം മാറ്റുന്നതിനായി ലഭിച്ച അപേക്ഷകളിൽ 1048 എണ്ണത്തിൽ 703 അപേക്ഷകളിൽ ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തി… ഇത്തരത്തിൽ ലഭിച്ച അപേക്ഷകൾ വില്ലേജ് ഓഫീസുകളിലെ രജിസ്റ്ററുകളിൽ രേഖപ്പെടുത്തണമെന്നുള്ള ചട്ടം പോലും പല ഓഫീസുകളിലും നടക്കുന്നില്ല…എറണാകുളം ജില്ലയിലെ തിരുവാണിയൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് കോട്ടയത്തെ പെരുമ്പായിക്കോട് വില്ലേജ് ഓഫീസിൽ വില്ലേജ് അസിസ്റ്റൻറ് യാതൊരു മറുപടിയും നൽകാതെ അപേക്ഷകൾ തടഞ്ഞു വെച്ചതായും പിന്നീട് അപേക്ഷകരിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി അപേക്ഷകന് രേഖകൾ കൈമാറിയതായും വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്….വിവിധ ജില്ലകളിൽ നിന്ന് താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും പ്രവർത്തനങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിനു കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയത്….പിണറായി വിജയൻ മുഖ്യമന്ത്രിയായ സർക്കാർ എന്നല്ല സാക്ഷാൽ ദേവേന്ദ്രൻ മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തിൽ വന്നാലും ഉദ്യോഗസ്ഥന്മാരുടെ കൈക്കൂലി വാങ്ങലും അഴിമതിയും ഇതുപോലെ തന്നെ തുടരും എന്ന് തെളിയിക്കുന്നതാണ് വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ നിന്നും പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്…. ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ള കൈക്കൂലി വാങ്ങാനുള്ള ഗൂഗിൾ പേ സംവിധാനം തന്നെ ഒന്ന് ആലോചിച്ചു നോക്കുക….. പുതിയതായി വരുന്ന സാങ്കേതിക സൗകര്യങ്ങൾ ജനസേവനത്തിന് ഉപയോഗിക്കുന്നതിന് പകരം എങ്ങനെയാണ് തട്ടിപ്പ് നടത്താൻ ഉപയോഗപ്പെടുത്താൻ കഴിയുക എന്നു ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥർ എന്നുകൂടി വ്യക്തമാക്കുന്നതാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട്… കേരളത്തിൽ സർക്കാർ സർവീസിലുള്ള എല്ലാ വിഭാഗങ്ങൾക്കും അവരുടേതായ യൂണിയനുകളുണ്ട്. ഏതെങ്കിലും ഒരു പാർട്ടിയുടെയല്ല മിക്കവാറും വലിയ എല്ലാ പാർട്ടിയുടെയും യൂണിയനുകൾ സർക്കാർ ജീവനക്കാർക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്…. എത്ര വലിയ കുറ്റം ചെയ്താലും കുറ്റവാളിയെ സംരക്ഷിക്കാൻ യൂണിയൻ നേതാക്കൾ രംഗത്ത് വരും. ഈ കാര്യത്തിൽ ഭരണകക്ഷി എന്നോ പ്രതിപക്ഷ കക്ഷി എന്നോ വ്യത്യാസമുണ്ടാവുന്നില്ല എന്നതാണ് അത്ഭുതകരമായ മറ്റൊരു വസ്തുത… ജനങ്ങളെ ദ്രോഹിക്കുന്ന കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ ആ ഉദ്യോഗസ്ഥനെ തെളിവുകളോടെ പിടികൂടിയാൽ പോലും ശിക്ഷയൊന്നും കിട്ടാതെ രക്ഷപ്പെടുന്ന കാഴ്ചയാണ് കാണാറുള്ളത്… അഥവാ വലിയ പ്രശ്നമായ കുറ്റകൃത്യങ്ങൾ കണ്ടെത്തി ശിക്ഷിച്ചാൽ പോലും വെറും ആറുമാസത്തെ സസ്പെൻഷൻ ആയിരിക്കും…. അത് കഴിഞ്ഞാൽ സസ്പെൻഷൻ കാലത്തെ ശമ്പളത്തോട് കൂടി വലിയ ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ വാങ്ങി ആ ഉദ്യോഗസ്ഥൻ തിരികെ വരുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്…. സഹിക്കാൻ ജനവും സുഖിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും എന്ന ഈ വ്യവസ്ഥിതി എന്നാണ് ഒന്ന് മാറി കിട്ടുക എന്ന് തല പുകഞ്ഞാലോചിക്കുകയാണ് പാവപ്പെട്ട സാധാരണക്കാരൻ..