മരണത്തിലും മുതലെടുപ്പ് രാഷ്ട്രീയം…

മദമിളകുന്നത് കാട്ടുമൃഗങ്ങൾക്കോ - അതോ രാഷ്ട്രീയ നേതാക്കൾക്കോ...

മരണത്തിലും മുതലെടുപ്പ് രാഷ്ട്രീയം… മദമിളകുന്നത് കാട്ടുമൃഗങ്ങൾക്കോ – അതോ രാഷ്ട്രീയ നേതാക്കൾക്കോ…
കേരളത്തിലെ മലയോര മേഖലകളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു…. ഇന്നലെയും കാട്ടാനയുടെ ആക്രമണത്തിനിരയായി ഒരു സ്ത്രീ കൊല്ലപ്പെട്ടു… കോതമംഗലത്തിനടുത്ത് ഇടുക്കിയിലെ നേര്യമംഗലം വനമേഖലയിലാണ് കാടുവിട്ടിറങ്ങിവന്ന കാട്ടാനയുടെ ചവിട്ടേറ്റ് ഇന്ദിര എന്ന സ്ത്രീ കൊല്ലപ്പെട്ടത്…..ആഴ്ച തോറും മലയോര ജില്ലകളിൽ ഒന്നും രണ്ടും ആളുകൾ വീതം വന്യമൃഗ ആക്രമണത്തിൽ മരണപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്… എവിടെയെങ്കിലും ആക്രമണത്തിൽ ഒരാൾ മരണമടയുമ്പോൾ അതിൽ ഖേദം പ്രകടിപ്പിക്കാനും എന്തെങ്കിലും തുക സഹായമായി പ്രഖ്യാപിക്കാനും വനം വകുപ്പ് മന്ത്രിയും,, വനം വകുപ്പ് മേധാവികളും രംഗത്ത് വരുന്ന രീതിയാണ് തുടരുന്നത്…. കുടുംബത്തിൻറെ താങ്ങും തണലുമായി നിൽക്കുന്ന ഒരാൾ മരണപ്പെട്ടാൽ ആ കുടുംബം അനാഥമാവുന്ന സ്ഥിതി വരും…. ആ കുടുംബത്തിൻറെ അനാഥാവസ്ഥയ്ക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ശാശ്വത പരിഹാരമല്ല എന്നത് ആർക്കാണ് അറിയാത്തത്…. ‘കാലാവസ്ഥാ മാറ്റങ്ങൾക്കനുസൃതമായാണ് കാട്ടുമൃഗങ്ങളുടെ നാട്ടിലേക്കുള്ള ഇറങ്ങി വരവ് കൂടുന്നതും മനുഷ്യരെ ആക്രമണത്തിനിരയാക്കുന്നതും …’ഇതിന് എന്തുകൊണ്ട് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാരിനു കഴിയുന്നില്ല എന്നത് ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്…. ഒരു കാര്യം കൂടി ഇവിടെ പറയേണ്ടതുണ്ട്…. കേരളത്തിൽ മാത്രമല്ല വനവും കാട്ടുമൃഗങ്ങളുള്ളത്… നമ്മുടെ അയൽ സംസ്ഥാനങ്ങളിലും വനമേഖലയും വന്യജീവികളും എല്ലാമുണ്ട്.. അവിടെയൊന്നും ഇതേപോലെ കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങിവന്ന് ആൾക്കാരെ കൊല്ലുന്ന വാർത്തകൾ ഉണ്ടാവുന്നതായി കാണുന്നില്ല… അപ്പോൾ പ്രശ്നം നമ്മുടെ ഭരണസംവിധാനത്തിന് ഇത്തരം പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല എന്നത് തന്നെയാണ്…. നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ഇന്ദിരയുടെ കുടുംബത്തിൻറെ ദുഃഖം ആർക്കും പരിഹരിക്കാവുന്ന ഒന്നല്ല…. എന്നാൽ ഈ മരണമുണ്ടായ ശേഷം കോതമംഗലത്ത് രാഷ്ട്രീയക്കാർ നടത്തിയ ചില അഭ്യാസങ്ങൾ ഒരുതരത്തിലും നീതീകരിക്കാവുന്ന ഒന്നല്ല.. ഒരു മൃതശരീരത്തോട് കാണിക്കേണ്ട ബഹുമാനവും ആദരവു പോലും മാറ്റിവെച്ചുകൊണ്ട് എന്തോ ഒരു ബംബർ ലോട്ടറി അടിച്ചു എന്ന മാനസികാവസ്ഥയിൽ ആ മൃതശരീരം പൊതുനിരത്തിലൂടെ പ്രദർശിപ്പിച്ച് സമരാവേശം കാട്ടി പോലീസിനെ വരെ ആക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്. കാട്ടാന ആക്രമണത്തിൽ ഇന്ദിര എന്ന സ്ത്രീ കൊല്ലപ്പെട്ടു എന്ന വിവരം പുറംലോകം അറിഞ്ഞ പാടെ യുഡിഎഫിന്റെ നേതാക്കളും പ്രവർത്തകരും അങ്ങോട്ട് ഒഴുകിയെത്തി…. ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതശരീരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക എന്നത് നിയമ വ്യവസ്ഥയുടെ ഭാഗമാണ്… ‘ അതിനുള്ള നടപടികൾ പോലീസും ആശുപത്രി അധികൃതരും നടത്തിക്കൊണ്ടിരിക്കുമ്പോൾ പ്രതിപക്ഷത്തെ മുഖ്യ പാർട്ടിയായ കോൺഗ്രസിന്റെ എംഎൽഎ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെ മോർച്ചറിക്കകത്ത് അനധികൃതമായി കടന്നു മൃതശരീരം ബലമായി എടുത്ത് ആ മൃതശരീരവുമായി പ്രധാന തെരുവിലൂടെ യാത്ര നടത്തുന്ന സംഭവമാണുണ്ടായത്…. എന്ത് ന്യായീകരണം നടത്തിയാലും നിയമം കയ്യിലെടുക്കാൻ ഒരു രാഷ്ട്രീയ നേതാവിനും അധികാരമില്ല എന്ന സാധാരണ തത്വം പോലും മറന്നു കൊണ്ടുള്ള രാഷ്ട്രീയ കളികളാണ് അവിടെ അരങ്ങേറിയത്….. നിയമം പരമാവധി നിലനിർത്തി പോകാൻ ഉത്തരവാദിത്തപ്പെട്ട പോലീസുകാർ ഒടുവിൽ സഹികെട്ട് സമരക്കാരുടെ അടുക്കലെത്തി മൃതശരീരമടങ്ങിയ പേടകം അവരിൽ നിന്നും വാങ്ങി പോസ്റ്റ്മോർട്ട നടപടികൾ നടത്തേണ്ട സ്ഥിതി വന്നുചേരുന്നത് ഗൗരവമുള്ള കാര്യമാണ്…വന്യ മൃഗങ്ങളുടെ ആക്രമണം തുടരുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്ന സംഭവമല്ല.. എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആ പ്രശ്നപരിഹാരത്തിന് രാഷ്ട്രീയം മാറ്റിവെച്ചു കൊണ്ടുള്ള ഇടപെടലുകൾ നടത്തുന്നതിന് പകരം എന്തിലും ഭരണപക്ഷം പ്രതിപക്ഷം എന്ന തരത്തിൽ രണ്ടു പക്ഷത്തു നിന്നുകൊണ്ട് മുതലെടുപ്പ് രാഷ്ട്രീയം മാത്രം കളിക്കാൻ ഒരുങ്ങുന്നത് പ്രബുദ്ധതരായ ജനങ്ങൾക്ക് ചേർന്നതല്ല എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്….ഇടുക്കി ജില്ലയിലെ നേര്യമംഗലത്ത് ഇപ്പോൾ മാത്രമല്ല സ്ഥിരമായി കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടാകുന്നു എന്നത് അവിടെയുള്ളവരുടെ ഒരുപാടു നാളുകളായുള്ള പരാതിയാണ്… ‘ മനുഷ്യനെ ആക്രമിക്കുക മാത്രമല്ല കർഷകരുടെ വിളകളെല്ലാം നശിപ്പിക്കുന്ന സ്ഥിരമായ കാഴ്ചയും അവിടെ ഉണ്ടാവുന്നുണ്ട്… ഇപ്പോൾ ആക്രമണം നടത്തുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ അവിടേക്ക് കടന്നുവന്ന കൊമ്പനാന ആഴ്ചകളായി നേര്യമംഗലത്ത് ചുറ്റിക്കറങ്ങുന്നതായി നാട്ടുകാർ വനം വകുപ്പിന് പരാതി നൽകിയിരുന്നതാണ്….. പരാതി പരിഹരിക്കുന്നതിനായി നടത്തേണ്ട പ്രവർത്തനങ്ങൾ ആലോചിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് മൂന്നാറിൽ ബന്ധപ്പെട്ടവരുടെ യോഗവും നടന്നിരുന്നു…. ആ യോഗത്തിലുണ്ടായ നിർദ്ദേശപ്രകാരം നടപടികൾ എടുക്കുന്നതിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കാട്ടാന നാട്ടിലേക്ക് ഇറങ്ങി ആക്രമണം നടത്തി ഒരാളെ കൊല്ലപ്പെടുത്തിയത്…. ഏതായാലും ഇന്ദിര എന്ന സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നത് അതിഭീകരമായ സംഭവമാണ്… അതിന്മേൽ ഇനി വിശദീകരണവും ന്യായീകരണവും നടത്തുന്നതിൽ കാര്യമില്ല… .. സർക്കാരായാലും വനം വകുപ്പ് ഉദ്യോഗസ്ഥരായാലും രാഷ്ട്രീയ നേതൃത്വത്തിൽ ഇനിയൊരു കർഷകന്റെയും ജീവൻ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിലൂടെ നഷ്ടമാകുന്നതിന് ഇടവരുത്താത്ത സ്ഥിതിയിലേക്ക് നാടിനെ മാറ്റിയെടുക്കാൻ കഴിയണം… അതിനുള്ള സമയബന്ധിതമായ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ തുടങ്ങുകയും വേണം… നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാന കാണിച്ച മൃഗീയവും ക്രൂരവുമായ പ്രവർത്തനങ്ങളെക്കാൾ മനുഷ്യത്വരഹിതവും മാന്യതയില്ലാത്തതുമായ ഒരു പ്രവർത്തന രീതിയാണ് ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ കോതമംഗലത്ത് രാഷ്ട്രീയ നേതാക്കൾ നടത്തിയത് എന്നത് സങ്കടകരമാണ്… .മൃതശരീരത്തോടുപോലും ആദരവ് കാണിക്കാതെ മരണപ്പെട്ട ആളിന്റെ ജീവനില്ലാത്ത ശരീരം തെരുവിലൂടെ വലിച്ചിഴച്ച് അത് നാട്ടുകാരെ കാണിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത് ആരു തന്നെയായാലും ശരിയായ കാര്യമല്ല…. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതശരീരം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റി പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാക്കളടക്കം ധൃതി കാണിച്ചതിന് പിന്നിലെ രഹസ്യം പാർലമെൻറ് തിരഞ്ഞെടുപ്പിലെ മുതലെടുപ്പ് തന്നെയാണ് എന്ന് പറഞ്ഞാൽ അതും തള്ളിക്കളയാൻ കഴിയില്ല…. നിയമം നിയമമായി തന്നെ നിലനിൽക്കണം… നിയമം കയ്യിലെടുക്കാൻ എംഎൽഎ പദവിയുള്ളവർക്കോ പാർട്ടി നേതൃത്വത്തിലുള്ളവർക്കോ ഒരവകാശവുമില്ല. എവിടെയെങ്കിലും ഇതിന് വിരുദ്ധമായി നിയമം കയ്യിലെടുക്കുന്ന അനുഭവമുണ്ടായാൽ അവർക്കെതിരെ നിയമനടപടിയെടുത്ത് നിയമത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം എന്നോർമ്മിപ്പിക്കുന്നു….