എന്തിനാണ് എംപിയും മന്ത്രിയും ഒക്കെ ആകുന്നത്… ചുമ്മാ ഒരു പി എസ് സി മെമ്പറായാൽ പോരേ…. ജീവിതം സുരക്ഷിതവും സുഖകരവും ആകാൻ വേറെ ഒരു പണിക്കും പോകണ്ട… അത്രകണ്ട് വലിയ ശമ്പളവും പെൻഷനും ആണ് കേരളത്തിലെ പി എസ് സി അംഗങ്ങൾക്ക് ഉള്ളത്…. ഇപ്പോൾ നിലവിലെ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വീണ്ടും ഇരട്ടിയോളം ആക്കി വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന ധനകാര്യ വകുപ്പ് കൈക്കൊണ്ടതായിട്ടാണ് അറിയുന്നത്
പി എസ് സി ഒരു ഭരണഘടന സ്ഥാപനമാണ്… അതുകൊണ്ടുതന്നെ ഇത് നിലനിർത്തി പോകേണ്ട ബാധ്യത സർക്കാരിന് ഉണ്ട്…. എന്നാൽ അതിൻറെ പേരിൽ അനാവശ്യ ശമ്പള വർധനയും മറ്റും നടപ്പിലാക്കുന്നത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്…. മാത്രവുമല്ല കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഈ ശമ്പള വർദ്ധനയ്ക്ക് ഒരുങ്ങുന്നത് തികഞ്ഞ അനീതിയാണ്
കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഒഴിവു വരുന്ന സ്ഥാനങ്ങളിലേക്ക് പുതിയ ജോലിക്കാരെ കണ്ടെത്തി നിയമനം നടത്തുന്ന പ്രവർത്തനമാണ് പി എസ് സി നടത്തിക്കൊണ്ടിരിക്കുന്നത്…. വർഷത്തിൽ കൂടി വന്നാൽ പതിനായിരത്തോളം പുതിയ നിയമനങ്ങൾ ആണ് പി എസ് സി വഴി നടത്തുക…. അർഹരായ ആൾക്കാരെ അപേക്ഷ വഴി ക്ഷണിച്ചുകൊണ്ട് ടെസ്റ്റും ഇൻറർവ്യൂവും നടത്തിയാണ് ഈ പറഞ്ഞ നിയമനങ്ങൾ നടത്തുക…. ഇത്ര കുറഞ്ഞ നിയമനം നടത്തുന്നതിന് കോടികളുടെ ഭാരം താങ്ങി പബ്ലിക് സർവീസ് കമ്മീഷൻ പ്രവർത്തിക്കണമോ എന്ന ചോദ്യമാണ് പൊതുജനം ചോദിക്കുന്നത്…. കാരണം ഈ ഭീമമായ ആനുകൂല്യങ്ങൾ പി എസ് സി ചെയർമാനും അംഗങ്ങൾക്കും നൽകേണ്ടി വരുമ്പോൾ ആ തുകയും പൊതുജനത്തിന്റെ ചുമലിലാണ് വരുന്നത് എന്ന കാര്യം ആരും മറക്കരുത്
നിലവിൽ പി എസ് സി ചെയർമാന്റെ ശമ്പളം രണ്ടേകാൽ ലക്ഷം രൂപയാണ്….. ഇത് നാലു ലക്ഷമാക്കി വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശയാണ് ധനകാര്യ വകുപ്പിന് മുൻപിൽ ഉള്ളത്…. അതുപോലെതന്നെ പി എസ് സി അംഗങ്ങളുടെ ഇപ്പോഴത്തെ ശമ്പളംരണ്ടുലക്ഷത്തി പത്തൊമ്പതിനായിരം രൂപയാണ്… ഇത് മൂന്നുലക്ഷത്തി എഴുപത്തിഅയ്യായിരം ആക്കി ഉയർത്താനാണ് പുതിയ നിർദ്ദേശം…. ഇതിനേക്കാൾ സങ്കടകരമായ മറ്റൊരു കാര്യം…. ആറു വർഷമാണ് പി എസ് സി അംഗത്തിന്റെയും ചെയർമാന്റെയും കാലാവധി…. ഈ കാലാവധി കഴിഞ്ഞാൽ ആയുഷ്കാലം മുഴുവൻ ഇവർക്ക് വലിയ തുക പെൻഷൻ ആയി നൽകുന്നു എന്നതാണ് ന്യായീകരിക്കാൻ കഴിയാത്ത കാര്യം…. ഇപ്പോൾ 1.20 ലക്ഷം രൂപയാണ് ഒരു അംഗത്തിന്റെ കാലാവധി കഴിഞ്ഞ ശേഷം ഉള്ള പെൻഷൻ തുക…. ഇത് 2.25 ആക്കി വർദ്ധിപ്പിക്കാൻ ആണ് ആലോചന… പി എസ് സി ചെയർമാന്റെ ഇപ്പോഴത്തെ പെൻഷൻ 1.25 മാണ്… ഇത് 2.25 വ്യക്തമാക്കി ഉയർത്തുന്നതിനും ശുപാർശ ഉണ്ട്…. വർഷംതോറും ഏതാണ്ട് നാല് കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ ശമ്പള വർദ്ധനവ്
കേരള പി എസ് സി യിൽ ആകെ 21 അംഗങ്ങളാണ് ഉണ്ടാവുക…. ഇതിൽ നാലു സീറ്റ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്…. 17 അംഗങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്…. ഇതിൽ തന്നെ 11 അംഗങ്ങൾ സർക്കാർ സർവീസിൽ നിന്നും നിയമിക്കപ്പെട്ടിട്ടുള്ള ആൾക്കാരാണ്…. ഇത്രയും ഭീമമായ ശമ്പളവും ആനുകൂല്യവും ചെയർമാനും അംഗങ്ങൾക്കും നൽകുമ്പോൾ തന്നെ പി എസ് സി യുടെ തിരുവനന്തപുരത്തുള്ള ആസ്ഥാന മന്ദിരത്തിലും ജില്ലാ ഓഫീസുകളിലും ആയി നൂറുകണക്കിന് ജീവനക്കാർ വേറെയും പ്രവർത്തിച്ചുവരുന്നുണ്ട്…. ഇത്രയും ജീവനക്കാരും ഭരണസമിതിക്കാരും ഉള്ള ഈ സ്ഥാപനം ഓരോ വർഷവും ഒഴിവുകൾ ഉണ്ടെങ്കിൽ പോലും എത്ര ചെറുപ്പക്കാർക്ക് തൊഴിൽ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ് …..സർക്കാരിന്റെ കീഴിലുള്ള പല ഡിപ്പാർട്ട്മെൻറ്കളിലും ഉണ്ടാകുന്ന ഒഴിവുകൾ അപ്പോൾ അപ്പോൾ പി എസ് സിയെ അറിയിക്കണം എന്നാണ് ചട്ടം… ഇത് അറിയിച്ചാൽ പോലും പി എസ് സി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അർഹരായ ആൾക്കാരെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളും മറ്റും പൂർത്തീകരിക്കപ്പെടുമ്പോൾ വർഷങ്ങൾ എടുക്കുന്നു എന്നതാണ് യാഥാർത്ഥ്യം…. എങ്കിൽ പിന്നെ ചെറുപ്പക്കാർക്ക് തൊഴിൽ കണ്ടെത്തി കൊടുക്കാൻ ഇത്തരത്തിൽ ഒരു വലിയ സംവിധാനം പ്രവർത്തിക്കേണ്ടതുണ്ടോ എന്ന സർക്കാർ തന്നെ ആലോചിക്കേണ്ടതാണ്
ഭരണഘടന സ്ഥാപനം എന്ന നിലയിൽ സംസ്ഥാന പി എസ് സി പോലെ തന്നെ കേന്ദ്ര സർക്കാരിനു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രവർത്തിക്കുന്നുണ്ട്…. ഇവിടെ അംഗങ്ങളായി ആകെയുള്ളത് 9 പേരാണ്…. ഈ ഒമ്പത് ഭരണസമിതിക്കാർ ചേർന്നിരുന്ന് കേരള പി എസ് സി നടത്തുന്നതിനേക്കാൾ വലിയതോതിൽ നിയമന ശുപാർശകളും മറ്റും നടത്തിക്കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്…. മാത്രവുമല്ല കേരള പി എസ് സി യേക്കാൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആയിട്ടാണ് യു പി എസ് സി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യവും വാസ്തവമാണ്
കേരള പി എസ് സി യിലെ ചെയർമാനും അംഗങ്ങൾക്കും ശമ്പളം ഇരട്ടിയാക്കുന്ന തീരുമാനത്തിലേക്ക് സർക്കാർ പോകുന്നതിന് പറയുന്ന ന്യായം കേന്ദ്രസർക്കാരിൻറെ ശമ്പള തോതുമായി ഒപ്പിച്ചു പോകുവാൻ വേണ്ടിയാണ് എന്നാണ്…. പക്ഷേ ഇവിടെ ഈ ന്യായീകരണം പറയുന്നവർ മറ്റൊരു വസ്തുത മറച്ചുവെക്കുന്നുണ്ട്…. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ ആകെ ഉള്ളത് 9 അംഗങ്ങൾ ആണ്…. കേരളത്തിൽ ഇത് 21 ആണ് എന്ന കാര്യം മറക്കരുത്…. കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷനിൽ 9 പേർക്ക് ശമ്പളവും ആനുകൂല്യവും നൽകുമ്പോൾ അതിന് തുല്യമായ രീതിയിൽ ശമ്പളം ക്രമീകരിച്ചാൽ കേരളത്തിൽ അത് 21 പേർക്ക് കൊടുക്കേണ്ടതായി വരും…. അതുകൊണ്ടുതന്നെയാണ് ഈ ഏർപ്പാട് ഇപ്പോൾതന്നെ ദരിദ്ര അവസ്ഥയിൽ പോകുന്ന സംസ്ഥാന സർക്കാരിന് കടുത്ത ഭീഷണിയായി മാറും എന്ന് പറയാൻ കാരണം
ഭരണമാറ്റം ഉണ്ടാകുന്ന അവസരങ്ങളിൽ എല്ലാം രാഷ്ട്രീയപാർട്ടികൾ അവരുടെ സ്വന്തക്കാരെ തിരികി കയറ്റുവാൻ കണ്ടെത്തുന്ന സ്ഥലം കൂടിയാണ് പബ്ലിക് സർവീസ് കമ്മീഷൻ… ഈ സ്ഥാപനത്തിലെ അംഗത്വം നേടിയെടുക്കാൻ സാധാരണ രാഷ്ട്രീയപാർട്ടികൾ വലിയ വടംവലി നടത്താറുണ്ട്…. കേരളത്തിൽ മുന്നണി ഭരണം ആയതിനാൽ മുഖ്യ കക്ഷിക്ക് കൂടുതൽ അംഗങ്ങളും ഘടക കക്ഷികൾക്ക് എല്ലാം ഒന്നും രണ്ടും അംഗങ്ങളും എന്ന ക്രമത്തിലാണ് ലഭിക്കുക…. ഇത്തരത്തിൽ എൽഡിഎഫിലെ ചെറിയ ഘടകകക്ഷികൾക്ക് ഒരു പി എസ് സി അംഗത്വം ആണ് കിട്ടുന്നതെങ്കിൽ അത് വില്പന നടത്തുന്ന ഏർപ്പാട് വരെ നടക്കുന്നുണ്ട്…. പി എസ് സി അംഗമാകുന്നതിന് ഒരു കോടിയും അതിൽ അധികവും കമ്മീഷൻ ആയോ സംഭാവനയായി പാർട്ടി നേതാക്കൾക്ക് കൊടുക്കാൻ തയ്യാറുള്ള ആൾക്കാർ ഈ നാട്ടിൽ ഉണ്ട്…. കാരണം ഒരു ടേം പി എസ് സി അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞാൽ ലക്ഷക്കണക്കിന് രൂപ മാസംതോറും മരിക്കും വരെ പെൻഷനായി കിട്ടുകയും കോടികൾ പിരിയുന്നതിനകം ശമ്പളമായി കിട്ടുകയും ചെയ്യും….. അതുകൊണ്ടാണ് മന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയില്ലെങ്കിലും ഒരു പി എസ് സി അംഗമായാൽ ജീവിതം സുരക്ഷിതമായി എന്ന് കരുതിക്കൊണ്ട് ചില പ്രമാണിമാർ ഈ അംഗത്തെ കൈക്കലാക്കാൻ പണപ്പെട്ടിയുമായി ഇറങ്ങുന്നത്