തൃശ്ശൂരിൽ വിജയിച്ചത് മുരളീധരന്റെ സഹോദരി പത്മജ…

ടി.എൻ പ്രതാപനും ചില കോൺഗ്രസ് നേതാക്കളും മുരളിക്ക് പാരപണിതു....

തൃശ്ശൂരിൽ വിജയിച്ചത് ബിജെപിയുടെ സ്ഥാനാർത്ഥിയും ചലച്ചിത്രതാരവും ആയ സുരേഷ് ഗോപി ആണെങ്കിലും യഥാർത്ഥ വിജയവും അതിൻറെ സന്തോഷവും ചെന്നെത്തിയത് കരുണാകരന്റെ മകൾ പത്മജയിൽ ആണ്…. കോൺഗ്രസ് വിട്ട് ബിജെപിയിൽ പത്മജ ചേർന്നപ്പോൾ എല്ലാം മറന്നു കൊണ്ട് സഹോദരനായ കെ മുരളീധരൻ പത്മജയ്ക്കെതിരെ ക്രൂരമായ ഭാഷയിൽ വിമർശനം നടത്തിയിരുന്നു… എന്നാൽ ഒരു സഹോദരിയുടെ പക്വമായ മാനസികാവസ്ഥയിൽ നിന്നുകൊണ്ട് ചേട്ടനോട് മറുപടി പറയാൻ ഞാനില്ല എന്ന് നിലപാടാണ് പത്മജ സ്വീകരിച്ചത്…. ഇപ്പോൾ ലോകസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ തൃശൂർ മണ്ഡലത്തിൽ വില്ലാളിവീരനായ സാക്ഷാൽ കെ മുരളീധരൻ തോറ്റു എന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നത് ആ രാഷ്ട്രീയ നേതാവിനെ

ഏറ്റവും വലിയ ഗതികെട്ട അവസ്ഥയാണ് പ്രകടമാക്കുന്നത്

വടകര മണ്ഡലത്തിലെ എംപി ആയിരുന്ന മുരളീധരനെ അവസാന നിമിഷം അവിടെ നിന്ന് മാറ്റി തൃശ്ശൂരിൽ മത്സരിപ്പിക്കാനുള്ള കരുക്കൾ നീക്കിയത് പ്രതിപക്ഷ നേതാവായ സതീശനും മുൻപ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയും ആയിരുന്നു…. ഒരു ഒറ്റയാൾ കണക്കെ കോൺഗ്രസിന്റെ നേതൃനിരയിൽ വേറിട്ട ശബ്ദമായി മുരളീധരൻ തിളങ്ങി നിന്നത് ഈ രണ്ടു നേതാക്കൾക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു… സതീശന്റെയും ചെന്നിത്തലയുടെയും ഗ്രൂപ്പ് ആയ ഐ ഗ്രൂപ്പിൻറെ തലതൊട്ടപ്പൻ ആകാൻ മത്സരിച്ചു കൊണ്ടിരിക്കുന്ന സതീശനും ചെന്നിത്തലയ്ക്കും മുരളീധരൻ എന്നും ഒരു ഭീഷണി ആയിരുന്നു…. അതുകൊണ്ടുതന്നെ മുരളീധരനെ ഒതുക്കുക എന്ന കാര്യത്തിൽ രണ്ടു നേതാക്കളും ഒരുമിച്ചു നിന്നു… അതിൻറെ ഫലമാണ് ഒരിക്കലും മുരളീധരൻ പ്രതീക്ഷിക്കാത്ത ഒരു രാഷ്ട്രീയ പരീക്ഷണത്തിലേക്ക് ചാടിവീഴേണ്ടി വന്നത്

ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു കോൺഗ്രസ് രാഷ്ട്രീയ കഥ കൂടിയുണ്ട്…. തൃശ്ശൂരിൽ എംപി ആയിരുന്നത് ടി എൻ പ്രതാപൻ ആയിരുന്നു… പ്രതാപൻ കുറേക്കാലമായി ഗ്രൂപ്പ് രാഷ്ട്രീയം മാറ്റിവെച്ചുകൊണ്ട് ആദർശ രാഷ്ട്രീയക്കാരുടെ മേലങ്കി അണിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു…. ഗ്രൂപ്പിനെ എതിർത്തുനിന്ന മുൻ കെപിസിസി പ്രസിഡൻറ് വി എം സുധീരൻ്റെ ഒപ്പം നീങ്ങാനാണ് പ്രതാപൻ ശ്രമിച്ചത്… കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ അതിനുമുമ്പ് മത്സരരംഗം വിട്ടു മാറിനിന്നിരുന്ന പ്രതാപനെ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി ശുപാർശ ചെയ്തതും അതിനുവേണ്ടി വാശിപിടിച്ചതും സുധീരൻ ആയിരുന്നു…. ഈ നീക്കത്തോടുകൂടി പ്രതാപൻ സുധീരനൊപ്പം ചേർന്നു നീങ്ങുന്ന പ്രവർത്തന ശൈലിയാണ് പിന്നീട് സ്വീകരിച്ചത്

പ്രതാപന്റെ ഗ്രൂപ്പ് വിട്ടുള്ള രാഷ്ട്രീയ കളികൾ തൃശ്ശൂരിൽ തന്നെ നേതാക്കൾക്കിടയിൽ പ്രതാപനെ ഒറ്റപ്പെടുത്തിയിരുന്നു… പാർട്ടിയിലെ ശക്തമായ രണ്ടു ഗ്രൂപ്പുകളായ എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും തൃശ്ശൂരിലെ നേതാക്കൾ പ്രതാപനയിൽ നിന്നും അകലം പാലിച്ചു നിൽക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു…. മാത്രവുമല്ല പ്രതിപക്ഷ നേതാവ് സതീശന്റെ ചില നീക്കങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കാനും പ്രതാപൻ തയ്യാറായി…. ഒന്നര വർഷം മുൻപ് നടന്ന കോൺഗ്രസ് അഖിലേന്ത്യ തെരഞ്ഞെടുപ്പ് അവസരത്തിൽ സതീശന്റെയും സുധാകരന്റെയും ചെന്നിത്തലയുടെയും എല്ലാം നിലപാടുകൾക്ക് വിരുദ്ധമായ ചില നീക്കങ്ങളാണ് പ്രതാപൻ നടത്തിയത്… ആ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചപ്പോൾ പ്രതാപൻ പിന്തുണയ്ക്കാൻ എത്തിയതും മറ്റു നേതാക്കൾക്ക് വെറുപ്പ് ഉണ്ടാക്കി

തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയ അവസരത്തിൽ നിലവിൽ എംപി ആയിരുന്ന പ്രതാപനെ എങ്ങനെയും ഒതുക്കുക എന്ന രഹസ്യ ധാരണ പ്രകാരം നേതാക്കൾ കളിച്ചപ്പോൾ ആണ് തൃശ്ശൂരിൽ പ്രതാപന് കോൺഗ്രസിന്റെ സീറ്റ് ഇല്ലാതായത്…. രണ്ടുമൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ പ്രതാപൻ എന്ന നേതാവിന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നല്ല സ്വാധീനം ഉണ്ട്… അതുകൊണ്ടുതന്നെ തന്നെ വെട്ടിവീഴ്ത്തി പകരമായി കൊണ്ടുവന്ന മുരളീധരനെ വെട്ടി വീഴ്ത്താൻ എല്ലാ തന്ത്രങ്ങളും പയറ്റാൻ പ്രതാപനം കച്ചകെട്ടി ഇറങ്ങി… പ്രതാപനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ മുതിർന്ന ചില നേതാക്കളും മുരളിയുടെ വരവിൽ എതിർപ്പുള്ളവരായിരുന്നു…. മാത്രവുമല്ല വടകരയിൽ ഒരിക്കൽ കൂടി നിന്നാൽ എല്ലാ അളവിലും വിജയസാധ്യതയുള്ളപ്പോൾ അത് ഉപേക്ഷിച്ച് തൃശ്ശൂരിൽ എത്തിയ മുരളിയുടെ തീരുമാനത്തോട് ഈ നേതാക്കൾക്ക് എതിർപ്പും ഉണ്ടായിരുന്നു… പ്രതാപൻ എന്ന നിലവിലെ എംപി വീണ്ടും സ്ഥാനാർത്ഥിയാകും എന്ന ഉറപ്പോടുകൂടി ഫ്ലക്സ് ബോർഡുകളും മതിലെഴുത്തുകളും പൂർത്തീകരിച്ച അവസരത്തിലാണ് പ്രതിപക്ഷ നേതാവ് സതീശന്റെ കളികളുടെ ഭാഗമായി മുരളീധരൻ തൃശ്ശൂരിലേക്ക് കടന്നുവന്നത്… എതിർപ്പ് പരസ്യമാക്കാതെ പ്രതാപൻ മാറിക്കൊടുത്തു…. എങ്കിലും പ്രതാപനും ഒപ്പം നിൽക്കുന്ന പ്രവർത്തകരും കിട്ടുന്ന അവസരത്തിൽ മുരളിക്കെതിരെ പാരപണിയുവാൻ രഹസ്യമായി തീരുമാനിച്ചിരുന്നു എന്നത് പരസ്യമായ കാര്യമായിരുന്നു

എന്തായാലും ഭലം പുറത്തു വന്നപ്പോൾ കെ മുരളീധരൻ എന്ന കോൺഗ്രസിൻറെ ഏറ്റവും മുതിർന്ന ഒരു നേതാവ് മൂന്നാം സ്ഥാനത്തേക്ക് കറിവേപ്പില പോലെ എടുത്തറിയപ്പെട്ടു എന്നതാണ് വാസ്തവം… ഇവിടെ ഒരു കാരണവുമില്ലാതെ പ്രതിപക്ഷ നേതാവും ചില നേതാക്കളും മനപ്പൂർവമായി ഉണ്ടാക്കിവച്ച കുരുത്തക്കേടുകൾ ആണ് മുരളീധരന് വിനയായി മാറിയത്…. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തൃശ്ശൂരിന്റെ സീറ്റിന്റെ കാര്യത്തിൽ വന്ന ഫലം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മുരളീധരന്റെ സഹോദരിയായ പത്മജയെ ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല ….മാത്രവുമല്ല ഒരിക്കൽ കൂടി കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുന്ന പക്ഷം മാന്യമായ ഒരു കസേര പത്മജയ്ക്ക് പ്രതീക്ഷിക്കാം എന്ന ഒരു സാധ്യത കൂടി മുരളീധരന്റെ തോൽവി മുന്നോട്ടുവയ്ക്കുന്നുണ്ട്