അടുത്ത ഷോക്കുമായി വൈദ്യുതി ബോർഡ്.
സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കാൻ തീരുമാനം.മീറ്ററിന്റെ വിലയായി വലിയ തുക ഉപഭോക്താക്കൾ നൽകേണ്ടിവരും
ഏറെക്കാലമായി കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളെ പരമാവധി ശിക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വകുപ്പാണ് കെ എസ് ഇ ബി അഥവാ വൈദ്യുതി ബോർഡ്. അടിക്കടി വൈദ്യുതി നിരക്ക് വർധിപ്പിക്കുക പലതരത്തിലുള്ള ചാർജുകൾ ഈടാക്കുക ഉപഭോക്താക്കൾക്ക് ന്യായമായ ഒരു സേവനവും നൽകാതെ വരിക ഇതൊക്കെ കേരളത്തിലെ വൈദ്യുതി ബോർഡിൻറെ സവിശേഷതകൾ ആണ്. അത്യാവശ്യ വസ്തു എന്ന നിലയ്ക്ക് എല്ലാ ദുരിതങ്ങളും സഹിച്ചുകൊണ്ട് വൈദ്യുതി കണക്ഷൻ എടുത്ത് മുന്നോട്ടു പോവുകയാണ് നിസ്സഹായരായ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന വൈദ്യുതി ഉപഭോക്താക്കൾ. ഇപ്പോൾ ഏറ്റവും ഒടുവിലായി വൈദ്യുതി ബോർഡ് എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്നതിനുള്ള തീരുമാനം എടുത്തിരിക്കുകയാണ്. നിലവിലുള്ള മീറ്ററുകൾ മാറ്റി പകരമായി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനമാണ് വൈദ്യുതി ബോർഡ് എടുത്തിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ മുഴുവൻ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ ഘടിപ്പിക്കാനും തീരുമാനമുണ്ട്. ഉപഭോക്താക്കൾക്ക് ഏതാണ്ട് വലിയ ഒരു കാര്യം ചെയ്തു കൊടുക്കുന്ന തരത്തിലാണ് സ്മാർട്ട് മീറ്ററിന്റെ കാര്യത്തിൽ വൈദ്യുതി ബോർഡ് അഭിപ്രായം പറഞ്ഞിട്ടുള്ളത്. നിലവിലുള്ള മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ ഘടിപ്പിക്കുന്നത് വൈദ്യുതി ബോർഡിൻ്റെ ജീവനക്കാർ തന്നെ ആയിരിക്കും എന്ന മഹാകാര്യമാണ് ബോർഡ് പറഞ്ഞിരിക്കുന്നത്. എന്നാൽ നിലവിലെ മീറ്റർ മാറ്റി പുതിയ സ്മാർട്ട് മീറ്റർ ഘടിപ്പിക്കുമ്പോൾ അതിൻറെ വിലയായി വലിയ തുക ബോർഡിന് നൽകേണ്ടിവരും എന്ന കാര്യം മാത്രം ബോർഡ് വ്യക്തമാക്കുന്നില്ല. ഏതായാലും പതിവുപോലെ ഒരു പുതിയ ഇരുട്ടടി കൂടി വൈദ്യുതി ബോർഡിൽ നിന്നും വരുന്നു എന്നതാണ് സാധാരണക്കാരന്റെ അങ്കലാപ്പിന് കാരണമായിരിക്കുന്നത്.നിലവിലെ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്റർ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ നടപടികൾ വൈദ്യുതി ബോർഡ് പൂർത്തീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അനുമതിക്ക് വേണ്ടി വൈദ്യുതി റെഗുലേറ്ററിൽ കമ്മീഷന്റെ മുന്നിൽ അപേക്ഷ നൽകുകയും ചെയ്തു കഴിഞ്ഞു. പുതിയ മീറ്ററുകൾ ഉപഭോക്താക്കൾക്ക് സ്ഥാപിച്ചുകഴിഞ്ഞാൽ അതിൻറെ വില 93 പ്രതിമാസ തവണകളായി ബോർഡിന് നൽകണം എന്നതാണ് ഇത് സംബന്ധിച്ച് ഉള്ള അറിയിപ്പിൽ പറയുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർക്കാർ സ്ഥാപനങ്ങളുടെയും ഹൈ ടെൻഷൻ ഉപഭോക്താക്കളുടെയും അടക്കം മൂന്നുലക്ഷം മീറ്ററുകൾ മാറ്റി സ്ഥാപിക്കും. രണ്ടും മൂന്നും ഘട്ടങ്ങളിലായി 17 ലക്ഷത്തോളം വരുന്ന ഗാർഹീക ഉപഭോക്താക്കളുടെ മീറ്ററുകൾ മാറ്റുന്ന നടപടി ഉണ്ടാകും. ആദ്യഘട്ടം കഴിഞ്ഞാൽ അടുത്ത ഡിസംബറിൽ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കും എന്നാണ് പറയുന്നത്. ഇതോടുകൂടി സംസ്ഥാനത്തെ വൈദ്യുതി ബോർഡിൻറെ മുഴുവൻ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്ററുകൾ ഘടിപ്പിക്കുന്ന ജോലി പൂർത്തിയാകുന്നു.
സ്മാർട്ട് മീറ്ററുകൾ എല്ലാ മേഖലയിലും സ്ഥാപിക്കുമ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിസന്ധിയിലാകുന്നത് കേരളത്തിലെ പൊതുമേഖലയിലെയും സർക്കാരിന്റെയും സ്ഥാപനങ്ങൾ ആയിരിക്കും. സ്മാർട്ട് മീറ്ററുകൾ സാധാരണഗതിയിൽ മുൻകൂട്ടി പണം അടയ്ക്കുന്ന സംവിധാനമാണ് നടപ്പിൽ വരുത്തുക. ഈ സംവിധാനം വരുമ്പോൾ നിലവിൽ വൈദ്യുതി ബില്ല് കുടിശ്ശിക വരുത്തിയിട്ടുള്ള സർക്കാരിൻറെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്നത് പ്രതിസന്ധിയിൽ ആകും. കുടിശ്ശിക മുഴുവൻ അടച്ചുതീർത്താൽ മാത്രമേ സ്മാർട്ട് മീറ്റർ സമ്പ്രദായം നടപ്പിൽ വരുത്താൻ കഴിയുകയുള്ളൂ.വൈദ്യുതി ബോർഡ് ഇപ്പോൾ നിർദേശിച്ചിട്ടുള്ള രീതിയിൽ സ്മാർട്ട് മീറ്ററുകൾ പഠിപ്പിച്ചാൽ ഗാർഹിക ഉപഭോക്താക്കളായ സാധാരണക്കാർക്ക് എന്തു ഗുണമാണ് ഉണ്ടാവുക എന്ന കാര്യത്തിൽ ബോർഡിന് വലിയ വിശദീകരണം ഒന്നും തരാനില്ല. ഓരോ കാരണങ്ങളുടെയും പേര് പറഞ്ഞുകൊണ്ട് ഉപഭോക്താക്കളിൽ നിന്നും അധിക ചാർജ് സ്ഥിരമായി ഈടാക്കി കൊണ്ടിരിക്കുന്ന വൈദ്യുതി ബോർഡ് വീണ്ടും വീണ്ടും ഉപഭോക്താക്കളെ ഉപദ്രവിക്കാൻ മുന്നോട്ടുവരുന്നു എന്നുള്ളതാണ് വാസ്തവം. നിലവിൽ വൈദ്യുതി ബോർഡ് രണ്ടുമാസം കൂടുമ്പോൾ ആണ് റീഡിങ് എടുത്ത് ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകുന്നത്. ഈ സമ്പ്രദായം മൂലം രണ്ടുമാസം ബില്ല് ആകുമ്പോൾ ഉപഭോക് ഉപയോഗവും, ബില്ലുകൾ സ്ലാബ് മാറി വലിയ തുകയിലേക്ക് എത്തിച്ചേരുന്ന ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മാസവും ബില്ല് നിശ്ചയിച്ചാൽ ഉപയോഗവും ബില്ലു തുകയും കുറഞ്ഞിരിക്കും എന്ന ഉപഭോക്താക്കളുടെ ആവശ്യത്തെ കാലങ്ങളായിട്ടും വൈദ്യുതി ബോർഡ് പരിഗണിച്ചിട്ടില്ല. പുതിയ സ്മാർട്ട് മീറ്റർ സമ്പ്രദായം നിലവിൽ വന്നുകഴിഞ്ഞാൽ മാസം തോറും ഉപഭോക്താവിന് ബില്ല് അടയ്ക്കാൻ കഴിയുമെങ്കിൽ അത് ഒരു ആശ്വാസം ആയിരിക്കും. സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്നതിലൂടെ ഓട്ടോമാറ്റിക്കായി ഓരോ ഉപഭോക്താവിന്റെയും ബില്ലുകൾ തയ്യാറാക്കപ്പെടുകയും ഓൺലൈനായി തുക അടയ്ക്കുന്നതിന് സൗകര്യം ഉണ്ടാവുകയും ചെയ്യും, എന്ന വിശദീകരണമാണ് ബോർഡ് പറയുന്നത്. എന്നാൽ നിലവിലെ സമ്പ്രദായം മാറ്റി സ്മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന മീറ്ററിന്റെ വില നൽകൽ ഉപഭോക്താവിന്റെ തലയിൽ വന്നു വീഴുമോ എന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.