‘മുണ്ടകൻ കൊയ്ത്തും മുളയരിപ്പായസവും’

ബെന്യാമൻ പ്രകാശനം ചെയ്തു

വ്യവസായിക പരിശീലനവകുപ്പിൽ നിന്ന് അഡീഷണൽ ഡയറക്ടറായി വിരമിച്ച പി.കെ.മാധവൻ്റെ ‘മുണ്ടകൻ കൊയ്ത്തും മുളയരിപ്പായസവും’ എന്ന അനുഭവ കുറിപ്പുകളുടെ പുസ്തകം വി.എൻ.കേശവപിള്ള സ്മാരക വായനശാലയിൽ നോവലിസ്റ്റ് ബെന്യാമിൻ പ്രകാശനം ചെയ്തു. സമൂഹം വ്യക്തികളിലേക്ക് ചുരുങ്ങുന്ന കാലഘട്ടത്തിൽ പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിൽ വായനശാലകൾക്ക് വലിയ പങ്കുണ്ടെന്ന് ബെന്യാമിൻ പറഞ്ഞു. രാജ്യത്തു മറ്റെവിടെ ഉള്ളതിനേക്കാൾ എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും ആദരവും പരിഗണനയും കേരളത്തിൽ ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകത്തിൻ്റെ ആദ്യ കോപ്പി പ്രഭാഷകനും, എഴുത്തുകാരനുമായ ഷൗക്കത്ത് ഏറ്റുവാങ്ങി.
എം. എം. മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ: വി.എം.ഉണ്ണി പുസ്തകം പരിചയപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സാജു പോൾ Ex MLA, വാർഡ് മെംബർ ജോയ് പൂണേലി തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥകാരൻ പി.കെ.മാധവൻ മറുപടി പ്രസംഗം നടത്തി. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. അജയകുമാർ സ്വാഗതവും വയനശാല സെക്രട്ടറി പി.രാജൻ നന്ദിയും പറഞ്ഞു. മുണ്ടകൻ കൊയ്ത്തിൻ്റേയും മുളയരിപ്പായസത്തിൻ്റെയും കഥകൾ പറയുന്നതാണ് പുസ്തകം.