സിപിഎമ്മിന്റെ പാളയം ഏരിയ സമ്മേളനം വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി നടത്തിയതിലുള്ള രൂക്ഷ വിമർശനം കോടതി ഇന്നും തുടർന്നു. റോഡില്‍ എങ്ങനെയാണ് സ്റ്റേജ് നിർമിച്ചതെന്ന് കോടതി ചോദിച്ചു. ഇതിന് വേണ്ടി റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ കേസ് കൂടുതൽ ഗുരുതരമാകും.
റോഡ് അടച്ചുകെട്ടുന്നതും നടപ്പാത തടസപ്പെടുത്തുന്നതുമൊക്കെ സംബന്ധിച്ച് 2021ലെ ഉത്തരവുണ്ട്. ഇത് ലംഘിച്ചിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്തവരും അതിന്റെ സംഘാടകരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. സെക്രട്ടേറിയറ്റിന് മുന്നില്‍ നടപ്പാത തടഞ്ഞ് സമരം ചെയ്‌തതിലും വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി രാഷ്‌ട്രീയ പാർട്ടി സമ്മേളനം നടത്തിയതിലും കോടതിയലക്ഷ്യ കേസ് എടുക്കുന്നത് പരിഗണിക്കുകയാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്‌ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജി ബുധനാഴ്‌ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. പാലക്കാട് പനയമ്ബാടത്ത് നാല് വിദ്യാർത്ഥിനികള്‍ ലോറി മറിഞ്ഞ് മരിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ബസ് കാത്തും മറ്റും ആളുകള്‍ റോഡരികില്‍ നില്‍ക്കാറുണ്ട്. ആളുകള്‍ക്ക് നടക്കാനുള്ള നടപ്പാതകള്‍ അടച്ചുകെട്ടുന്നത് ഒട്ടേറെ നിയമങ്ങള്‍ ലംഘിക്കലാണെന്നും കോടതി പറഞ്ഞു. സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടപ്പാത കെട്ടിയടച്ച് സമരം നടത്തിയതും കോടതി പരിഗണിച്ചു. സംസ്ഥാനത്ത് ഫുട്‌പാത്തിലൂടെ നടക്കുന്നവർക്ക് പോലും രക്ഷയില്ലെന്നും ഇത് നിയമലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളിലുള്ള കോടതിയുടെ ആശങ്കയും, കോടതി പ്രകടിപ്പിച്ചു.