വക്കം മൗലവി അനുസ്മരണവും പുരസ്‌കാര സമർപ്പണവും
2024-ലെ വക്കം മൗലവി സ്മാരക പുരസ്‌കാര വിതരണവും അനുസ്മരണ പ്രഭാഷണവും ഡിസംബർ 21 ശനിയാഴ്ച തിരുവനന്തപുരത്തു നടക്കും. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2.30 നു തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ “സർവമതസമ്മേളനവും മതാനുഭൂതിയുടെ ഏകതയും” എന്ന വിഷയത്തിൽ പ്രൊഫ. സുനിൽ പി. ഇളയിടം അനുസ്മരണ പ്രഭാഷണം നടത്തും. വക്കം മൗലവി പങ്കെടുത്ത ആലുവ സർവ്വമത സമ്മേളനത്തിന്റെ (1924) ശതാബ്‌ദി ആഘോഷങ്ങൾ സമാപിക്കുന്ന അവസരത്തിലാണ് പരിപാടി നടക്കുന്നത്. പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീ ജി. പ്രിയദർശനൻ അദ്ധ്യക്ഷനായിരിക്കും. സമകാലിക മലയാളം വാരിക പത്രാധിപർ സജി ജെയിംസ് വക്കം മൗലവി പുരസ്‌കാരം നേടിയ ശ്രീ ടി. ജെ. എസ്. ജോർജിനു വേണ്ടി അവാർഡ് സ്വീകരിച്ചു സംസാരിക്കും.