വിദ്യാര്‍ഥിനികളുടെ അപകടമരണം:
10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് എസ്ഡിപിഐ കത്ത് നല്‍കി
തിരുവനന്തപുരം: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് കത്ത് നല്‍കി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. നാലു കുടുംബങ്ങളുടെ ഭാവി പ്രതീക്ഷകളാണ് പൊതുനിരത്തില്‍ പൊലിഞ്ഞതെന്നും സാധാരണ കുടുംബങ്ങളാണ് നാലുപേരുടേതുമെന്നും കത്തില്‍ പറയുന്നു. ഇര്‍ഫാനാ ഷെറിന്റെ പിതാവ് അബ്ദുല്‍ സലാം ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. റിദ ഫാത്തിമയുടെ പിതാവ് അബ്ദുര്‍ റഫീഖ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. നിദ ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സലീമിന് മരപ്പണിയാണ്. ആയിഷയുടെ പിതാവ് ഷറഫുദ്ദീന് ചെറുളിയില്‍ത്തന്നെ പലചരക്കു കച്ചവടമാണ്. പിഞ്ചു മക്കളുടെ ദാരുണ മരണത്തില്‍ മനംനൊന്ത് തൊഴില്‍ ചെയ്യാന്‍ പോലും കഴിയാത്തവിധം രക്ഷകര്‍ത്താക്കള്‍ വ്യസനിച്ചു കഴിയുകയാണ്. ആ കുടുംബങ്ങള്‍ക്ക് ആശ്വാസധനം നല്‍കി അവരെ ചേര്‍ത്തുപിടിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. ദു:ഖാര്‍ത്തരായ കുടുംബങ്ങളില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.