യു എസ് ആസ്ഥാനമായ ബ്ലാക്‌സ്റ്റോൺ, KKR എന്നീ വൻകിട കമ്പനികൾ Private Equity നിക്ഷേപമായി പതിനായിരം കോടിയിലധികം മുടക്കി കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രി ബ്രാന്റുകളായ KIMS, Aster, BMH എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്ത വാർത്തകൾ വന്നത് അടുത്ത കാലത്താണ്. 3300 കോടി രൂപക്ക് KIMS ന്റെ 85 ശതമാനവും ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത തുകക്ക് ആസ്റ്ററിന്റെ 31 ശതമാനവും ഷെയറുകൾ ബ്ലാക്‌സ്റ്റോൺ സ്വന്തമാക്കി. ഹെൽത്ത് പ്ലാറ്റ് ഫോമായ QCIL ലൂടെ മറ്റ് ആശുപത്രികൾ ഏറ്റെടുക്കാൻ ബ്ലാക്സ്റ്റോൺ വിനിയോഗിക്കുന്നത് 4800 കോടി രൂപയാണ്. KKR (Kohlberg Kravis Roberts & Co.) കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രി ഏറ്റെടുക്കുന്നത് 2500 കോടിക്കാണ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിരവധി ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ അവർ തുടരുന്നു.
ഇതിലെന്തിത്ര കാര്യമെന്ന് ചോദിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്.
BMW മുതൽ ദുബായ് സ്മാർട്ട് സിറ്റി വരെ വൻ നിക്ഷേപ പ്രതീക്ഷ തന്ന സംരംഭങ്ങൾ പിൻവാങ്ങിയ, നിക്ഷേപ സൗഹൃദമല്ല എന്ന ദുഷ്‌പേരുള്ള, വൻ വ്യവസായങ്ങൾ വരാൻ മടിക്കുന്ന ഒരു കൊച്ച് ഭൂപ്രദേശത്തിന്റെ ആരോഗ്യ മേഖലയിലേക്കാണ്, ട്രില്യൺ ഡോളർ ആസ്തിയുള്ള ബ്ലാക്ക് സ്റ്റോൺ, കെ കെ ആർ പോലുള്ള ആഗോള ഭീമന്മാരുടെ വരവ്.. വൻ ലാഭം മാത്രമാണ് ലക്ഷ്യം.
ഇതര മേഖലകളിലെ വൻകിട വ്യവസായങ്ങൾക്ക് പോലുമില്ലാത്ത ലാഭ സാധ്യത കേരളത്തിലെ ആരോഗ്യ മേഖലക്ക് മാത്രം കൈവരുന്നത് എന്തുകൊണ്ടാണ്?
രാജ്യത്തെ ജനസംഖ്യയിൽ പതിമൂന്നാം സ്ഥാനത്തും സമ്പത്ത് ശേഷിയിൽ ഒമ്പതും പ്രതിശീർഷ ആഭ്യന്തര ഉത്പാദനത്തിൽ പതിനൊന്നും സ്ഥാനത്ത് മാത്രം നിൽക്കുന്ന ഒരു സംസ്ഥാനത്താണ് അതിന്റെ വാർഷിക ആരോഗ്യ ബജറ്റിന്റെ അഞ്ചോ ആറോ മടങ്ങ് വരുന്ന തുക സ്വകാര്യ ആരോഗ്യ മേഖലയിൽ ഒറ്റവർഷം കൊണ്ട് നിക്ഷേപിക്കുന്നത്. 2024-25 വർഷത്തെ സംസ്ഥാന ആരോഗ്യ ബജറ്റ് ഏതാണ്ട് രണ്ടായിരം കോടി മാത്രമായിരുന്നു എന്നോർക്കുക.
രോഗാതുരതയിലും ചികിത്സാ ചെലവിലും രാജ്യത്തെ ‘നമ്പർ ഒൺ’ സംസ്ഥാനമാണ് നിലവിൽ കേരളം.
ആവശ്യത്തിന് രോഗികളെ ലഭിക്കുക എന്നതും ആ രോഗികളുടെ കൈവശം സ്വന്തം ചികിത്സക്കായി ചെലവഴിക്കാൻ ആവശ്യത്തിന് പണമുണ്ടായിരിക്കുക എന്നതുമാണ് ലാഭക്കണ്ണോടെ മാത്രം ചികിത്സാ രംഗത്ത് നിക്ഷേപം ഇറക്കുന്നവരുടെ ആദ്യ ലക്ഷ്യം. ഈ രണ്ട് ഘടകങ്ങളും ഒരേപോലെ ഒത്തിണങ്ങി വരുന്നുണ്ട് എന്നതാവാം കേരളം ആഗോള കോർപ്പറേറ്റുകളുടെ ശ്രദ്ധാകേന്ദ്രമാകാൻ കാരണം. രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകുകയും പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ നമ്മുടെ ചികിത്സാ ചെലവുകൾ ഇനിയും ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട് എന്നതാണ് ഈ കോർപ്പറേറ്റ് ഏറ്റെടുക്കലുകൾ നൽകുന്ന സൂചന.
ഡോ എ അൽത്താഫ്