കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ വാദം പൂര്‍ത്തിയായി. കേസിലെ പ്രതികളുടെ ശിക്ഷ എറണാകുളം സിബിഐ പ്രത്യേക കോടതി ഇന്ന് വിധിക്കും. കാസർകോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ,വിചാരണ നേരിട്ട 24 പ്രതികളില്‍ 14 പേർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളില്‍, എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത് (അപ്പു), 15-ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കെതിരെ ജീവപര്യന്തം മുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കൊലപാതകം അടക്കമുള്ള ഗുരുതര വകുപ്പുകളാണു കോടതി ചുമത്തിയിട്ടുള്ളത്. 14ാം പ്രതി കെ. മണികണ്ഠൻ, 20ാം പ്രതി മുൻ എംഎല്‍എ കെ.വി.കുഞ്ഞിരാമൻ, 21ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവർക്കെതിരെ തെളിവു നശിപ്പിക്കലിനും പ്രതികളെ സംരക്ഷിച്ചതിനും രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി. വിചാരണ നേരിട്ട 10 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു.