സ്വര്‍ണകപ്പ് ഇന്ന് തിരുവനന്തപുരത്തെത്തും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും

63-ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് നടത്തുക. ഇത്തവണ തിരുവനന്തപുരമാണ് സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍തും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക. സ്വര്‍ണകപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണം നല്കുകയും തുടര്‍ന്ന് ട്രോഫിയുമായുള്ള ഘോഷയാത്ര തലസ്ഥാന നഗരിയിലെ വേദിയിലേക്ക് എത്തിച്ചേരും. പുത്തരകണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചല്‍ ചടങ്ങും ഇന്ന് നടക്കും. പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്. മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ഇന്നാരംഭിക്കും.