തകർച്ചയുടെ വക്കിലാണ് പല NBFC കളും

കൊച്ചി: കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ പ്രത്യേകിച്ച് NCD കൾ, മടക്കിനൽകാൻ ഏതെങ്കിലും സ്ഥാപനം അവധി പറയുകയോ, വീണ്ടും അതേ സ്ഥാപനത്തിൽ തന്നെ പുതുക്കി നിക്ഷേപിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്‌താൽ ഒന്നുറപ്പിക്കാം, ആ സ്ഥാപനം കടുത്ത സാമ്പത്തിക പ്രസിസന്ധിയിലാണ്, എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാം. NCD നിക്ഷേപം തിരികെ നൽകാൻ പണമില്ലാത്തവണ്ണം തകർച്ചയുടെ വക്കിലാണ് പല NBFC കളും. ഇതോടെ ജീവനക്കാർക്ക് കമ്മീഷൻ നൽകി നിക്ഷേപം പുതുക്കിയിടാൻ നിക്ഷേപകരെ ക്യാൻവാസ് ചെയ്യിപ്പിക്കുകയാണ് ഉടമകൾ. നിക്ഷേപകർ ആവശ്യപ്പെടുമ്പോൾ മടക്കിനല്കുവാൻ പണമില്ല. ഒന്നുകിൽ അവധി പറയുക, അല്ലെങ്കിൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് അവരെ വീണ്ടും നിക്ഷേപകരാക്കുക.
ജീവനക്കാർക്ക് 5% മുതൽ കമ്മീഷനും മറ്റ് ആനുകൂല്യങ്ങളുമാണ് ഓഫർ ചെയ്യുന്നത്. ഇതോടെ നിക്ഷേപകരെ എങ്ങനെയും വലയിലാക്കുവാൻ മോഹനവാഗ്ദാനങ്ങളുമായി ജീവനക്കാരും രംഗത്തുണ്ട്. എന്തിന് പുതുക്കിയിടുന്ന നിക്ഷേപകർക്കു പോലും കമ്മീഷൻ നൽകുന്ന വിചിത്രമായ നടപടിയും ഇന്ന് നിലവിലുണ്ട്. ചില ജീവനക്കാർ വളരെ ഭവ്യതയോടെ പുഞ്ചിരിച്ചുകൊണ്ട് ചോദിക്കും … സാറെ ഒരു വർഷത്തേക്ക് കൂടി പുതുക്കി ഇടട്ടെ എന്ന്. ആ ചിരിയിൽ മയങ്ങി പലരും കുരുക്കിൽ വീഴും. കാലാവധി കഴിഞ്ഞ നിക്ഷേപം വീണ്ടും അവിടെത്തന്നെ നിക്ഷേപിക്കും. കമ്പനി പൊട്ടാൻ പോകുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജീവനക്കാർക്കും നിക്ഷേപകർക്കും കമ്മീഷൻ നൽകിയുള്ള ഈ പുതുക്കൽ നയം. ജനങ്ങളുടെ കയ്യിലുള്ള പണം എങ്ങനെയും തങ്ങളുടെ പെട്ടിയിലാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ കമ്പനി ഉടമക്കുള്ളു.

താര നിരയെ ഇറക്കി വമ്പൻ പരസ്യങ്ങളുടെ അകമ്പടിയോടെ ആനയും അമ്പാരിയുമൊക്കെയായി എത്തുന്ന നോൺ കൺവേർട്ടബിൾ ഡിബഞ്ചർ (NCD) യഥാർത്തത്തിൽ എന്താണെന്ന് പലർക്കും അറിയില്ല. NCD എന്നാൽ വെറും കടപ്പത്രം മാത്രം. തേനിൽ ചാലിച്ച പാഷാണം പോലെയാണ് പലപ്പോഴും NCD. ബിസിനസ് ചെയ്യാൻ കയ്യിൽ പണമില്ലാത്ത കമ്പനിക്ക് പൊതുജനങ്ങളിൽ നിന്നും പണം കടമായി വാങ്ങാം. കടപ്പത്രത്തിലൂടെ മാത്രമേ ഇങ്ങനെ പണം സ്വീകരിക്കുവാൻ കഴിയൂ. കടപ്പത്രത്തിന് നിശ്ചിത കാലാവധി ഉണ്ടായിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പലിശ ഉൾപ്പെടെ നിക്ഷേപം തിരികെ നൽകുകയും വേണം. കമ്പനി പറഞ്ഞിരിക്കുന്ന സമയത്ത് പണവുമായി ചെന്നാൽ മാത്രമേ ഇത് വാങ്ങാൻ പറ്റൂ. അതിനാൽ മഴ കാത്ത് നിൽക്കുന്ന വേഴാമ്പലിനെപ്പോലെയാണ് പലരും NCD ക്ക് വേണ്ടി കാത്തുനിൽക്കുന്നത്. ആയിരക്കണക്കിന് കോടികൾ കയ്യിലുള്ള മുതലാളി എന്തോ ഒരു വലിയ സഹായം തങ്ങൾക്കു ചെയ്യുന്നതായാണ് പല നിക്ഷേപകരുടേയും ധാരണ. എന്നാൽ ഈ കമ്പനി ഉടമകളുടെ ഊരും പേരും, എന്തിന്….ഉടമ ആരെന്നുപോലും പലർക്കും അറിയില്ല, അറിയാൻ ശ്രമിക്കാറുമില്ല. അങ്ങനെയുള്ള ഒരാൾക്ക്‌ വായ്പ നൽകാൻ പണവുമായി അയാളുടെ ബ്രാഞ്ച് തുറക്കുന്നതും കാത്തുനിൽക്കുന്നവരാണ് കൂടുതലും. ഇനി അറിഞ്ഞിട്ടും വലിയ കാര്യമില്ല പണം പോയാൽ പോയത് തന്നെ.

നിക്ഷേപിക്കുന്ന പണത്തിന് സെക്യൂരിറ്റി ഉണ്ടെന്നും റിസർവ് ബാങ്ക് ഗ്യാരണ്ടി ഉണ്ടെന്നുമാണ് പലരുടെയും ധാരണ. എന്നാൽ NCD ഇറക്കുമ്പോൾ കമ്പനികൾ നൽകുന്ന പരസ്യത്തിൽത്തന്നെ NCD യുടെ ഗ്യാരണ്ടിയെപ്പറ്റി വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആരും വായിക്കാതിരിക്കാൻ വളരെ ചെറിയ അക്ഷരത്തിൽ ആണെന്ന് മാത്രം. കമ്പനിയുടെ ലാഭനഷങ്ങൾക്ക് അനുസരിച്ചായിരിക്കും പണം തിരിച്ചു കിട്ടുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു തരം ചൂതാട്ടം. നിക്ഷേപകൻ്റെ പൂർണ്ണ ബോധ്യത്തിലും താൽപര്യത്തിലുമായിരക്കണം NCD യിൽ നിക്ഷേപിക്കേണ്ടതെന്നും തങ്ങൾക്ക് യാതൊരു ഗ്യാരണ്ടിയുമില്ലെന്നും റിസർവ്വ് ബാങ്കും സെബിയും വ്യക്തമായി പറയുന്നുണ്ട്.

NCD എന്നാൽ നിക്ഷേപമായോ ഓഹരിയായോ മാറ്റാൻ കഴിയാത്ത ഡിബഞ്ചർ/ കടപ്പത്രം ആണ്. Non-Convertible Debentures എന്നാണ് പേരുപോലും. ഇത്തരം കടപ്പത്രങ്ങൾ കമ്പനി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്. എന്നാൽ ഇക്കാര്യം പല നിക്ഷേപകർക്കും അറിയില്ല. നിക്ഷേപമായോ ഓഹരിയായോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ Convert ചെയ്യുവാൻ പറ്റുന്ന കടപ്പത്രങ്ങൾകൊണ്ടുള്ള നേട്ടം നിക്ഷേപകർക്കാണ്. ഓഹരിയാക്കി മാറ്റിയാൽ ഇവ കൈമാറി പണമാക്കാം. നിക്ഷേപമാക്കി മാറ്റിയാൽ എപ്പോൾ വേണമെങ്കിലും നിക്ഷേപം പിൻവലിക്കാം. NCD ക്ക് നിശ്ചിത കാലാവധി ബാധകമാണ്. ഓടിചെന്നാൽ പണം ലഭിക്കില്ല. ഇതുതന്നെയാണ് കമ്പനി മുതലാളിയും ആഗ്രഹിക്കുന്നത്.
നിക്ഷേപകരെ വിഡ്ഢികളാക്കുന്ന കറക്കുകമ്പനികളായി അധപതിച്ചിരിക്കുകയാണ് കേരളത്തിലെ പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും. ഇതിൽ കേരളാ മണി ലെണ്ടിംഗ് ആക്ട് പ്രകാരം പ്രവർത്തിക്കുന്നവയും കേന്ദ്ര നിയമത്തിൻകീഴിൽ പ്രവർത്തിക്കുന്നവയുമുണ്ട്. എന്നാൽ സാമ്പത്തിക തട്ടിപ്പിൽ മുമ്പിൽ നിൽക്കുന്നത് കേന്ദ്ര നിയമത്തിന് കീഴിൽ മാത്രം പ്രവർത്തിക്കുന്ന നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളും (NBFC) നിധി കമ്പനികളുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കെടുത്താൽ നിരവധി സ്ഥാപനങ്ങളാണ് കേരളത്തിൽ മാത്രം പൂട്ടിക്കെട്ടിയത്. ജനങ്ങളിൽ നിന്നും വൻതോതിൽ നിക്ഷേപം സ്വീകരിച്ച് അവ വകമാറ്റി ചെലവഴിക്കുകയായിരുന്നു പലരും ചെയ്തത്. റിയൽ എസ്റ്റേറ്റ്, സിനിമ, ബാർ ഹോട്ടൽ, പ്ലാന്റേഷൻ തുടങ്ങിയ പല മേഖലകളിലേക്കും ഇവർ പണം വകമാറ്റിയത് നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയാണ്. ഓരോ കമ്പനിയിലും നിക്ഷേപമായി ലഭിക്കുന്ന പണം അതാതു കമ്പനികൾക്ക് തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്താൻ വേണ്ടി മാത്രമേ ഉപയോഗിക്കുവൂ. NBFC കൾക്കും നിധി കമ്പനികൾക്കുമൊക്കെ ഇത് ബാധകമാണ്. എന്നാലിന്ന് പലവിധ തിരിമറികളിലൂടെ പണം കമ്പനിക്ക് പുറത്തെത്തിച്ച് കീശയിലാക്കുകയാണ് പലരും. സാമ്പത്തിക തട്ടിപ്പും അഴിമതിയുമാണ് ഇന്ന് പലരുടെയും മുഖമുദ്ര.