സുരക്ഷിതമായിരുന്ന പണം 50000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം
കമ്മീഷന്‍ വാങ്ങി കെ.എഫ്.സിയുടെ പണം ഇല്ലാതാക്കിയത് പാര്‍ട്ടി ബന്ധുക്കള്‍
തിരുവനന്തപുരം: കരുതൽ ധനമായി 4 വർഷത്തേക്ക് ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന കെ.എഫ്.സിയുടെ പണത്തിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനം.
കേരള ഫിനാൻഷ്യൽ കോർപറേഷനുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചപ്പോൾ ധനകാര്യമന്ത്രിയും മുൻ ധനകാര്യമന്ത്രിയും മറുപടി പറഞ്ഞു. അതെല്ലാം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അതിനു മറുപടി നൽകാൻ ഈ രണ്ടു ധനകാര്യമന്ത്രിമാരെയും കണ്ടില്ല. കെ.എഫ്.സിയുടെ പത്രക്കുറിപ്പിലും തെറ്റായ കാര്യങ്ങളാണ് പറയുന്നത്.
അനിൽ അംബാനിയുടെ ആർ.സി.എഫ്.എൽ എന്ന കമ്പനി 2018 ഏപ്രിൽ 20 ന് ഇറക്കിയ 61 കോടി രൂപയുടെ കടപ്പത്രത്തിന്റെ (എൻ.സി.ഡി) ഇൻഫർമേഷൻ മെമ്മോറാണ്ടം(ഐ.എം) വെബ്സൈറ്റിൽ ലഭ്യമാണ്. ഏപ്രിൽ 19 ന് കെ.എഫ്.സി പണം നിക്ഷേപിക്കാൻ തീരുമാനിച്ചതിന്റെ പിറ്റേ ദിവസമാണ് ആർ.സി.എഫ്.എൽ ഇൻഫർമേഷൻ മെമ്മോറാണ്ടം പുറത്തിറക്കിയത്. ഈ ഫണ്ടിൽ നിക്ഷേപം നടത്തുന്നവർ മൊത്തം തുകയും നഷ്ടപ്പെടാനുള്ള റിസ്‌ക്കാണ് എടുത്തിരിക്കുന്നതെന്ന് ഇൻഫർമേഷൻ മെമ്മോറാണ്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. എൻ.സി.ഡിയിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഒരോ നിക്ഷേപകനും റിസ്‌ക് സ്വന്തമായി വിലയിരുത്തണമെന്നും സെബിയുടെയോ ആർ.ബി.ഐയുടെയോ അംഗീകാരം ഇല്ലെന്നും വ്യക്തമാക്കുന്നുണ്ട്. സെബിയുടെയും ആർ.ബി.ഐയുടെയും അംഗീകാരമില്ലാത്ത എൻ.സി.ഡിയിലാണ് പൊതുമേഖലാ സ്ഥാപനമായ കെ.എഫ്.സി നിക്ഷേപം നടത്തിയത്. ഈ ഡോക്യുമെന്റിലെ ‘ക്രെഡിറ്റ് റേറ്റിംഗ് ‘ എന്ന വിഭാഗത്തിൽ കെയർ ഏജൻസിയുടെ റേറ്റിംഗിനൊപ്പം ‘credit watch with developing implications’ എന്നും വ്യക്തമായി പറയുന്നുണ്ട്. ഇതോടെ നിക്ഷേപം നടത്തുമ്പോൾ റേറ്റിംഗ് ഏജൻസികൾ ക്രെഡിറ്റ് വാച്ച് നൽകിയിരുന്നില്ലെന്ന സർക്കാരിന്റെയും കെ.എഫ്.സിയുടെയും വാദവും പച്ചക്കള്ളമാണെന്നു വ്യക്തമായിരിക്കുകയാണ്. അനിൽ അംബാനിയുടെ കമ്പനിക്ക് നൽകിയ 50000 കോടി രൂപ തിരിച്ചു കിട്ടുന്നതിനു വേണ്ടി രാജ്യത്തെ വിവിധ ദേശസാൽകൃത ബാങ്കുകൾ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചിരുന്ന സമയത്താണ് സെബിയുടെയും ആർ.ബി.ഐയുടെയും അംഗീകാരമില്ലത്ത എൻ.സി.ഡിയിൽ കെ.എഫ്.സി പണം നിക്ഷേപിച്ചത്.
എപ്പോഴും കരുതൽ ധനം സൂക്ഷിക്കുന്ന സ്ഥാപനമാണ് കെ.എഫ്.സി. കരുതൽ ധനത്തിന്റെ ഭാഗമായാണ് 61 കോടി രൂപ 2018 ഏപ്രിൽ നാലിന് 8.69 ശതമാനം പലിശയ്ക്ക് നാല് വർഷത്തേക്ക് ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചത്. ആ പണമാണ് നിക്ഷേപിച്ച ആതേ വർഷം തന്നെ 8.90 ശതമാനം പലിശ കിട്ടുമെന്ന് പറഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന അംബാനി കമ്പനിയിൽ നിക്ഷേപിച്ചത്. നാല് വർഷത്തേക്ക് ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ച പണം എന്തിനാണ് മുതലിനും പലിശയ്ക്കും സെക്യൂരിറ്റി ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയിലേക്ക് നിക്ഷേപിച്ചത്? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല.
നിക്ഷേപ കാലാവധി തീരുന്നതിന് മുൻപ് ഫെഡറൽ ബാങ്കിൽ നിന്നും 61 കോടി രൂപ പിൻവലിച്ചപ്പോൾ അതിൽ നിന്നും 20 ലക്ഷം രൂപ നഷ്ടമായി. അതുകൊണ്ടാണ് ആർ.സി.എഫ്.എല്ലിലെ നിക്ഷേപം 60 കോടി 80 ലക്ഷമായത്. ആർ.സി.എഫ്.എല്ലിൽ ഈ പണം കിടന്നിരുന്നുവെങ്കിൽ ഇപ്പോൾ 110 കോടി 40 ലക്ഷം കിട്ടണമായിരുന്നു. അതിനു പകരമായാണ് ഏഴര കോടി കിട്ടിയത്. ഫെഡറൽ ബാങ്കിലായിരുന്നു പണമെങ്കിൽ 109 കോടി 30 ലക്ഷം രൂപ കിട്ടുമായിരുന്നു. ഫെഡറൽ ബാങ്കിനേക്കാൾ ഒരു കോടി രൂപ അധികമായി കിട്ടുമെന്ന് പ്രതീക്ഷിച്ച് ആർ.സി.എഫ്.എല്ലിൽ പണം നിക്ഷേപിച്ചതോടെ മുതലും പലിശയും പോയി. ഫെഡറൽ ബാങ്കിൽ ഇട്ടിരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റ് എന്തിനാണ് 50000 കോടി ബാധ്യതയുള്ള കമ്പനിയിൽ നിക്ഷേപിച്ചതെന്ന് ഇപ്പോഴത്തെ ധനകാര്യമന്ത്രിയും പഴയ ധനകാര്യമന്ത്രിയും മറുപടി പറയണം.
പാർട്ടി ബന്ധുക്കളായ ചിലർ കെ.എഫ്.സിയിലുണ്ട്. അവർക്ക് പാർട്ടിയുമായാണ് നേരിട്ട് ബന്ധം. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ കൂടി അറിവോടെയാണ് പണം നിക്ഷേപിച്ചത്. എല്ലാവരും ചേർന്ന് രാഷ്ട്രീയ പിന്തുണയോടെ പാർട്ടി ബന്ധുക്കളാണ് കോടികൾ കമ്മീഷൻ വാങ്ങി കെ.എഫ്.സിയുടെ പണം അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചത്. ബോർഡ് യോഗം ചേരുകയോ സർക്കാരിന്റെ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് ഇത്രയും വലിയ തുക മുങ്ങാൻ പോകുന്ന കമ്പനിയിൽ സാമ്പത്തിക വിദഗ്ധനായ ധനകാര്യ മന്ത്രിയുടെ കാലത്ത് നിക്ഷേപിച്ചത്. ഇതിന് പിന്നിൽ അഴിമതിയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം. അന്വേഷിച്ചില്ലെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടും.