നിങ്ങടെ സ്‌കൂള്‍ അവിടെത്തന്നെ ഉണ്ടാകും

കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: തിജീവനത്തിന്റെ പ്രതീകമായി വയനാട്ടില്‍ നിന്നെത്തിയ വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ തകര്‍ന്നുപോയ വെള്ളാര്‍മല സ്‌കൂള്‍ അവിടെ തന്നെ പുനര്‍നിര്‍മിക്കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് നല്‍കിയത്. ”നിങ്ങടെ സ്‌കൂള്‍ അവിടെത്തന്നെ ഉണ്ടാകും” എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കുഞ്ഞുമനസ്സുകളില്‍ ആഹ്ലാദത്തിരയിളക്കം. ‘ഞങ്ങളുടെ സ്‌കൂള്‍ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണം’ എന്ന് കുട്ടികള്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്. 63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം, വെള്ളാര്‍മല ജി വി എച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ കാണാനെത്തിയതായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ഥികളുടെ അതിജീവനനൃത്തം ഉദ്ഘാടന സമ്മേളനത്തിന്റെ മാറ്റ് കൂട്ടി.