തീരദേശ ഗ്രാമങ്ങളെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി വികസനപ്രവർത്തനങ്ങൾ

കേരളത്തിലെ 6 തീരദേശ ഗ്രാമങ്ങളെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി വികസനപ്രവർത്തനത്തിനു തുടക്കമിട്ടു; ബഹു കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ വികസന പദ്ധതികൾ നേരിട്ട് അവലോകനം നടത്തി.
തീരദേശ മത്സ്യഗ്രാമങ്ങളെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്ന തരത്തിൽ എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി വികസിപ്പിക്കുന്നതിനായി PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് Climate Resilient Coastal Fishermen Villages (CRCFV). കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം, രാജ്യത്തുടനീളമുള്ള 100 തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളെ തിരഞ്ഞെടുത്തിനു ശേഷം പദ്ധതിക്ക് തുടക്കമിട്ടു. ഇതോടൊപ്പം തീരദേശ സമൂഹങ്ങളുടെ സാമ്പത്തിക ശേഷി വർധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. തിരഞ്ഞെടുത്ത 100 ഗ്രാമങ്ങളുടെ വികസനത്തിനുള്ള നോഡൽ ഏജൻസിയായി നാഷണൽ ഫിഷറീസ് ഡെവലപ്‌മെൻ്റ് ബോർഡിനെ (NFDB) നിയോഗിച്ചിട്ടുണ്ട്. CRCFV പദ്ധതി നടപ്പിലാക്കുന്നതിനായി 2024-25 വാർഷിക പ്രവർത്തന പദ്ധതി (എഎപി) പ്രകാരം മൊത്തം 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

CRCFV പദ്ധതി പ്രകാരം കേരളത്തിൽ നിന്നും 6 തീരദേശ ഗ്രാമങ്ങളെ തിരഞ്ഞെടുത്തു. അഴീക്കൽ, ഇരവിപുരം, തോട്ടപ്പള്ളി, പള്ളം, എടവനക്കാട്, ഞാറക്കൽ എന്നീ ഗ്രാമങ്ങളിൽ വികസനത്തിന് അംഗീകാരം നൽകി. മൊത്തം പദ്ധതി ചെലവ് 12 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. വിശദമായ സൂക്ഷ്മപരിശോധനയ്ക്കു പിന്നാലെയാണ് അംഗീകാരം. അനുവദിച്ച തുകയിൽ 70 ശതമാനവും അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഉപയോഗിക്കുക. ബാക്കി തുക മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ഉപയോഗിക്കും. 100% കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മത്സ്യഗ്രാമത്തിലേയും മത്സ്യത്തൊഴിലാളികൾക്ക് അനുഗുണമാകുന്ന തരത്തിൽ വരുമാനദായക പദ്ധതികളും,മത്സ്യ ഗ്രാമത്തിലെ പൊതുവായ അടിസ്ഥാന വികസന പ്രവർത്തനങ്ങളുമാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്. കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ CRCFV പദ്ധതി പ്രകാരം തിരഞ്ഞെടുത്ത ആലപ്പുഴ ജില്ലയിലെ തോട്ടപ്പളളി മത്സ്യഗ്രാമം ജനുവരി 1 നു സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്നു.