വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ഇലക്‌ട്രിക് ബസ് സര്‍വീസ് തുടങ്ങുന്നു. പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയ സർവ്വീസുകൾ അടുത്തയാഴ്ചമുതൽ ആരംഭിക്കും. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത 15 പുതിയ ഇലക്‌ട്രിക് ബസിലെ പുതിയ സര്‍വീസുകൾ ‘മെട്രോ കണക്‌ട്’ എന്ന പേരിലാണ് ആരംഭിക്കുന്നത്. പ്രാരംഭഘട്ടത്തിൽ ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്‌ട്രേറ്റ് എന്നീ റൂട്ടുകളിലാണ് ഇലക്‌ട്രിക് ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുക. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് യാത്ര നിരക്ക്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്‌ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുക. എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റിലുമാണ് സര്‍വീസുകള്‍ ഉണ്ടാകുക. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ 25 മിനിറ്റ് ഇടവിട്ട് കാക്കനാട് വാട്ടര്‍ മെട്രോ-കിന്‍ഫ്രാ-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ സര്‍വീസ് ഉണ്ടാകും. കാക്കനാട് വാട്ടര്‍ മെട്രോ-കളക്‌ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വീസ് ഉണ്ടാകും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്. കളമശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട 7.30 വരെയാണ് സര്‍വീസ്. കൊച്ചി മെട്രോ അഡീഷണല്‍ ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ടി.ജി ഗോകുല്‍ മെട്രോ കണക്‌ട് നെക്കുറിച്ച് വിശദീകരിച്ചു.