ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ
കഷായം കൊടുത്ത ശേഷം കയ്പ്പ് മാറുന്നതിനായി ജ്യൂസ്
തിരുവനന്തപുരം: പാറശ്ശാല സ്വദേശിയായ ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന് നിര്‍മലകുമാരൻ നായരും കുറ്റക്കാരെന്ന് വിധിയെഴുതി കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പുറപ്പെടുവിച്ചത്. കേരളക്കരയാകെ ചർച്ചയാക്കപ്പെട്ട കൊലപാതകമായിരുന്നു ഷാരോണിന്റെ കൊലപാതകം. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷാരോണ്‍രാജിന് വിഷം കലര്‍ത്തിയ കഷായം ഗ്രീഷ്മ ഒക്ടോബര്‍ 14-ന് നല്‍കുകയായിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25 നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്കുസമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍.
ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിൽ സുഹൃത്ത് റെജിനൊപ്പം ഒക്ടോബര്‍ 14-ന് ഷാരോണ്‍ എത്തിയിരുന്നു. കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് നല്കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറുന്നതിനായി ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദ്ദിക്കുകയും സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു. ഇതിനിടയിൽ പലതവണ ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സ കഴിഞ്ഞുവീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾ നശിച്ച് ചികിത്സയിയിലിരിക്കേ ഷാരോൺ മരിക്കുകയായിരുന്നു. 2021 ഒക്ടോബര്‍ മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം 2022 മാര്‍ച്ച് നാലിന് ഉറപ്പിച്ചു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നതിനാൽ ഷാരോണിന്റെ വീട്ടില്‍വെച്ച് നവംബറിലും പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും ഇരുവരും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെയാണ് ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ബന്ധം ഉപേക്ഷിക്കാൻ ഷാരോണിന് താത്പര്യമില്ലാതിരുന്നതിനാലാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണംചെയ്തത്.