തിരുവനന്തപുരം കേരളക്കരയെ ഞെട്ടിച്ച കൊലക്കേസുകളിൽ ഒന്നായിരുന്നു ഷാരോൺ വധം. ഇന്നായിരുന്നു വധക്കേസിൻമേൽ കോടതിവിധി. പ്രതിയും ഷാരോണിന്റെ കാമുകിയുമായിരുന്ന ഗ്രീഷ്മയ്ക്ക് ഒടുവിൽ വധശിക്ഷ.
ഗ്രീഷ്മയ്ക്ക് തൂക്കു കയര്‍ നല്‍കിയ വിധിയിൻമേൽ ജഡ്ജ് എഎം ബഷീര്‍ അത്യപൂര്‍വ്വ കൊലയെന്ന് കാര്യ കാരണമുൾപ്പെടെ വിശദീകരിച്ചു. പ്രതിക്കൂട്ടില്‍ നിന്ന് ഗ്രീഷ്മ പൊട്ടിക്കരഞ്ഞിരുന്നു. ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഷാരോണ്‍ രാജിന്റെ അച്ഛനും അമ്മയും കോടതിയില്‍ എത്തിയിരുന്നു. കോടതി മുറിയിലേക്ക് ജഡ്ജ് എഎം ബഷീര്‍ ഇരുവരേയും വിളിപ്പിക്കുകയും ജഡ്ജി പ്രത്യേകം സംസാരിക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദവും പ്രതിയുടെ പ്രായവും പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഗ്രീഷ്മയ്ക്കെതിരേ തെളിഞ്ഞു. കളനാശിനി സംഘടിപ്പിച്ചുകൊടുത്തതും തെളിവു നശിപ്പിച്ചതുമാണ് ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്കെതിരായ കുറ്റം. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയ്ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു. പ്രതിക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്നും ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ കൃത്യമായ ആസൂത്രണത്തോടെ വീണ്ടും അതിന് ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായിട്ടില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനെയാണ് കോടതി അംഗീകരിച്ചത്.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു മരിച്ച ഷാരോൺ.