‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21ന്
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) നാളെ മുതൽ നാടിന് സമർപ്പിക്കുന്നു. 126 സൈറണ്‍ – സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ കണക്ടറ്റഡ് എമർജൻസി ഓപ്പറേഷൻ സെന്‍ററുകള്‍, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡാറ്റാ സെന്‍റർ എന്നിവ അടങ്ങുന്ന സംവിധാനമാണ് ജനുവരി 21ന് നാടിന് സമർപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെയാണ് ,’കവചം’ എന്ന് അറിയപ്പെടുന്ന മുന്നറിയിപ്പ് സംവിധാനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയിരിക്കുന്നത്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതുസമൂഹത്തില്‍ എത്തിക്കാൻ സാമൂഹിക മാധ്യമങ്ങള്‍, സ്ഥല അധിഷ്ഠിത എസ്‌എംഎസ് എന്നിവ നിലവിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെയാണ് സൈറണ്‍ – സ്ട്രോബ് ലൈറ്റ് ശൃംഖല സ്ഥാപിച്ചിട്ടുള്ളത്. ഇവയിലൂടെ സംസ്ഥാന, ജില്ലാ ഇഒസികളില്‍ നിന്നും അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് സന്ദേശങ്ങളും സയറണ്‍ വിസില്‍ സന്ദേശങ്ങളുമായി കൈമാറും. ഉദ്ഘാടന ദിവസമായ ജനുവരി 21 ന് വൈകിട്ട് അഞ്ച് മണിക്ക് ശേഷം പ്രവർത്തന പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ സൈറണുകള്‍ മുഴങ്ങുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ്, പള്ളിപ്പുറം സൈക്ലോണ്‍ സെന്റ൪, ഗവ. ജെബിഎസ് കുന്നുകര, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂള്‍, ഡിഇഒസി എറണാകുളം കളക്ടറേറ്റ്, ഗവ. എം.ഐ.യു.പി.എസ് വെളിയത്തുനാട്, പാലിയം ഗവ.എച്ച് എസ് എസ്, ഗവ. ബോയ്സ് എച്ച്.എസ്. എസ്, മുവാറ്റുപുഴ, മുടിക്കല്‍, ഗവ. ഗസ്റ്റ് ഹൗസ്, ആലുവ, ഗവ.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂ൪, ഗവ. ഹയ൪ സെക്ക൯ഡറി സ്കൂള്‍ ശിവ൯കുന്ന് തുടങ്ങി എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും സൈറണുകളുമാണ് നിലവിലെ അറിയിപ്പുകള്‍ പ്രകാരം നാളെ മുഴങ്ങുക. അതിനാൽ ആരും പരിഭ്രാന്തരാകേണ്ടായെന്നും മുന്നറിയുണ്ട്.
തൃശൂര്‍ ജില്ലയിലെ 6 സ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മണലൂര്‍ ഗവ. ഐ.ടി.എ, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലുമാണ് സൈറന്‍ സ്ഥാപിച്ചിരിക്കുന്നത്.
ഉദ്ഘാടന ദിവസമായ ജനുവരി 21 ന് വൈകീട്ട് 5 ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ സൈറണുകള്‍ മുഴങ്ങുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു.