കണ്ണൂർ : മരിച്ചെന്ന് കരുതി മോർച്ചറിയില്‍ മൃതദേഹമെന്ന ധാരണയില്‍ സൂക്ഷിച്ച പവിത്രന് ജീവിതത്തിലേക്ക് മടക്കം. മംഗ്ളൂരിലെ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രനെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ 13 ന് കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രി മോർച്ചറിയിലെത്തിച്ചത്. സംസ്കാര ചടങ്ങുകള്‍ ഒരുക്കുന്നതിനിടെയിൽ മോർച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. സ്ട്രച്ചറില്‍ മാറ്റുന്നതിനിടെയാണ് ആംബുലൻസില്‍ കയറിയ, രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്പർവൈസർ ജയനും ഇലക്‌ട്രീഷ്യൻ അനൂപും പവിത്രൻ്റെ ദേഹം അനങ്ങുന്നതായി ശ്രദ്ധിച്ചത്. ഉടൻ ഡോക്ടറെ വിവരമറിയിക്കുകയും ഇവരുടെ നിർദ്ദേശപ്രകാരം അതി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി അടിയന്തിര ചികിത്സ നൽകുകയുമായിരുന്നു. കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ 67 കാരനായ പവിത്രൻ ചികിത്സ പൂർത്തിയാക്കിയതിനു ശേഷം ജനുവരി 24 ന് ആശുപത്രി വിടും.