മലയാള സിനിമ ഇനി രക്ഷപ്പെടില്ല.

പോക്കിരി രാജമാരും ആറാം തമ്പുരാൻമാരും സിനിമയെ തകർക്കും

 

ഇന്ത്യൻ സിനിമ ലോകത്ത് മികച്ച സിനിമകളുടെ പേരിൽ മുൻനിര സ്ഥാനം നേടിയെടുത്ത മലയാള സിനിമ വന്നുചേർന്നിരിക്കുന്നത് പൂർണമായ തകർച്ചയുടെ വക്കിലാണ്.. പുറമേ നിന്ന് ആരെങ്കിലും അല്ല മലയാള സിനിമ മേഖലയെ തകർക്കുന്നത്, മലയാള സിനിമയുടെ സംരക്ഷകരും രക്ഷിതാക്കളും യജമാനന്മാരും ഒക്കെയായി നടക്കുന്ന ആൾക്കാർ തന്നെയാണ് ഇപ്പോൾ തമ്മിലടിച്ച് ഒന്നാന്തരം ബിസിനസ് മേഖലയെ തകർത്തു കൊണ്ടിരിക്കുന്നത്.. മലയാളത്തിലെ പ്രമുഖനായ ഒരു നിർമ്മാതാവാണ് ജി സുരേഷ് കുമാർ. .അദ്ദേഹം സിനിമ നിർമാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡൻറ് ആണ്. ഇത്തരത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിൽ ഇരുന്നു കൊണ്ടാണ് മലയാള സിനിമയെ രക്ഷിക്കാൻ നിർമ്മാണ ചെലവ് പരമാവധി കുറയ്ക്കണമെന്നും, സിനിമ പ്രൊഡക്ഷൻ ചെലവിന്റെ വലിയ പങ്ക് വരുന്നത് താരങ്ങളുടെ അടിക്കടി വർദ്ധിപ്പിക്കുന്ന പ്രതിഫലത്തുക ആണ് എന്നും അതുകൊണ്ട് താരങ്ങൾ പ്രതിഫലത്തുക പരമാവധി കുറച്ചില്ലെങ്കിൽ മലയാള സിനിമ തകർച്ചയിലേക്ക് എത്തും എന്നും അദ്ദേഹം പറയുകയുണ്ടായി. മാത്രവുമല്ല നിർമ്മാതാക്കളുടെ സംഘടനകളും വിതരണക്കാരുടെ സംഘടനയും തീയറ്റർ ഉടമകളുടെ സംഘടനയും ചേർന്നുകൊണ്ട് ജൂൺ മാസം ഒന്നാം തീയതി മുതൽ സിനിമ പ്രദർശനം നിർത്തിവച്ചുകൊണ്ട് സമര രംഗത്ത് ഇറങ്ങുന്ന വിവരവും സുരേഷ് കുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു. നിർമ്മാതാവ് എന്നതിൽ ഉപരിയായി സംഘടനാ ഭാരവാഹി എന്ന നിലയ്ക്കാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ സമരം സംബന്ധിച്ച വിവരം പുറത്തുവന്നപ്പോൾ മറ്റൊരു പുത്തൻ കൂറ്റ് നിർമ്മാതാവായ ആൻറണി പെരുമ്പാവൂർ അതിനെതിരെ വാളുമെടുത്ത് പ്രത്യക്ഷപ്പെട്ടു. സുരേഷ് കുമാർ സമര കാര്യം പറഞ്ഞത് ആരോടും ആലോചിക്കാതെ ആണെന്നാണ് ആൻറണി പെരുമ്പാവൂർ പറയുന്നത്. മാത്രവുമല്ല നിർമ്മാതാക്കളുടെ പ്രതിഫലം കുറയ്ക്കണം എന്ന് ആവശ്യത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരിക്കുകയാണ്.

സിനിമ യഥാർത്ഥത്തിൽ ഒരു കൊള്ള സങ്കേതം ആണ്. പഴയകാല സിനിമ പ്രവർത്തകരും സിനിമ മേഖലയും അല്ല. ഇപ്പോൾ ഉള്ളത് കുറേ കള്ളപ്പണക്കാരും അത് തട്ടിയെടുക്കാൻ ശ്രമം നടത്തുന്ന താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒക്കെയാണ്ഇപ്പോൾ മലയാള സിനിമയെ അടക്കി ഭരിക്കുന്നത്. അതുകൊണ്ടുതന്നെ യാതൊരു നിയന്ത്രണവും ഇല്ലാത്ത മേഖലയായി മലയാള സിനിമ മാറികഴിഞ്ഞു . എന്ത് തോന്നിവാസവും നടക്കുവാൻ കഴിയുന്ന ബിസിനസ് മേഖലയായി സിനിമ മാറുകയും പൂർണ്ണമായും കുത്തഴിഞ്ഞ ഒരു വ്യവസായ പ്രസ്ഥാനമായി ആണ് ഇപ്പോൾ സിനിമ ലോകം നീങ്ങുന്നത്.

പുതിയ തലമുറ സിനിമക്കാർ എന്ന് പറഞ്ഞുകൊണ്ട് പരമ്പരാഗതമായ എല്ലാ രീതികളെയും അവഗണിച്ച് എന്ത് അസഭ്യവും അവതരിപ്പിക്കാവുന്ന ഒന്നായി സിനിമയെ മാറ്റി ..ഒരു പുരുഷതാരം ഒരു സിനിമയിൽ അഭിനയിച്ചു ആ സിനിമ കളക്ഷൻ നേടിയാൽ പിന്നെ ആ താരം തന്നെ പ്രതിഫല നിരക്ക് കോടികളിലേക്ക് വലിച്ചു നീട്ടുകയാണ് .എന്താണ് മലയാള സിനിമയിലെ നായക വേഷക്കാരടക്കമുള്ള ഇ നടന്മാരുടെ സ്ഥിതി എന്ന് ആരെങ്കിലും പരിശോധിക്കണം, മെഗാസ്റ്റാറുകൾ എന്ന് പറയുന്ന മമ്മൂട്ടിയും മോഹൻലാലും ഇപ്പോൾ എത്തിനിൽക്കുന്നത് പത്തു കോടിയുടെയും 15 കോടിയുടെയും ഒക്കെ പ്രതിഫല റേറ്റിൽ ആണ്. മലയാളം പോലെ ഒരു ചെറിയ പ്രദേശത്ത് മാത്രം പ്രദർശിപ്പിക്കാൻ കഴിയുന്ന സിനിമ മേഖലയിൽ ഒരു താരത്തിന് മാത്രം കോടികൾ നൽകേണ്ടി വരുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. പുരുഷതാരങ്ങൾ ഇത്തരത്തിൽ കോടികളുടെ പ്രതിഫലത്തിലേക്ക് ഉയരുമ്പോൾ ഒപ്പം അഭിനയിക്കുന്ന നടികൾക്ക് ഇത്തരത്തിലുള്ള അവസരം കിട്ടുനില്ലെന്നതും ഒരു പ്രത്യേകതയാണ്….

ചലച്ചിത്ര നടൻ എന്ന കിരീടവും ചുമന്നുകൊണ്ട് എന്ത് തോന്നിയവാസവും കാണിക്കുകയും തെറിവിളിക്കുകയും തുണി ഉരിഞ്ഞു കാണിക്കുകയും കള്ളും കഞ്ചാവും കൊണ്ട് വയറുനിറയ്ക്കുകയും ചെയ്യുന്ന ചില പുതുമുഖ അവതാരങ്ങൾ എന്തെല്ലാമാണ് കാണിച്ചുകൂട്ടുന്നത്. ഈ താരവും ഇപ്പോൾ ഒരു കോടിയോളം രൂപ പ്രതിഫലം ചോദിക്കുന്നു എന്നാണ് പറയുന്നത്.കാൽ നൂറ്റാണ്ട് മുൻപ് വരെ മലയാള സിനിമയ്ക്ക് അച്ചടക്കവും അടുക്കും ചിട്ടയും ഒക്കെ ഉണ്ടായിരുന്നു. അന്ന് സിനിമയെ ഭരിച്ചിരിനത് നിമാതാക്കൾ ആയിരുന്നു. അത്തരത്തിലെ മുൻനിര നിർമ്മാതാക്കളുടെ പിറകെ നടന്നവരാണ് ഈ കാണുന്ന സൂപ്പർ താരങ്ങൾഎല്ലാം , എന്നാൽ ഇപ്പോൾ അതെല്ലാം തെറ്റി സൂപ്പർ താരങ്ങളുടെ മുന്നിൽ കുമ്പിട്ടു നിൽക്കുന്ന നിർമ്മാതാക്കൾ ആണ് ഇപ്പോൾ ഉള്ളത്.അതുകൊണ്ട് തന്നെയാണ് ധിക്കാരത്തോട് കോടികൾ ഈ താരങ്ങൾ ചോദിക്കുന്നത്..

സിനിമ എന്നത് ആഡംബരങ്ങളുടെ കേന്ദ്രമാണ്. എന്നാൽ ഇതൊന്നു മാറ്റിയെഴുതാൻ ഒരു ഭരണകൂടവും തയ്യാറാവുന്നില്ലഎന്നത് ഖേദകരമാണ്. ഏത് തൊഴിലിനും മാന്യമായ കൂലിയും പ്രതിഫലവും ലഭിക്കേണ്ടതാണ്. കേരളത്തിൽ എന്നല്ല, ലോകത്ത് ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ സിനിമയിലെ പോലെ കോടികളുടെ പ്രതിഫലം ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്നുണ്ടോഎന്നത് പരിശോധിക്കണം. .സമൂഹത്തിലെ ഏറ്റവും ഉയർന്ന ജോലിക്കാരായി പരിഗണിക്കുന്ന ഐഎഎസ് കാർക്ക് പോലും മാസത്തിൽ രണ്ടു ലക്ഷത്തോളം ആണ് ശമ്പളം. ഈ മാസശമ്പളം ഇവർ പറ്റുന്ന സമയത്തിനുള്ളിൽ ഒരു സിനിമയിൽ അഭിനയിക്കുന്ന താരത്തിന് കോടികളുടെ വരുമാനം ഉണ്ടാകുന്നുഎന്നത് അനീതിയാണ്. ഈ തോന്നിവാസങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി വ്യവസ്ഥകൾ തന്നെ ഉണ്ടാകണം.

ഇന്ത്യയിലെ സിനിമ വ്യവസായ രംഗത്തുള്ള, വിവിധ ഭാഷാ സിനിമകളിൽ മലയാളവും, നല്ല നിലവാരവും സാമ്പത്തിക അടിത്തറയും നേടിയിരുന്നതാണ്. എന്നാൽ ഇന്ന് അതല്ലാസ്ഥിതി .250 ഓളം സിനിമകൾ വർഷത്തിൽ പുറത്തിറങ്ങുകയും ഇത്തരം സിനിമകളിൽ 75 ശതമാനംസിനിമകളും ലാഭകരമായി പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 175 ഓളം മലയാള സിനിമകൾ പുറത്തിറങ്ങിയപ്പോൾ പതിനഞ്ചിൽ താഴെ സിനിമകൾ മാത്രമാണ് സാമ്പത്തികമായി നഷ്ടമുണ്ടാക്കാതെ പിടിച്ചുനിന്നത്എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്..പുറത്തു വരാത്ത പലതരത്തിലുള്ള തട്ടിപ്പുകളും തിരിമറികളും സിനിമയിൽ സ്ഥിരമായി നടക്കുകയാണ് ..മെഗാസ്റ്റാറുകളുടെ വരെ സിനിമകൾ പൊട്ടിപ്പൊളിയുന്ന സ്ഥിതിയുണ്ട്. ഇത് ഉണ്ടാക്കുന്ന ക്ഷീണം മാറ്റാൻ മെഗാസ്റ്റാറുകൾ സ്വന്തം പണം മുടക്കി അടുത്ത പടം നിർമ്മിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മെഗാസ്റ്റാറുകൾ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ഇത്തരത്തിൽ നിർമ്മാണ കമ്പനികൾ ഉണ്ട്.

ഇപ്പോൾ പുതിയതായി ഉണ്ടായിട്ടുള്ള സിനിമാ തർക്കത്തിൽ നിർമ്മാതാവായ സുരേഷ് കുമാറിനെ വെല്ലുവിളിച്ചത് മറ്റൊരു പുതുമുഖ നിർമ്മാതാവായ ആൻറണി പെരുമ്പാവൂർ ആണ്. ഈ മഹാൻ,, മെഗാസ്റ്റാർ മോഹൻലാലിൻറെ കാറിൻറെ ഡ്രൈവറായി സിനിമയിൽ എത്തിയ ആളാണ്. മോഹൻലാലിനെ കയ്യും കണക്കും ഇല്ലാതെ പണം ഉണ്ടായപ്പോൾ സ്വന്തമായി സിനിമ പിടിക്കാൻ വേണ്ടി ഒരുബിനാമിയെ കണ്ടതാണ്.ഇ ആൻറണി പെരുമ്പാവൂർ വെറും കൂലിപ്പണിക്കാരനായിരുന്നു .മോഹൻലാലിൻറെ തണലിൽ ഇപ്പോൾ, വലിയ കോടീശ്വരനായി ഞെളിഞ്ഞു നടക്കുകയാണ് അദ്ദേഹം . ഇത്തരത്തിലുള്ള തരികിട പണികളിലൂടെ സിനിമയിൽ കോടീശ്വരന്മാരായ മറ്റു പലരും ഉണ്ട്. ഇവർക്കൊന്നും സിനിമയുടെ ചരിത്രം അറിയില്ല മാത്രവുമല്ല സിനിമ എന്നത് സമൂഹവുമായി ബന്ധപ്പെട്ട വലിയ ഒരു കലാരൂപം ആണ് എന്നും അതിന്റേതായ ധർമ്മവും കർമ്മവും ഉണ്ട് എന്നും വിവരമില്ലാത്ത ആന്റണി പെരുമ്പാവൂരിന് അറിയില്ലായിരിക്കാം. കയ്യിൽ ആവശ്യത്തിലധികം പണം കുമിഞ്ഞു കൂടുമ്പോൾ എന്തും ആകാം എന്ന സ്ഥിതിയിലേക്ക് മനുഷ്യർ എത്തിച്ചേരുന്നു.

വലിയ പ്രതിസന്ധിയിലൂടെ നീങ്ങുന്ന മലയാള സിനിമയെ ഇപ്പോഴുള്ള പ്രതിസന്ധികളിൽ നിന്നും കരകയറ്റുവാൻ യഥാർത്ഥ ഇടപെടൽ നടത്തേണ്ടത് സംസ്ഥാന സർക്കാർ ആണ്. കുത്തഴിഞ്ഞു കിടക്കുന്ന സിനിമ മേഖലയെ ഒരു ചട്ടക്കൂടിൽ നിർത്തിക്കൊണ്ട് ന്യായമായ പ്രവർത്തനങ്ങൾക്കും പ്രതിഫലങ്ങൾക്കും നിയമപരമായി സംവിധാനം ഒരുക്കിയാൽമാത്രമേ മലയാള സിനിമയെ രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ.. സൂപ്പർസ്റ്റാറുകളും, മെഗാസ്റ്റാറുകളും ഒക്കെ ജീവിക്കാൻ വലിയതോതിൽ പണം സമ്പാദിച്ചിട്ടുണ്ട്. എന്നാൽ സിനിമയിൽ ദിവസ പണിയെടുത്ത് കുടുംബം കഴിഞ്ഞുപോകുന്ന നൂറുകണക്കിന് ആൾക്കാർ ഉണ്ട്…. സിനിമയുടെ ഈ പ്രതിസന്ധി അവരെ പട്ടിണിയിൽ ആക്കിയിട്ടുണ്ട് എന്നകാര്യവും സർക്കാർ ഗൗരവമായി കാണണം…