നമ്മുടെ ഭരണഘടന അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ പരമാധികാരി ഗവർണർ ആണ്. ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. സംസ്ഥാനത്ത് ഔദ്യോഗിക തലത്തിൽ എന്തു നടപടി എടുത്താലും അതെല്ലാം പരമാധികാരിയായ ഗവർണറുടെ പേരിൽ ആയിരിക്കണം എന്നതാണ് ചട്ടം .എന്നാൽ ജനാധിപത്യ സംവിധാനത്തിൽ ഒരു സംസ്ഥാനത്തെ ഭരണാധികാരി ആണ് എല്ലാ കാര്യങ്ങളുടെയും അധിപൻ എങ്കിലും ഗവർണറുടെ അനുമതിയും അനുവാദവും വാങ്ങി വേണം ഏത് സർക്കാരും പ്രവർത്തിക്കാൻ.. സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ സുഗമമായും സ്വതന്ത്രമായും നിർവഹിക്കപ്പെടുന്നതിന് വേണ്ടകാര്യങ്ങൾ ചെയ്യാൻ ഗവർണർക്കും ഉത്തരവാദിത്വമുണ്ട്. രണ്ടുപേരും സമതുല്യരാണ്. കേരളത്തിൽ കുറച്ചുകാലം മുമ്പ് വരെ ഗവർണരും സർക്കാരും തമ്മിൽ വലിയ പോരടിക്കൽ ആയിരുന്നു. ഗവർണർ മാറി പുതിയ ഗവർണർ വന്നെങ്കിലും പണ്ടത്തെ അവസ്ഥയിലേക്ക് മാറിയോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. സംസ്ഥാനത്ത് ധന പ്രതിസന്ധി അടക്കം പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. കേന്ദ്രം ഒരുതരത്തിലും സഹായിക്കുന്നില്ല എന്നാണ് സംസ്ഥാനത്തിന്റെ പരാതി. ഏതായാലും പണം ആണല്ലോ വിഷയം അതുകൊണ്ടുതന്നെ കേന്ദ്ര ധനകാര്യ മന്ത്രി കനിയുക .അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ല അതുകൊണ്ടാണ് കേന്ദ്ര ധന മന്ത്രിയെ കാണുക എന്ന നടപടിക്ക് നീങ്ങിയത്. എന്നാൽ കേന്ദ്രധന മന്ത്രി കേരള ഹൗസിൽ എത്തിയത് മുഖ്യമന്ത്രി ക്ഷണിച്ചിട്ടാണോ അതോ ഗവർണർ ക്ഷണിച്ചിട്ടാണോ എന്ന കാര്യത്തിൽ ആരും മറുപടി പറയുന്നില്ല.
കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കേരള ഹൗസിൽ എത്തുകയും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം ഇരുന്ന് ഇഡലിയും ചായയും കഴിച്ചു എന്നും ആണ് പുറത്തുവന്ന വാർത്ത. 50 മിനിറ്റോളം അവിടെ ചർച്ച നടന്നു എന്ന് പറയപ്പെടുന്നു. ചർച്ചയും ചായകുടിയും കഴിഞ്ഞ് പുറത്തുവന്ന കേന്ദ്രമന്ത്രിയോട് മാധ്യമങ്ങൾ എന്തോ ചോദിച്ചപ്പോൾ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു എന്നാണ് മറുപടി പറഞ്ഞത്. കേന്ദ്രമന്ത്രി മറ്റൊന്നും പറഞ്ഞില്ല …
കേന്ദ്രമന്ത്രി കേരള ഹൗസിൽ എത്തിയതിന്റെ അവകാശവാദം മറ്റൊരാൾ കൂടി ഏറ്റെടുക്കുന്നുണ്ട്. അത് മറ്റാരുമല്ല കുറച്ചുനാൾ മുമ്പ് വരെ കോൺഗ്രസിന്റെ കേരള – ദേശീയ നേതാവായിരുന്ന ഇപ്പോഴത്തെ സർക്കാരിൻറെ ഡൽഹി പ്രതിനിധി കെ വി തോമസ്. തോമസ് മാസ്റ്റർക്ക് ഡൽഹിയിൽ വലിയ പിടിപാടുണ്ട്. അത് ഉപയോഗിച്ചു ധനകാര്യ മന്ത്രിയെ കേരള ഹൗസിൽ എത്തിച്ചു എന്നാണ് അദ്ദേഹത്തിൻറെ അവകാശവാദം. ഏതായാലും മാധ്യമങ്ങൾ ഒരു കാര്യം പുറത്തുവിട്ടു .കേന്ദ്ര ധനകാര്യ മന്ത്രി പദത്തിൽ ഇരിക്കുന്ന ഒരാൾ കേരള ഹൗസിൽ എത്തി കേരള മുഖ്യമന്ത്രിയുടെ ഒപ്പം ഇരുന്ന് ചായ കുടിക്കുന്നത് ചരിത്രത്തിൽ ആദ്യമായി ഉണ്ടായ സംഭവമാണ്. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറും കെ വി തോമസും ഒക്കെ വട്ടം കൂടിയിരുന്ന് ഒരു മണിക്കൂറോളം ചർച്ച നടത്തിയിട്ടും കേരളത്തിലെ ഗതികേട് മാറ്റാൻ എന്തെങ്കിലും കിട്ടിയോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല .എന്തായാലും മലയാളികൾക്ക് ഒരു കാര്യത്തിൽ ആശ്വസിക്കാം കേന്ദ്ര മന്ത്രി ഇഡലിയും ചായയും മാത്രമല്ലേ കഴിച്ചുള്ളൂ ഉച്ച ഭക്ഷണം ആയിരുന്നെങ്കിൽ കുറച്ചുകൂടി വലിയ ബില്ല് വന്നേനെ.
ഒരുമാസം കഴിഞ്ഞു മുഖ്യമന്ത്രിയുടെയും ഗവർണറുടെയും കിടപ്പാടത്തിന് മുന്നിൽ ഒരു കൂട്ടം പാവപ്പെട്ട പെണ്ണുങ്ങൾ വട്ടച്ചെലവിന് വഴി ചോദിച്ചു സമരം നടത്തുകയാണ്. 25000 ഓളം വരുന്ന കേരളത്തിലെ ആശ വർക്കർമാരാണ് ഈ സമരം നടത്തുന്നത്.ന്യായമായ ആവശ്യങ്ങളാണ് അവർക്കുള്ളത് .ഇപ്പോൾ ഉള്ള 270 രൂപ ദിവസ ശമ്പളം കുറഞ്ഞത് 500 രൂപയെങ്കിലും ആക്കി ഉയർത്തണം, ഇവരെ ജോലിയിൽ സ്ഥിരപ്പെടുത്തണം .നാട്ടുകാർക്ക് ഒരുപാട് ഗുണങ്ങൾ ചെയ്യുന്ന ആൾക്കാരാണ് ആശാവർക്കർമാർ. ഒരു മണിക്കൂറോളം ഡൽഹിയിൽ വട്ടം കൂടി ഇരുന്നിട്ടും മുഖ്യമന്ത്രിയും ഗവർണറും ആശാവർക്കർമാരുടെ കാര്യം ഓർമ്മിച്ചില്ല എന്നാണ് പറയുന്നത്. ഇത് മാത്രമല്ല കേരളത്തിൽ കഴിഞ്ഞ കാലവർഷത്തിന് വയനാട്ടിൽ വമ്പൻ പ്രകൃതി ദുരന്തമാണ് ഉണ്ടായത് .നൂറുകണക്കിന് ആൾക്കാർ മരണപ്പെടുകയും, അതിലും അധികം ആൾക്കാരുടെ വീടും കടകളും മറ്റും തകരുകയും ചെയ്യുകയുണ്ടായി.. അവിടുത്തെ ആൾക്കാർ ഇപ്പോഴും കയറിക്കിടക്കാൻ വീടിനായി നെട്ടോട്ടം ഓടുകയാണ്. ഇതിൻറെ പരിഹാരത്തിന് പണം വേണം. ഈ കാര്യത്തിലും കേന്ദ്ര ധന മന്ത്രി ഒന്നും പറഞ്ഞില്ല എന്നാണ് അറിയുന്നത്..
ഇതൊക്കെയാണ് ഡൽഹിയിൽ നടന്നത്എങ്കിൽ എന്തിനുവേണ്ടി ആയിരുന്നു ഈ നാടകം നടത്തൽ എന്നതാണ് നാട്ടുകാർ ഇപ്പോൾ ചോദിക്കുന്ന ചോദ്യം. മുഖ്യമന്ത്രിയും ഗവർണറും മറ്റു പ്രമുഖ ഉദ്യോഗസ്ഥരും ഒക്കെ ധനകാര്യ മന്ത്രിക്ക് മുന്നിൽ ഇരുന്ന് ചർച്ച നടത്തിയപ്പോൾ ഈ വിഷയങ്ങൾ ഗൗരവമായി പറയുകയും അതിന്മേൽ കേന്ദ്രസർക്കാരിൻറെ അനുകൂല തീരുമാനങ്ങൾ ഉണ്ടാക്കുകയും ചെയ്യേണ്ടതായിരുന്നു.. . യഥാർത്ഥത്തിൽ നടന്നത് വെറും നാടകം തന്നെ ആയിരുന്നു ഗവർണറെ കാൾ കേമനാണ് മുഖ്യമന്ത്രി എന്നോ അല്ലെങ്കിൽ മുഖ്യമന്ത്രിയെക്കാൾ കേമനാണ് ഗവർണർ എന്നോ ജനങ്ങളെ അറിയിക്കാൻ നടന്ന നാടകമാണ്എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല..
നന്ദി നമസ്കാരം ..