സീരിയല്‍ നടിയുടെ വീട്ടില്‍ മീന്‍ വില്‍ക്കാന്‍ വന്ന ബിനുവുമായി ചങ്ങാത്തം

കൊല്ലം: വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി കുടുംബ കഥ പറയുന്ന സീരിയലിലെ നടി.

പത്തനംതിട്ട മലയാലപ്പുഴ അമൃതയില്‍ നിത്യ ശശി ആറു മാസം മുമ്ബാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ഇതിനിടയിലാണ് ഹണിട്രാപ്പില്‍ ഇവരുടെ കൂട്ടാളിയായ പരവൂര്‍ കലയ്ക്കോട് ശിവ നന്ദനത്തില്‍ ബിനുവിനെ പരിചയപ്പെടുന്നത്. ഊന്നിൻമൂട്ടില്‍ ഫിഷ് സ്റ്റാള്‍ നടത്തുന്ന ഇയാള്‍ സമീപ സ്ഥലത്ത് താമസിക്കുന്ന നിത്യയുടെ വീട്ടില്‍ മത്സ്യവുമായി എത്തുമായിരുന്നു. ഈ പരിചയം പിന്നീട് സൗഹൃദമായി മാറുകയും ബിനുവിന്റെ ബന്ധുവായ വയോധികനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാനുള്ള പദ്ധതി പ്ലാൻ ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി നിത്യയും സുഹൃത്ത് ബിനുവും പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികള്‍ സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു. നിത്യ നേരത്തേ സര്‍ക്കാര്‍ സ്ഥാപനമായ കാപ്പെക്സില്‍ ലീഗല്‍ അസിസ്റ്റന്റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു.

തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന കൊല്ലം പരവൂര്‍ സ്വദേശിയായ എഴുപത്തിനാലുകാരന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. വയോധികന്റെ ഭാര്യ മരിച്ചുപോയതാണ്. മക്കളില്ല. തിരുവനന്തപുരം പട്ടത്താണ് താമസം. പരവൂര്‍ കലയ്ക്കോട്ടുള്ള വീട് അടച്ചിട്ടിരിക്കുകയാണ്. വല്ലപ്പോഴുമാണ് ഇവിടെ എത്തുന്നത്.

വയോധികന്റെ കലയ്ക്കോട്ടുള്ള വീട് വില്‍ക്കാനുണ്ടെന്നറിഞ്ഞാണ് സീരിയല്‍ നടിയും നിയമ ബിരുദധാരിയുമായ നിത്യ ബന്ധം സ്ഥാപിച്ചത്. കഴിഞ്ഞ മേയ് അവസാന ആഴ്ചയാണ് തട്ടിപ്പിനു തുടക്കം കുറിക്കുന്നത്. വീട് കാണുന്നതിനായി നിത്യ കലയ്ക്കോട് എത്തി. തുടരെയുള്ള ഫോണ്‍ സംഭാഷണത്തിലൂടെ സൗഹൃദം ഉറപ്പിച്ച ശേഷം നിത്യ വീണ്ടും വീട്ടില്‍ എത്തി. അവിടെ വച്ചു വയോധികനെ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി. ഇതിനു പിന്നാലെ വയോധികന്റെ ബന്ധുവും നിത്യയുടെ സുഹൃത്തുമായ ബിനു വീട്ടിനുള്ളില്‍ പ്രവേശിച്ചു നഗ്നചിത്രങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി.

പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഭീഷണി രൂക്ഷമായതോടെ ആദ്യം 6 ലക്ഷം രൂപ നല്‍കി. ഭീഷണി തുടര്‍ന്നപ്പോള്‍ 5 ലക്ഷം രൂപ കൂടി കൈമാറി. എന്നാല്‍ 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെ കഴിഞ്ഞ 18നു പരവൂര്‍ പൊലീസില്‍ പരാതി നല്‍കി.

പോലീസിന്റെ നിര്‍ദേശപ്രകാരം ബാക്കി പണം നല്‍കാമെന്നു പറഞ്ഞ് പട്ടത്തെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയ പ്രതികളെ പരവൂര്‍ ഇൻസ്പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘവും   അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.