അള്‍ജിറിയന്‍ ഗൊറില്ല മത്സ്യം; ആള്‍ക്കുരങ്ങിന്റെ മുഖവും വലിയ ശരീരവുമുള്ള ഭീമാകാരനായ ഒരു മത്സ്യം
സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് അള്‍ജിറിയന്‍ ഗൊറില്ല മത്സ്യം. ആള്‍ക്കുരങ്ങിന്റെ മുഖവും വലിയ ശരീരവുമുള്ള ഭീമാകാരനായ ഒരു മത്സ്യത്തിന്റെ ചിത്രമാണ് ഇന്റര്‍നെറ്റില്‍ വൈറലായത് .മത്സ്യബന്ധന ബോട്ടില്‍ അള്‍ജിറിയന്‍ ഗൊറില്ല മത്സ്യത്തെ എടുത്തുയര്‍ത്തി കൊണ്ട് നില്‍ക്കുന്ന ഒരാളുടെ ചിത്രം നിമിഷം നേരംകൊണ്ടുതന്നെ ലോകമൊട്ടാകെ ശ്രദ്ധ പിടിച്ചുപ്പറ്റി. തിമിംഗലങ്ങളെ വേട്ടയാടുന്ന ഒരു അപൂര്‍വ മത്സ്യമാണ് അള്‍ജിറിയന്‍ ഗൊറില്ല എന്നുള്ള വാദങ്ങളും ഇന്റര്‍നെറ്റില്‍ ഉടലെടുത്തു. എന്താണ് സത്യം?.
കരീബിയന്‍ മേഖലയില്‍ ഒന്നായ ട്രിനിഡാഡില്‍ നിന്നുമാണ് മത്സ്യത്തെ ലഭിച്ചത് എന്ന അടികുറിപ്പോടെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ മൃഗവിദഗ്ധനായ മൈക്ക് ഹോള്‍സ്റ്റന്‍ ഷെയര്‍ ചെയ്തത്. യുഎസിലെ മയാമി സൂവോളജിക്കല്‍ വൈല്‍ഡ്‌ലൈഫ് ഫൗണ്ടേഷന്റെ മൃഗശാലയുടെ പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ഹോള്‍സ്റ്റന്‍. ഒരു തമാശയെന്ന നിലയ്‌ക്കാണ് അദ്ദേഹം ചിത്രം ഷെയര്‍ ചെയ്തതും. എന്നാല്‍ കമന്റുകളെല്ലാം ഈ മത്സ്യം അള്‍ജിറിയന്‍ ഗൊറില്ല ആണെന്നായിരുന്നു. പലരും മത്സ്യത്തിന്റെ പ്രത്യേകതകള്‍ വിവരിച്ച് രംഗത്തു വരികയും ചെയ്തു.അള്‍ജിറിയന്‍ ഗൊറില്ല മത്സ്യം 34 മുട്ടകള്‍ കരയില്‍ ഇടാറുണ്ടെന്ന് ചിലര്‍ അവകാശപ്പെട്ടു. പ്രജനന കാലത്ത് ഇണകളെ ആകര്‍ഷിക്കാന്‍ ഇവ ചുവന്ന നിറമാകുമെന്നടക്കമുള്ള കഥകളും പ്രചരിച്ചു. എന്നാല്‍ ചിത്രം കണ്ട പലര്‍ക്കും ഇത് വ്യാജമാണോ എന്ന സംശയം ഉടലെടുത്തു. അള്‍ജിറിയന്‍ ഗൊറില്ല എന്ന് പേരുള്ള ഒരു മത്സ്യത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടും ലഭിക്കാത്തതോടെ അവര്‍ ഇത് വ്യാജമാണെന്ന് ഉറപ്പിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ അള്‍ജിറിയന്‍ ഗൊറില്ല ഫിഷ് എന്ന മത്സ്യം ഈ ലോകത്തില്ല എന്നും ഇപ്പോള്‍ പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് വഴി എഡിറ്റ് ചെയ്ത് ഒരു വ്യാജ ചിത്രമാണെന്നും തെളിഞ്ഞു.