രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു
ന്യൂഡൽഹി: പ്ലക്കാർഡുകളുമേന്തി ലോക്സഭയിൽ പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ സ്പീക്കർ ഓം ബിർല പിൻവലിച്ചു. സഭയിൽ വീണ്ടും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു. ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതിരുന്നത്.
അതേസമയം, ഇന്ന് സഭ സമ്മേളിച്ചതിന് പിന്നാലെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും യോഗം ചേർന്നയുടൻ നിർത്തിവയ്ക്കേണ്ടി വന്നു. സസ്പെൻഷൻ പിൻവലിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസിലെ മനീഷ് തിവാരിയുടെ നേതൃത്വത്തിൽ വിലക്കയറ്റം സംബന്ധിച്ച് ചർച്ച നടത്താൻ സ്പീക്കർ അനുമതി നൽകി. രാവിലെ ലോക്സഭയിൽ സസ്പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശിവസേന എംപിമാർ രാജ്യസഭയിൽ പ്രതിഷേധിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെച്ചൊല്ലി കേന്ദ്രസർക്കാർ തർക്കിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപാർട്ടികൾ പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പദ്ധതി പ്രകാരം ജോലി ചെയ്യുന്നവരുടെ വേതനം വർദ്ധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അധ്യാപക നിയമന വിവാദത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണമെന്ന് സംസ്ഥാനത്ത് നിന്നുള്ള ബിജെപി എംപിമാർ ആവശ്യപ്പെട്ടു.