അമ്മമാർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് കുട്ടികൾ മനസിലാക്കണം: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് കുട്ടികൾ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 102 വിദ്യാർത്ഥികളാണ് സംവാദത്തിൽ പങ്കെടുത്തു. ഡൽഹിയിലെ തൽക്കോത്തറ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ടൈം മാനേജ്മെന്റ് അമ്മമാരിൽ നിന്ന് പഠിക്കണം. നിങ്ങളുടെ അമ്മയുടെ ടൈം മാനേജ്‌മെന്റ് കഴിവുകൾ നിരീക്ഷിക്കണം പരീക്ഷാ സമയത്ത് നിങ്ങളുടെ പഠനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്ക് അറിയാനാകും. അമ്മമാരിൽനിന്ന് മൈക്രോ മാനേജ്‌മെന്റും പഠിക്കണം, അവർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

ചില വിദ്യാർത്ഥികൾ അവരുടെ സർഗാത്മകത കോപ്പിയടിക്ക് ഉപയോഗിക്കുന്നു. ആ വിദ്യാർത്ഥികൾ അവരുടെ സമയവും സർഗാത്മകതയും നല്ലരീതിയിൽ ഉപയോഗിച്ചാൽ അവർ വിജയത്തിന്റെ ഉയരങ്ങൾ കീഴടക്കും. കാണികളുടെ സമ്മർദത്തിന് വഴങ്ങാതെ പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബാറ്റ്സ്മാനെപ്പോലെ, ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പരീക്ഷ എഴുതണം. അപ്പോഴാണ് പ്രതീക്ഷകൾ ശക്തിയായി മാറുന്നത്. സ്വയം വിലകുറച്ച് കാണരുത്. അവരവരുടെ കഴിവുകൾ അവരവർ തിരിച്ചറിയണം. അത് തിരിച്ചറിയുന്ന ദിവസം നമ്മൾ ഏറ്റവും കഴിവുള്ളവരായി മാറുമെന്നും പ്രയത്നിക്കുന്നവർക്ക് ഉറപ്പായും അതിന്റെ ഫലം ലഭിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.