പൗരത്വഭേദഗതി സംഘർഷം;അറസ്റ്റിലായ ഷർജീൽ ഇമാമിനെ വെറുതെ വിട്ടു

2019 ഡിസംബർ 13ന് ജാമിയമിലിയയിൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ വിദ്യാർഥി നേതാവായ ഷർജീൽ ഇമാമിനെ ഡൽഹി സാകേത് കോടതി വെറുതെ വിട്ടു. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാൽ തൻഹയേയും കോടതി കുറ്റവിമുക്തനാക്കി.

സംഭവത്തിൽ ഇരുവരെയും പൊലീസ് പ്രതിചേർത്തിരുന്നു. 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.

എന്നാൽ 2020-ലെ ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാം ഇപ്പോൾ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഈ കേസിൽ ജാമ്യം ലഭിച്ചാൽ ഷർജീലിന് പുറത്തിറങ്ങാൻ കഴിയൂ.