ലണ്ടന്‍: രാജ്യത്തുടനീളം ഉയരുന്ന ശബ്ദങ്ങള്‍ കേന്ദ്രം എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നിലപാടുകള്‍ പിന്തുടരുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നല്ല ഫലം ലഭിക്കുകയും അല്ലാത്തവരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നു. ബി.ബി.സി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ എഴുതുന്നത് നിറുത്തിയാല്‍ അവര്‍ക്കെതിരായ എല്ലാ ആരോപണങ്ങളും അപ്രത്യക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അതേസമയം, അടുത്തിടെ കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി രംഗത്ത് എത്തിയതിനെതിരെയും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
താനുള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് നിരീക്ഷക്കപ്പെട്ടതായി രാഹുല്‍ ആരോപിച്ചിരുന്നു. പിന്നാലെ, രാഹുല്‍ ഗാന്ധി വിദേശ മണ്ണില്‍ നിന്ന് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ഒരിക്കലും തന്റെ ഉദ്ദേശ്യമല്ലെന്ന് രാഹുല്‍ ശനിയാഴ്ച ലണ്ടനില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ പറയുന്നതിനെ വളച്ചൊടിക്കാന്‍ ബി.ജെ.പി ഇഷ്ടപ്പെടുന്നു. ശരിക്കും വിദേശത്ത് പോകുമ്ബോള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യക്തി പ്രധാനമന്ത്രിയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒന്നും നടന്നില്ലെന്നും അഴിമതിയായിരുന്നെന്നും അദ്ദേഹം വിദേശത്ത് വച്ച് പറഞ്ഞു.