ആദ്യം വിജ്ഞാപനം പിന്‍വലിക്കൂ, സമയം നീട്ടുന്ന കാര്യം അതു കഴിഞ്ഞു നോക്കാം’; കേന്ദ്രത്തിനെതിരെ സുപ്രീം കോടതിന്യൂഡല്‍ഹി:

First withdraw the notification and we will deal with the matter of extension of time'; Supreme Court New Delhi against Centre:

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രകാരം നല്‍കേണ്ട കുടിശ്ശിക നാലു തവണകളായി നല്‍കുമെന്ന് അറിയിച്ച്‌ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി പിന്‍വലിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. പ്രതിരോധ മന്ത്രാലയത്തിന് നിയമം കയ്യിലെടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. കുടിശ്ശികയില്‍ ഒരു ഗഡു നല്‍കിക്കഴിഞ്ഞതായും ശേഷിച്ച തുക നല്‍കാന്‍ സമയം വേണമെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ”ആദ്യം നിങ്ങള്‍ ജനുവരി 20ന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കൂ. സമയം നീട്ടി നല്‍കുന്ന കാര്യം അതിനു ശേഷം പരിഗണിക്കാം” ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പര്‍ദിവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

സുപ്രീം കോടതിയുടെ വിധിക്കു വിരുദ്ധമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടിശ്ശിക നാലു ഗഡുവായി നല്‍കുമെന്ന് ഏകപക്ഷീയമായി തീരുമാനിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിനാവില്ല. കൊടുത്തു തീര്‍ക്കേണ്ട തുകയും നടപടിക്രമങ്ങളും മുന്‍ഗണനകളും വ്യക്തിമാക്കി വിശദമായ കുറിപ്പു നല്‍കാന്‍ അറ്റോര്‍ണി ജനറലിനു കോടതി നിര്‍ദേശം നല്‍കി. പ്രായമായവര്‍ക്ക് ആദ്യം എന്ന നിലയില്‍ വേണം കുടിശ്ശിക നല്‍കേണ്ടത്. കേസ് തുടങ്ങിയതിനു ശേഷം ഇതുവരെ നാലു ലക്ഷത്തിലേറെ പെന്‍ഷന്‍കാര്‍ മരിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കുടിശ്ശിക നാലു ഗഡുക്കളായി നല്‍കുമെന്ന വിജ്ഞാപനത്തിനെതിരെ എക്‌സ് സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. മാര്‍ച്ച്‌ 15ന് അകം തുക കൊടുക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.