ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ മയക്കുവെടിവച്ചു

തമിഴ്നാട് : പരിഭ്രാന്തനായ അരിക്കൊമ്പൻ കമ്പത്തെ പുളിമരത്തോട്ടത്തിൽ നിന്ന് കമ്പിവേലി പൊളിച്ച് പുറത്തുവരുന്നു .ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു. രാത്രി 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. സ്ഥലത്തുനിന്ന് മാറ്റുന്നതിനായി പിന്നീട് എലിഫന്റ് ആംബുലന്‍സിലേക്ക് മാറ്റി. എവിടേക്കാണ് മാറ്റുന്നത് എന്നകാര്യം പുറത്തുവിട്ടിട്ടില്ല. രണ്ടുഡോസ് മയക്കുവെടിവെച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ആരോഗ്യനിലയടക്കം പരിശോധിച്ചശേഷമാവും അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അരിക്കൊമ്പനെ മാറ്റുന്നതിനായി മൂന്ന് കുങ്കിയാനകളെ തമിഴ്‌നാട് വനംവകുപ്പ് സ്ഥലത്തെത്തിച്ചിട്ടുണ്ട്.

മൂന്നാറിലെ ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതിനിടെ, അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.
പന്തല്ലൂര്‍ മെക്കന-2 (പി.എം.-2), പാലക്കാട് ടസ്‌കര്‍-7 (പി.ടി.-7) എന്നീ ശല്യക്കാരായ കാട്ടാനകളെ സമീപകാലത്ത് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയതോടെയാണ് ഇടുക്കിയിലും സമാന ആവശ്യമുയര്‍ന്നത്. കാലങ്ങളായി ചിന്നക്കനാലില്‍ പ്രശ്‌നക്കാരനായ അരിക്കൊമ്പനെ പിടികൂടി കൂട്ടിലാക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍, വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ഹൈക്കോടതി അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റണമെന്ന് ഉത്തരവിട്ടു. കൂടുതല്‍ തീറ്റയും വെള്ളവുമുള്ള മേഖലയായതിനാല്‍ മനുഷ്യര്‍ക്ക് ആന ശല്യമുണ്ടാക്കാനിടയില്ല എന്ന നിഗമനത്തിലായിരുന്നു തീരുമാനം. ഇതേത്തുടര്‍ന്നാണ് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയത്.

റേഷന്‍കടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകര്‍ത്ത് അരി ഉള്‍പ്പെടെയുള്ളവ അകത്താക്കുന്നതാണ് ഈ കൊമ്പന്റെ ശീലം എന്നതുകൊണ്ട് ‘അരിക്കൊമ്പന്‍’ എന്ന പേരും കിട്ടി. ഇങ്ങനെ അരി കൂടുതൽ കഴിക്കുന്നത് അരികൊമ്പന് തന്നെയാണ്ആപത് .ഇങ്ങനെ അരി കഴിക്കുന്നത്ആനയ്ക്ക് മോശമാണെന്നുള്ളത് ജനങ്ങൾ മനസിലാക്കുന്നില്ല .എട്ടുവര്‍ഷത്തിനിടെ അരിക്കൊമ്പന്‍ 15 തവണ റേഷന്‍കടകളില്‍ കയറി. കട തകര്‍ത്ത് ഉള്ളിലുള്ള അരിയും ഗോതമ്പും ആട്ടയുമൊക്കെ കഴിക്കും. ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒരുതവണ ആന അകത്താക്കുന്നത്. മാര്‍ച്ച് 16-ന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായെത്തിയ ലോറി തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അരി, പഞ്ചസാര തുടങ്ങിയവ അരിക്കൊമ്പന്‍ അകത്താക്കിയിരുന്നു .
തമിഴ്നാഡ്‌ സർക്കാർ ഇതിനെ കുങ്കിയാനകൾ ആക്കുമോ എന്ന കാര്യം ആശങ്കയിലാണ് .മനുഷ്യന്മാർ കാടുകേറി പോകുമ്പോൾ കാട്ടിലുള്ള ജീവികൾ നാട്ടിലേക്ക് ഇറങ്ങിവരുന്ന .അതിനുള്ള സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് .