ഉത്തര്‍ പ്രദേശില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വെടിയേറ്റ് മരിച്ചു; ലഖ്നോ കോടതി പരിസരത്ത് വച്ച്‌ ഗുണ്ടാ നേതാവ് സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്

ഉത്തർപ്രദേശ് :  ഉത്തര്‍ പ്രദേശില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വെടിയേറ്റ് മരിച്ചു. ലഖ്നോ കോടതി പരിസരത്ത് വച്ച്‌ ഗുണ്ടാ നേതാവ് സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്
ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പടിഞ്ഞാറൻ യുപിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും ഗുണ്ടാത്തലവൻ മുക്താര്‍ അൻസാരിയുടെ കൂട്ടാളിയുമാണ് കൊല്ലപ്പെട്ട ജീവ.
ലഖ്‌നോ സിവില്‍ കോടതിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കോടതി മുറിക്ക് പുറത്തു വച്ചാണ് സഞ്ജീവ് ജീവയെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. അഭിഭാഷക വേഷത്തിലെത്തിയ അക്രമി സഞ്ജീവ് ജീവയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും പെണ്‍കുട്ടിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണു സഞ്ജീവ് ജീവ. ദ്വിവേദി കൊലക്കേസില്‍ വാദം കേള്‍ക്കുന്നതിനായാണ് സഞ്ജീവിനെ കോടതിയിലെത്തിച്ചത്. അഭിഭാഷകന്റെ വേഷത്തില്‍ കാറിലെത്തിയ പ്രതി സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷം സംഭവ സ്ഥലത്തുനിന്നു കടന്നുകളഞ്ഞെന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുൻപാണ് മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദ് യുപി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
യുപി മുൻ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന് ഒമ്ബത് തവണ വെടിയേറ്റിരുന്നതായിട്ടായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സഹോദരൻ അഷ്റഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഒരു വെടിയുണ്ട അതിഖ് അഹമ്മദിൻറെ തലയില്‍ നിന്നും എട്ട് വെടിയുണ്ടകള്‍ നെഞ്ചിലും ശരീരത്തിൻറെ പുറകില‍് നിന്നുമായി കണ്ടെടുത്തെന്നാണ് വിവരം. അഷ്റഫ് അഹമ്മദിന് അഞ്ച് തവണയാണ് വെടിയേറ്റത്. ഈ വിഷയത്തിലെ വിവാദങ്ങള്‍ ഒന്ന് കെട്ടടങ്ങിയപ്പോഴാണ് യുപിയില്‍ കോടതി മുറിക്ക് പുറത്തു വച്ച്‌ കൊലപാതകം നടന്നിരിക്കുന്നത്.