ആന്ധ്രാ പ്രദേശിൽ പത്താംക്ലാസ് വിദ്യാര്‍ഥിയെ പെട്രോളിഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ ബപാട്‌ല ജില്ലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പെട്രോളിഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പ്രദേശവാസികള്‍ ഉടന്‍തന്നെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമര്‍നാഥ് എന്ന പതിനഞ്ചു വയസ്സുകാരന്റെ ദേഹത്ത് പെട്രോളൊഴിച്ചശേഷം അക്രമികള്‍ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം. അമര്‍നാഥിന്റെ മൂത്ത സഹോദരിയെ വെങ്കിടേശ്വര റെഡ്ഢി എന്ന ഇരുപത്തൊന്നുകാരന്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ശല്യം ചെയ്യുക പതിവായിരുന്നു. തുടര്‍ന്ന് ഇത് അമര്‍നാഥും കുടുംബവും ചോദ്യംചെയ്തിരുന്നു. അടുത്തിടെ വെങ്കിടേശ്വരയുടെ രക്ഷിതാക്കളെ വിളിച്ചുകൂട്ടിയും ഇതുസംബന്ധിച്ച്‌ താക്കീതു നല്‍കി. തുടര്‍ന്ന് ഇതിന്റെ പക തീര്‍ക്കാനെന്നോണം വെള്ളിയാഴ്ച രാവിലെ സൈക്കിളില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോകവേ, ആളൊഴിഞ്ഞ സ്ഥലത്തുവെച്ച്‌ അമര്‍നാഥിനെ തടഞ്ഞുനിര്‍ത്തി പ്രതികള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.