ഒറ്റ ദിവസം യോഗ ചെയ്യാൻ ഒന്നിച്ചത് 1.53 ലക്ഷം പേർ… ഇത് ചരിത്രം തിരുത്തിയ റെക്കൊഡ്.

 

 

ഒറ്റ ദിവസം യോഗയ്ക്കായി ഒന്നിച്ചത് 1.53 ലക്ഷം പേർ. എല്ലാ വർഷവും ജൂൺ 21 ആണ് ഭാരതം യോഗാ ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ യോഗാ ദിനത്തിൻ്റെ പ്രത്യേകത എന്നു പറഞ്ഞാൽ ഒരു സ്ഥലത്ത് അന്ന് ഒരുമിച്ച് യോഗ ചെയ്തത് 1.53 ലക്ഷം പേർ ആയിരുന്നു. അങ്ങനെ ഒരേ സ്ഥലത്ത് ഏറ്റവും അധികം ആളുകൾ സംബന്ധിച്ച യോഗ പ്രദർശനത്തിൻ്റെ ഗിന്നസ് റെക്കോഡ് ഗുജറാത്തിലെ സൂറത്ത് നഗരം കരസ്ഥമാക്കുകയും ചെയ്തു. രാജസ്ഥാനിലെ കോട്ടയിൽ 2018 – ൽ സ്ഥാപിച്ച 100984 പേരുടെ റെക്കോഡ് ആണ് മറികടന്നത്. പത്തര കിലോമീറ്റർ നീളത്തിൽ റോഡിൽ ഇരുവശവുമായിട്ടാണ് ആളുകളെ ഇരുത്തിയത്. ക്യു. ആർ. കോഡ് പതിപ്പിച്ച ആംബാൻഡ് എല്ലാവർക്കും നൽകിയിരുന്നു. ഇതുവഴിയാണ് ഗിന്നസ് അധികാരികൾ എണ്ണം എടുത്തത്. ഇത് നമുക്ക് മനസിലാക്കി തരുന്നത് യോഗയുടെ പ്രസക്തിയാണ്. യോഗ ഇന്ന് ഏവരിലേയ്ക്കും പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുക തന്നെയാണ്. രാജ്യത്തെ ഭൂരിഭാഗവും ആളുകളും ഇപ്പോൾ യോഗയുടെ ആരാധകരായി മാറിക്കൊണ്ടിരിക്കുന്നു. അതിന് ജാതിയില്ല, മതമില്ല, വർഗമില്ല, ഭാഷയില്ല, ഏതൊരാളിലേയ്ക്കും യോഗ വലിപ്പ ചെറുപ്പമില്ലാതെ കടന്നു ചെന്നുകൊണ്ടിരിക്കുന്നു. പ്രാചീനഭാരതത്തിലെ മുനി വര്യന്മാർ മനുഷ്യരാശിക്ക് നൽകിയ അമൂല്യ സംഭാവനയാണ് യോഗ. യോഗ എന്താണെന്നറിയുന്നത് വരെ നമുക്കത്‌ തലകുത്തി നിൽക്കുന്ന ഒരു പ്രവർത്തി മാത്രമായിരിക്കും . പക്ഷേ, യോഗ എന്തെന്ന് അറിഞ്ഞു കഴിഞ്ഞാൽ അത് ഒരാളുടെ മനസിനെ ശാന്തതയിലേക്കു കൊണ്ടുവരുന്ന ഒരു പ്രവർത്തിയായി മാറും. എല്ലാദിവസവുമൊരു 15 മിനിട്ട്‌ ഒരു റീലാക്സിങ് മ്യൂസിക് ഒക്കെ ഇട്ടു കണ്ണടച്ചു ചുറ്റുമുള്ളതെല്ലാം മറന്ന് നമ്മുടെ ഉള്ളിലേക്ക് ഒരു യാത്രപോവണം. അവിടെ നമ്മൾ മറക്കേണ്ടതിനെ മറക്കാൻ പഠിക്കും. തള്ളേണ്ടതിനെ തള്ളാൻ പഠിക്കും . സാമ്പത്തിക മാറ്റത്തിനേക്കാളും ശാരീരിക മാറ്റത്തിനെക്കാളുമൊക്കെ നമുക്ക് വേണ്ടത് മാനസിക മാറ്റമാണെന്ന് പഠിക്കും. അങ്ങനൊരു മാറ്റം ഉണ്ടായാൽ പിന്നെ ജീവിതത്തിന് ഒരു പ്രേത്യേക ലഹരിയാണ് . ആരെന്തു പറഞ്ഞാലും പ്രവർത്തിച്ചാലും നഷ്ടപ്പെട്ടാലുമൊന്നും അത് നമ്മളെ ബാധിക്കത്തെയില്ല .
അനാരോഗ്യത്തിൽപോലും അതിനെ മറന്ന് നിലവിൽ ഉള്ള സാധ്യതകളെ കുറിച്ച് മാത്രം ചിന്തിക്കും.
ദാരിദ്രത്തിൽ ജീവനുണ്ടല്ലോ ഏന്നോർത്ത്‌ ആശ്വസിക്കും. കടബാധ്യതയിൽ ഇതും കടന്നുപൊകുമെന്നു മനസിലക്കി സമാധാനിക്കും. കാരണം നമ്മളിവിടെ നമ്മുടെ സെൽഫ്‌ ഇമ്പോർട്ടൻസ് മാത്രമേ മനസിലക്കുന്നുള്ളൂ . ആയതിനാൽ തന്നെ മാനസികവും ശാരീരികവുമായൊരു ഉന്മേഷത്തിന് യോഗ അടിപൊളിയാണ് എന്ന് പറയാം. ഇത് തന്നെയാണ് യോഗ എല്ലാവർക്കും സ്വീകര്യമാകുന്നത്. മനുഷ്യന്റെ നിത്യജീവിതത്തിൽ ആരോഗ്യപരമായ ജീവിതത്തിന് യോഗ അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് യോഗ ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യവുമാണ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്. ശാരീരികവും മാനസികവും ആത്മീയവുമായുള്ള കൂടിച്ചേരൽ അതാണ് ഉദ്ദേശിക്കുന്നത്. തിരക്കും മത്സരവും നിറഞ്ഞ ഈ കാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിൽനിന്ന് മുക്തമാകുവാൻ ഈ യോഗ സഹായിക്കുന്നുണ്ടെന്ന് തീർച്ചയാണ്. അതിനുള്ള തെളിവാണ് യോഗാദിനത്തിൽ ഒരു സ്ഥലത്ത് മാത്രം കൂടിയ ലക്ഷക്കണക്കിന് ആളുകൾ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യാ മഹാ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ യോഗ ആചരിച്ചവരുടെ എണ്ണം എത്ര കോടി യാകും എന്ന് ഊഹിക്കാവുന്നതല്ലെയുള്ളു. അതാണ് യോഗയുടെ ഈ കാലങ്ങളിലെ വളർച്ച.
യോഗ ദിനത്തിൽ പ്രധാനമന്ത്രിയെയും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെയും വാഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തുവന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. യോഗ ദിനത്തോടനുബന്ധിച്ച് കോൺഗ്രസിൻ്റെ ട്വിറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിൻ്റെ പരാമർശം. യോഗയെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ദേശിയ നയത്തിൻ്റെ ഭാഗമാക്കുകയും ചെയ്തത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ് റു വാണെന്നാണ് കോൺഗ്രസ് ട്വിറ്റ് ചെയ്തത്. യോഗ അന്താരാഷ്ട്ര തലത്തിലെത്തിക്കുന്നതിൽ നെഹ്രുവിനൊപ്പം പങ്കുവഹിച്ചവരാണ് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യമന്ത്രാലയവുമെന്നായിരുന്നു തരൂരിൻ്റെ ട്വിറ്റ്. ഇത് എന്തുമായിക്കൊള്ളട്ടെ, യോഗ എല്ലാവരുടെയും ആണ്. എല്ലാവർക്കും ഉള്ളതാണ്. നമുക്ക് എല്ലാവർക്കും ഒന്നിച്ച് യോഗയെ അങ്ങ് ഏറ്റെടുക്കാം…..