കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ 22 കാരനായ പ്രതി അറസ്റ്റിൽ

 

ദില്ലി: കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതി 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി.
വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. ഒരു വ്യക്തി ഏത് വാക്സീനാണ് സ്വീകരിച്ചതെന്നും മറ്റൊരാള്‍ക്ക് അറിയാം. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താം. . വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.