അതിവേഗ പാത: നിർമാണത്തിൽ സഹകരിക്കാൻ തയ്യാർ ; ഇ ശ്രീധരൻ

 

കൊച്ചി: കെ. റെയില്‍ സംബന്ധിച്ച് ഔദ്യോഗികമായി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന്. മെട്രോമാന്‍ ഇ. ശ്രീധരന്‍. ഈ പദ്ധതി കേരളത്തിന് ആവശ്യമാണ്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പാതയിലൂടെ കൂടുതൽ ട്രെയിനുകൾ ഇനി ഓടിക്കാനാകില്ല. കേരളത്തിലെ എക്‌സ്‌പ്രസ് ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 48–50 കിലോമീറ്റർ മാത്രമാണ്. അഞ്ചു വർഷത്തിനുള്ളിൽ അവസ്ഥ ഇനിയും മോശമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. റെയിൽവേ പദ്ധതികളുടെ അവലോകനത്തിനായി സതേൺ റെയിൽവേ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി കൂടിക്കാഴ്ചക്കെത്തിയതായിരുന്നു ഇ. ശ്രീധരൻ. പരിചയസമ്പത്തുള്ള ഡി.എം.ആർ.സിയോ റെയിൽവേയോ നിർമാണമേറ്റെടുക്കുന്നതാണ് നല്ലത്. കെ-റെയിലിന്റെ പദ്ധതിയിൽ പല പോരായ്മകളുമുണ്ട്. ഡി.എം.ആർ.സി ഏറ്റെടുത്താൽ 12 മാസത്തിനുള്ളിൽ ഡി.പി.ആർ തയ്യാറാക്കാനാകും. ആറു കൊല്ലം കൊണ്ട് നിർമ്മാണവും പൂർത്തിയാക്കാം.പദ്ധതിക്ക് പണം കണ്ടെത്താനുള്ള മാർഗം കൂടി ഉൾപ്പെട്ടതായിരിക്കും ഡി.എം.ആർ.സി തയ്യാറാക്കുന്ന ഡി.പി.ആർ. പദ്ധതി നിർമ്മാണം ഏല്പിച്ചാലും ഏറ്റെടുക്കാൻ തന്റെ പ്രായം അനുവദിക്കുന്നില്ല. എന്നാൽ കേന്ദ്രാനുമതി ലഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടാനും സംസ്ഥാന താത്പര്യം മുൻനിറുത്തി നിർദ്ദേശങ്ങൾ നൽകാനും കഴിയും.

നിലവില്‍ കെ-റെയിലുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാരില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ.വി തോമസ് വന്നത്. കെ.വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നല്‍കിയതെന്നും കേരളത്തിന് ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. നിര്‍മ്മാണ ചുമതല സംബന്ധിച്ചും സര്‍ക്കാരിനെ നിര്‍ദ്ദേശം അറിയിച്ചു. ഇന്ത്യന്‍ റെയില്‍വെയോ ഡല്‍ഹി മെട്രോയോ ഇതിന്റെ നിര്‍മ്മാണം നടത്തണം. മുഖ്യമന്ത്രിയെ കാണാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പറഞ്ഞു. പുതിയ പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കും. കേന്ദ്രത്തെ ഉള്‍പ്പെടുത്തിയാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഡല്‍ഹി മെട്രോ, കൊങ്കണ്‍ റെയില്‍വേ എന്നീ മാതൃക ആലോചിക്കാവുന്നതാണ്. എംബാങ്ക് മെന്റിന് പകരം എലിവേറ്റഡ് പാത ആയാല്‍ പരിസ്ഥിതി നാശം ഒഴിവാക്കാം. 18 മാസം കൊണ്ട് പുതിയ ഡിപിആര്‍ തയ്യാറാക്കാം. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈ സ്പീഡ് റെയില്‍വേ ചര്‍ച്ച നടത്തിയിരുന്നു. കെ റെയില്‍ വേണ്ട എന്ന കോണ്‍ഗ്രസിന്റെത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.