ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാദൗത്യത്തിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ആളില്ലാപേടകം ഒന്നരമാസത്തിനകം

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാദൗത്യത്തിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ആളില്ലാപേടകം ഒന്നരമാസത്തിനകം ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കുമെന്ന് വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ചന്ദ്രയാൻ-മൂന്ന് വിക്ഷേപണത്തിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് സഹപ്രവർത്തകർ സ്വീകരണം നൽകി.

മിഷൻ ഡയറക്ടർ എസ്. മോഹനകുമാർ, വെഹിക്കിൾ ഡയറക്ടർ ബിജു സി. തോമസ്, അസോ. വെഹിക്കിൾ ഡയറക്ടർ പി.കെ. സുധീഷ്‌കുമാർ, ക്രയോജനിക് സ്റ്റേജ് പ്രോജക്ട് ഡയറക്ടർ ഡോ. കെ.എസ്. ബിജുകുമാർ, ക്രയോജനിക് സ്റ്റേജ് ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഡോ. ആർ.എസ്. പ്രവീൺ, എൻജിനിയർമാർ എന്നിവരും തിരിച്ചെത്തി. വലിയമല എൽ.പി.എസ്.സി. ഡയറക്ടർ ഡോ. വി. നാരായണൻ, ഐ.ഐ.എസ്.യു. ഡയറക്ടർ ഇ.എസ്. പത്മകുമാർ എന്നിവർ ശനിയാഴ്ച വൈകീട്ടോടെയെത്തി.

മനുഷ്യനെ വഹിക്കുമ്പോൾ ഇപ്പോൾ വിട്ട എൽ.വി.എം.-3 ലോഞ്ച് വെഹിക്കിളിന്റെ സുരക്ഷ പോരാ. മനുഷ്യൻ പോകുമ്പോൾ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ബഹിരാകാശയാത്രികർക്ക് രക്ഷപ്പെടാൻ അതിന്റെ അറ്റത്ത് ക്രൂ എസ്കേപ്പ് സിസ്റ്റം ഘടിപ്പിക്കണം. എസ്കേപ്പ് സംവിധാനത്തിന് പിഴവില്ലെന്ന് ഉറപ്പുവരുത്താനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് -ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.

ചന്ദ്രയാൻ മൂന്നിന്റെ മുന്നോട്ടുള്ള പ്രവർത്തനം ത്രസ്റ്റർ(പേടകത്തിന് ജ്വലനം നടത്താനുള്ള സംവിധാനം) സ്വയം നിർവഹിക്കും. പേടകത്തിൻറെ വേഗം കുറയ്ക്കുന്നതും കൂട്ടുന്നതും ത്രസ്റ്ററാണ്. ഓഗസ്റ്റ് ഒന്നോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചന്ദ്രനെ ചുറ്റാൻ തുടങ്ങും. ഇപ്പോഴുള്ളതിന്റെ വിപരീതദിശയിൽ ത്രസ്റ്റർ പ്രവർത്തിപ്പിച്ച്, പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിന്റെ 800 മീറ്റർ ഉയരത്തിലെത്തുമ്പോൾ പേടകം കുത്തനെ (ഹെലികോപ്റ്റർ ഇറങ്ങുന്നതുപോലെ) ഇറങ്ങുമെന്ന് മിഷൻ ഡയറക്ടർ എസ്. മോഹനകുമാർ പറഞ്ഞു.