ന്യൂഡൽഹി : ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി പത്തുദിവസം മാത്രമാണ് അവശേഷിക്കുന്നത്.
നിലവില്‍ രണ്ടു നികുതി സ്‌കീമുകളാണ് ഉള്ളത്. നികുതിദായകന്റെ സാമ്ബത്തിക ആവശ്യങ്ങള്‍ അനുസരിച്ച് പഴയ നികുതി ഘടനയോ, പുതിയ നികുതി സ്‌കീമോ പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍, നികുതി കണക്കുകള്‍, നിക്ഷേപം, വരുമാന രേഖകള്‍ തുടങ്ങിയവാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്ബോള്‍ സമര്‍പ്പിക്കേണ്ടത്. ഇതിന് പുറമേ പാന്‍, ആധാര്‍ കാര്‍ഡ് എന്നിവയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അത്യാവശ്യമാണ്.
നിലവില്‍ വ്യത്യസ്ത ഐടിആര്‍ ഫോമുകള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഐടിആര്‍ വണ്‍, ഐടിആര്‍ ടു, ഐടിആര്‍ ത്രീ, ഐടിആര്‍ ഫോര്‍ എന്നിങ്ങനെ നാലു ഫോമുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. വരുമാനത്തിന് അനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ട ഫോമുകളിലും വ്യത്യാസം വരും.
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് വീണ്ടും പരിശോധിച്ച് കണക്കുകള്‍ കൃത്യമാണ് എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.പ്രത്യേകിച്ച് ആദ്യമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍. ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പിഴ ഒടുക്കണം. അഞ്ചുലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപയാണ് പിഴ ഈടാക്കുക. അഞ്ചുലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ പിഴ 5000 രൂപയായി ഉയരും.