ന്യൂനപക്ഷങ്ങള്‍ക്കുള്ള 144 കോടി രൂപ കൈപ്പറ്റിയത് 830 ഓളം വ്യാജ സ്ഥാപനങ്ങള്‍: റിപ്പോര്‍ട്ട്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വ്യാജ സ്ഥാപനങ്ങളാണ് ന്യൂനപക്ഷത്തിന്റെ പേരില്‍ വന്‍ അഴിമതി നടത്തിയിരിക്കുന്നതെന്നും സിബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഫണ്ടുകള്‍ സ്വീകരിച്ചത് 830 വ്യാജ സ്ഥാപനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. കടലാസ് സ്ഥാപങ്ങള്‍, ഏകദേശം 144 കോടി രൂപ കൈപ്പറ്റിയതായി സിബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വ്യാജ സ്ഥാപനങ്ങളാണ് ന്യൂനപക്ഷത്തിന്റെ പേരില്‍ വന്‍ അഴിമതി നടത്തിയിരിക്കുന്നതെന്നും സിബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18-നും 2021-22-നും ഇടയിലാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം വഴി, വ്യാജ സ്ഥാപനങ്ങള്‍ വന്‍ തുക കൈപ്പറ്റിയിരിക്കുന്നത്. 830 സ്ഥാപനങ്ങളില്‍ 700 ലധികം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.
അസം (225), കര്‍ണാടക (162), ഉത്തര്‍പ്രദേശ് (154) എന്നിവിടങ്ങളിലാണ് ഈ വ്യാജ സ്ഥാപനങ്ങളുള്ളതെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. പലതും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പലതും പ്രവര്‍ത്തനരഹിതമായും ഭാഗികമായി പ്രവര്‍ത്തിക്കുന്നതോ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ക്ക് കീഴിലുള്ള ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിനോട് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കേസില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും ജില്ലാ-സംസ്ഥാനതല ഓഫീസര്‍മാരിലെ നോഡല്‍ ഓഫീസര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 420 (വഞ്ചന), 468 (വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖയോ ഇലക്ട്രോണിക് റെക്കോര്‍ഡോ ഉപയോഗിച്ച്), അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാജ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ എന്റോള്‍ ചെയ്ത വ്യാജ ഗുണഭോക്താക്കള്‍, യഥാര്‍ത്ഥ സ്ഥാപനങ്ങളില്‍ എന്റോള്‍ ചെയ്ത വ്യാജ ഗുണഭോക്താക്കള്‍, യഥാര്‍ത്ഥ സ്ഥാപനങ്ങളില്‍ നിന്നുള്ള ഭാഗികമായി വ്യാജ ഗുണഭോക്താക്കള്‍ എന്നിങ്ങനെ മൂന്ന് തരം തട്ടിപ്പുകാരാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഛത്തീസ്ഗഡ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പേരില്‍ പണം ഇടനിലക്കാര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.

സബ് കാ സാത്ത് സബ് കാ വികാസ് എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം കൊട്ടിഘോഷിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇത്തരം വിഷയങ്ങളില്‍ വെളിച്ചത്തുവരുന്നത്. തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ മാത്രം ന്യൂനപക്ഷത്തോട് സ്‌നേഹം കാട്ടുന്ന കേന്ദ്രം, അവര്‍ അനുവദിക്കുന്ന തുക അര്‍ഹരിലേക്ക് എത്തിച്ചേരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്.