ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അദാനി നടത്തിയത് വമ്പന്‍ തട്ടിപ്പ്; മൗനാനുവാദം നല്‍കി കേന്ദ്രം
ന്യൂഡല്‍ഹി: ഓഹരിത്തകര്‍ച്ചയെ നേരിടാന്‍ സ്വന്തം കമ്പനിയില്‍ നിക്ഷേപിച്ചത് അദാനി തന്നെയെന്ന് റിപ്പോര്‍ട്ട്. വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ച് അദാനി വന്‍ ക്രമക്കേട് നടത്തിയതായാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേര്‍ വഴി വിദേശത്തെ നിഴല്‍ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളില്‍ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. തായ് വാന്‍ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസര്‍ അലി ഷഹബാന്‍ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയ വിദേശികള്‍.
ഇരുവരും ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ കമ്പനിയിലെ ഡയറക്ടര്‍മാരാണ്. മൗറീഷ്യസ് ആസ്ഥാനമായ കമ്പനി വഴിയാണ് തായ് വാന്‍, യു.എ.ഇ സ്വദേശികള്‍ ഓഹരി വാങ്ങി കൂട്ടിയതെന്നും ഒ.സി.സി.ആര്‍.പി വെളിപ്പെടുത്തുന്നു. അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ത്തുന്നതിന് വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടത്തിയെന്ന് യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ടിരുന്നു.
കൂടാതെ, അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കനത്ത ഇടിവിന് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ കാരണമാവുകയും ചെയ്തു. ആദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കമ്പനിയുമായി ബന്ധമുള്ള ആളുകള്‍ തന്നെ വാങ്ങുകയും ഓഫ്‌ഷോര്‍ കമ്പനികള്‍ വഴി ഓഹരി മൂല്യം ഉയര്‍ത്തിയെന്നുമായിരുന്നു ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് ഒ.സി.സി.ആര്‍.പി വെളിപ്പെടുത്തല്‍.
സാഹചര്യ തെളിവുകളെ ബന്ധപ്പെടുത്തി കൊണ്ടുള്ള അനുമാനങ്ങളാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ അനുമാനങ്ങള്‍ ശരിവെക്കുന്ന രേഖകളാണ് ഒ.സി.സി.ആര്‍.പിക്ക് ലഭിച്ചത്.
2010നും 2013നും ഇടക്ക് അദാനി പവര്‍ മഹാരാഷ്ട്രക്കും അദാനി പവര്‍ രാജസ്ഥാനും വേണ്ടി പവര്‍ എക്യുപ്‌മെന്റുകള്‍ ചൈന, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, എക്യുപ്‌മെന്റുകള്‍ മാത്രം ഇന്ത്യയിലേക്ക് വരുകയും ഇന്‍വോയ്‌സുകള്‍ ദുബൈയിലെ വിനോദ് അദാനിയുടെ കമ്പനിയിലേക്കാണ് അയച്ചത്. ഈ കമ്പനി പണം കൂടുതല്‍ കാണിച്ച് ഇന്ത്യയിലേക്ക് അയച്ചു. ഏകദേശം നാലായിരം കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കടത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) കേസായിരുന്നു ഇത്.
2014 മെയ് 14ന് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് ഈ കേസില്‍ ഡി.ആര്‍.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കേസില്‍ അന്വേഷണം നടന്നില്ല. തുടര്‍ന്ന് ഡി.ആര്‍.ഐയുടെ ബന്ധപ്പെട്ട അതോറിറ്റി കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കി.
നാലായിരം കോടി രൂപ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കും തുടര്‍ന്ന് മൗറീഷ്യസിലേക്കും പോയെന്നും അവിടെ നിന്ന് എവിടേക്കാണ് പണം പോയതെന്ന് അറിയില്ലെന്നുമാണ് ഡി.ആര്‍.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. മൗറീഷ്യസില്‍ നിന്ന് പണം ആരുടെ പക്കല്‍ പോയെന്നാണ് ഒ.സി.സി.ആര്‍.പി കണ്ടെത്തിയിട്ടുള്ളത്.
മൗറീഷ്യസില്‍ എത്തിയ പണത്തില്‍ 100 മില്യന്‍ () വിനോദ് അദാനി രൂപകരിച്ച രണ്ട് കമ്പനികളില്‍ ഒരെണ്ണം മറ്റേ കമ്പനിക്ക് വായ്പ കൊടുത്തെന്ന് ഒ.സി.സി.ആര്‍.പിക്ക് ലഭിച്ച രേഖകള്‍ പ്രകാരം കണ്ടെത്തി. കടം കൊടുത്തതും വാങ്ങിയതുമായ രേഖകളില്‍ ഒപ്പ് വെച്ചിട്ടുള്ളത് വിനോദ് അദാനി തന്നെയാണ്. ഈ 100 മില്യന്‍ ബര്‍മൂഡയിലുള്ള ഗ്ലോബല്‍ ഓപ്പര്‍ച്യുനിറ്റി ഫണ്ടില്‍ നിക്ഷേപിച്ചു. ആ ഫണ്ട് പിന്നീട് മൗറീഷ്യസിലേക്ക് തിരികെ കൊണ്ട് വന്ന് മറ്റൊരു ഫണ്ടില്‍ നിക്ഷേപിച്ചു. ഈ ഫണ്ട് അദാനി കമ്പനിയുടെ ഓഹരി വാങ്ങിക്കാന്‍ ഉപയോഗിച്ചെന്നും മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ അംഗമായ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ ചൂണ്ടിക്കാട്ടുന്നു.
അദാനിയുടെ സ്ബസിഡീയറി കമ്പനികളില്‍ ഡയറക്ടറായിരുന്ന ചാങ് ചുങ് ലിങ് ആണ് ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നാസര്‍ അലി ഷഹബാന്‍ അലിയും അദാനിയുടെ വ്യാപാര പങ്കാളിയാണ്. 2000-2004ലും ഇടക്ക് വജ്ര കയറ്റുമതിയില്‍ തിരിമറി നടത്തി കോടികള്‍ സമ്പാദിച്ചെന്ന ഡി.ആര്‍.ഐ കേസില്‍ ചാങ് ചുങ് ലിങ്ങിന്റെയും നാസര്‍ അലി ഷഹബാന്‍ അലിയുടെയും പേരുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ഈ കേസിലും ക്ലീന്‍ ചിറ്റ് നല്‍കി.
ഇത്തരത്തില്‍ നിക്ഷേപം നടന്നത് 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകള്‍ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴല്‍ കമ്പനികള്‍ക്ക് നല്‍കും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം ഓഹരികള്‍ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി അദാനി പണം തട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിആര്‍ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഇത് അറിയാമായിരുന്നെന്നും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് വിഷയത്തില്‍ അദാനിയുടെ പ്രതികരണം.