കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ ;ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു
ന്യുഡല്‍ഹി: ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്രസര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു.
ഇന്നു മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ അനുവദിക്കില്ലെന്ന് കനഡയില്‍ വിസ അപേക്ഷകള്‍ പരിഗണിക്കുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് വ്യക്തമാക്കി.
കാനഡയില്‍ ഖാലിസ്താന്‍ നേതാവ് സുഖ്ദൂള്‍ സിംഗ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എന്‍ഐഎ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ പെടുത്തിയിരുന്ന ഇയാളെ കൈമാറാന്‍ കേന്ദ്രം കാനഡയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരുപതിലേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ 2017ല്‍ വ്യാജ യാത്രാരേഖകളുണ്ടാക്കിയാണ് കാനഡയിലേക്ക് കടന്നത്. ഇന്ത്യ തേടുന്ന 25 ഓളം കൊടുംക്രിമിനലുകളാണ് കാനഡയില്‍ കഴിയുന്നത്. അതിനിടെ, സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുയര്‍ത്ത സാഹചര്യത്തില്‍ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ വര്‍ധിപ്പിച്ചതായി കാനഡ വ്യക്തമാക്കി.
ഖാലിസ്താന്‍ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ പേരില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം (റോ) മേധാവിയെ കാനഡ കഴിഞ്ഞ ദിവസം പുറത്താക്കിയതോടെയാണ് നയതന്ത്ര ബന്ധത്തില്‍ ആഴത്തിലുള്ള വിള്ളലുണ്ടായത്. പകരമായി മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി എതിര്‍പ്പ് അറിയിക്കുകയും ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യ എടുത്ത കടുത്ത നടപടിക്ക് പകരമായി ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കാനഡയും വീസ വിലക്ക് കൊണ്ടുവന്നാല്‍ ജോലിക്കും പഠനത്തിനുമായി കാനഡയിലേക്ക് പോകാന്‍ ഒരുങ്ങുന്ന മലയാളികള്‍ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.