കോൺഗ്രസ് നേതാക്കൾക്ക് തലവേദനയായി കനഗോലു..
5 സിറ്റിംഗ് എംപിമാരെ മാറ്റിയില്ലെങ്കിൽ തോൽവി ഉറപ്പ് എന്ന്തെരഞ്ഞെടുപ്പ് വിദഗ്ധൻ...
കോൺഗ്രസ് നേതാക്കൾക്ക് തലവേദനയായി കനഗോലു..5 സിറ്റിംഗ് എംപിമാരെ മാറ്റിയില്ലെങ്കിൽ തോൽവി ഉറപ്പ് എന്ന്തെരഞ്ഞെടുപ്പ് വിദഗ്ധൻ….ലോകസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ എം പി മാരായ എല്ലാരും അതേപടി അവരവരുടെ മണ്ഡലങ്ങളിൽ വീണ്ടും സ്ഥാനാർത്ഥിയാവുക എന്ന കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തെ വെട്ടി, കേരളത്തിൽ വന്ന കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗമായ സുനിൽ ഗോലു…. കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും നിലവിലെ എംപിമാർ മാറി പുതിയ സ്ഥാനാർഥികളെ നിയോഗിച്ചില്ല എങ്കിൽ ഈ മണ്ഡലങ്ങളിൽ പരാജയം ഉറപ്പെന്നു തെരഞ്ഞെടുപ്പ് വിദഗ്ധൻ കഴിഞ്ഞദിവസം ചേർന്ന നേതൃയോഗത്തിൽ അറിയിച്ചു . പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിൽ കനഗോലുവിനെ കൂടാതെ എഐസിസി സെക്രട്ടറിയായ കെസി വേണുഗോപാൽ കേരളത്തിൻറെ ചുമതലയുള്ള ദേശീയ സെക്രട്ടറി ദീപ ദാസ് മുൻഷി, രമേശ് ചെന്നിത്തല തുടങ്ങിയവരും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സിന്റെ പ്രതിനിധികളും ഈ യോഗത്തിൽ ഉണ്ടായിരുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലും നേരിട്ടെത്തി അഭിപ്രായ രൂപീകരണവും പഠനവും നടത്തിയ ശേഷം തയ്യാറാക്കിയ റിപ്പോർട്ട് സമിതിക്ക് മുന്നിൽ കനഗോലു അവതരിപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് 20 ൽ അഞ്ചു മണ്ഡലങ്ങളിൽ നിർബന്ധമായും നിലവിലെ എംപിമാരെ മത്സരരംഗത്ത് നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡൻറ് സുധാകരനും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഈ നിർദ്ദേശത്തോട് യോജിക്കാൻ തയ്യാറാകാത്തതിനാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥികളുടെ കുഴഞ്ഞുമറിയുന്ന സ്ഥിതിയിലേക്കെത്തുകയാണ്. കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മാർച്ച് നാലിന് ചേരുന്നുണ്ട്. ഇതിനുമുമ്പ് ഒരു ദിവസം കൊണ്ട് കേരളത്തിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ടാസ്ക് ഫോഴ്സ് നിർദ്ദേശങ്ങൾ ഏത് തരത്തിൽ പരിഹരിക്കാൻ കഴിയും എന്നറിയാതെ കുഴയുകയാണ് കേരളത്തിലെ നേതാക്കൾ… ഇവിടുത്തെ നേതാക്കൾ ഒറ്റക്കെട്ടായി ‘കനഗോലുവിന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയുകയും നിലവിലെ എംപിമാരെ മുഴുവനായും മത്സരിപ്പിക്കുകയും ചെയ്യുന്ന തീരുമാനം കൈക്കൊണ്ടാൽ പിന്നെ തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ കേരളത്തിലെ നേതാക്കൾ മാത്രമായിരിക്കും തോൽവിക്ക് ഉത്തരവാദികൾ…. ഈ സാഹചര്യം ഉണ്ടാക്കുന്നതിനോട് പ്രതിപക്ഷ നേതാവിനും താല്പര്യമില്ല. അതുകൊണ്ടുതന്നെ വിശദമായ സർവ്വേ നടത്തി ടാസ്ക് ഫോഴ്സ് നൽകിയിട്ടുള്ള റിപ്പോർട്ട് ഗൗരവമായി പരിഗണിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് സതീശന്റെ നിലപാട്. ലോകസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വിധത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ തോൽക്കുന്ന സ്ഥിതി വന്നാൽ സ്വാഭാവികമായും അതിൻറെ കുറ്റം മുഴുവൻ പ്രതിപക്ഷ നേതാവിന്റെ ചുമലിൽ വരാനാണ് സാധ്യത.. ഇതും സതീശൻ മുൻകൂട്ടികാണുന്നുണ്ട്. കാസർഗോഡ് മണ്ഡലത്തിലെ നിലവിലെ എംപി രാജ്മോഹൻ ഉണ്ണിത്താൻ, പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠൻ, ആലത്തൂർ ലോകസഭ അംഗമായ രമ്യ ഹരിദാസ്, പത്തനംതിട്ട എംപി ആന്റോ ആൻറണി, മാവേലിക്കര ലോകസഭാംഗം കൊടുക്കുന്നിൽ സുരേഷ്, എന്നിവരെ പുതിയ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയാൽ തോൽവി ഉറപ്പായിരിക്കും എന്നാണ് കനഗോലു റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ഏതായാലും ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച് ഇതുവരെ ഒരു അനക്കവും ഉണ്ടായിട്ടില്ല എങ്കിലും കേരളത്തിലെ കാര്യത്തിൽ ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ വലിയ ആശങ്കയിലാണ്. കേരളത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ യഥാർത്ഥ മത്സരം നടക്കുന്നത്എൽഡിഎഫും യുഡിഎഫും തമ്മിലാണ്.. ഇതിൽ എൽഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയാക്കി സിപിഎമ്മിന്റെ അടക്കം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തേക്ക് ഇറങ്ങിയത് കോൺഗ്രസ് നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.. തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് നിർദ്ദേശങ്ങൾ നടപ്പിൽ വരുത്താൻ കോൺഗ്രസ് നേതാക്കൾക്ക് മറ്റൊരു തടസ്സം കൂടി മുന്നിൽ നിൽക്കുകയാണ്. ഹൈക്കമാൻഡ് തീരുമാനം എന്നു പറഞ്ഞു നിലവിലെ മുഴുവൻ കോൺഗ്രസ് എംപിമാരും അതാത് മണ്ഡലങ്ങളിൽ മതിലെഴുത്തുകളും പോസ്റ്റർ പതിക്കലും പ്രചരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രചരണവുമായി മുന്നോട്ട് നീങ്ങുകയും പ്രവർത്തകർ രംഗത്തിറങ്ങുകയും ചെയ്ത സാഹചര്യത്തിൽ സ്ഥാനാർഥികളെ മാറ്റിയാൽ ഉണ്ടാകാവുന്ന രൂക്ഷമായ പ്രതിസന്ധി കോൺഗ്രസ് നേതാക്കളെ വലയ്ക്കുന്നുണ്ട്. ഏതായാലും ആധുനിക സംവിധാനം എന്ന രീതിയിൽ കേരളത്തിലെ നേതാക്കൾ ഒരുമിച്ചു നിന്നു ഇറക്കുമതി ചെയ്തതാണ് മുൻപൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ്.’ പാർട്ടിക്ക് പുറമേ നിന്ന് തെരഞ്ഞെടുപ്പ് വിദഗ്ധനെ കൊണ്ടുവന്നതിനെ സീനിയർ നേതാക്കൾ പലരും ശക്തമായി എതിർത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, കെ മുരളീധരൻ, തുടങ്ങിയവരെല്ലാം തെരഞ്ഞെടുപ്പ് വിദഗ്ധനായ കനഗോലുവിൻ്റെ വരവിനെ എതിർത്തിരുന്നതാണ്. തെരഞ്ഞെടുപ്പ് വിഷയങ്ങൾ ഗൗരവമായും രഹസ്യമായും മുതിർന്ന നേതാക്കൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുന്ന വേദികളിൽ പാർട്ടിയിൽ ഒരു പങ്കാളിത്തവും ഇല്ലാത്തവരെ ഒപ്പം ഇരുത്തേണ്ടിവരുന്നത് ഗുണത്തേക്കാൾ ദോഷമായിരിക്കും ഭാവിയിൽ ഉണ്ടാക്കുക എന്നാണ് സുധീരനടക്കമുള്ള നേതാക്കൾ അഭിപ്രായപ്പെട്ടത്. ഏതായാലും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലുള്ളവരെ വലിയ ആശങ്കയിലും പ്രതിസന്ധിയിലും നിലനിർത്തി കൊണ്ടാണ് ടാസ്ക് ഫോഴ്സിൻ്റെ റിപ്പോർട്ടർ വന്നിരിക്കുന്നത്. നേതാക്കൾ തന്നെ ഒരുമിച്ച് തീരുമാനമെടുത്ത് നിയോഗിച്ച ഇലക്ഷൻ ടാസ്ക് ഫോഴ്സിൻറെ നിർദ്ദേശങ്ങൾ പരിഗണിക്കാതെ തള്ളിക്കളഞ്ഞാൽ അതിൻറെ പഴി കേൾക്കേണ്ടി വരുന്നതും ഈ നേതാക്കൾ തന്നെ ആയിരിക്കും.. അതുകൊണ്ട് തന്നെ തള്ളാനും വയ്യ, കൊള്ളാനും വയ്യ എന്ന തരത്തിൽ തൃശങ്കുസ്വർഗത്തിൽ നിൽക്കുകയാണ് കേരളത്തിലെ നേതാക്കൾ….