പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് അമിത് ഷാ പറയുന്നത്. രാജ്യത്തെ പൗരന്‍മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇന്ത്യ മുന്നണി നേതാക്കള്‍ അധികാരത്തിലെത്തില്ലെന്നും അമിത് ഷാ പരിഹസിക്കുന്നു.
‘നരേന്ദ്രമോദി സര്‍ക്കാരാണ് സി.എ.എ കൊണ്ടുവന്നത്. അത് പിന്‍വലിക്കുക അസാധ്യമാണ്. ഭേദഗതിയെ കുറിച്ച് രാജ്യമെങ്ങും ബോധവല്‍ക്കരണം നടത്തുമെന്നും, എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കുന്നു. കേരളത്തിലും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉറപ്പിച്ചു പറയുന്നു. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ തയാറല്ല, സിഎഎ ഒരിക്കലും പിന്‍വലിക്കില്ല,’ എഎൻഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ കൂട്ടിച്ചേർക്കുന്നു.
വിവാദമായ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. അധികാരത്തില്‍ വന്നാല്‍ നിയമം റദ്ദാക്കുമെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് അവര്‍ക്കു തന്നെ അറിയാം എന്നാണ് അമിത് ഷാ പ്രതികരിച്ചത്. ‘ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ബിജെപിയാണ്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. ഇത് റദ്ദാക്കുക അസാധ്യമാണ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ഇടം ഇല്ലാത്തവിധം ഞങ്ങള്‍ രാജ്യമാകെ നിയമത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും.’ അമിത് ഷാ പറഞ്ഞു.
വിവാദ നിയമത്തിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് ഉണ്ടാക്കുകയാണെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളെ അമിത് ഷാ പരിഹസിച്ചു തള്ളി. ‘പ്രതിപക്ഷത്തിന് വേറെ പണിയില്ല, ഒന്നു പറയുകയും മറ്റൊന്ന് പ്ര
വർത്തിക്കുകയും ചെയ്യുന്ന ചരിത്രമാണ് അവർക്കുള്ളത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ചരിത്രം വേറെയാണ്. ബിജെപിയോ പ്രധാനമന്ത്രിയോ എന്തെങ്കിലും പറഞ്ഞാല്‍ അത് കല്ലില്‍ കൊത്തിവെച്ചത് പോലെയാണ്. മോദി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടും’- അമിത് ഷാ പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി പൗരത്വ ഭേദഗതി നിയമം ഉപയോഗിക്കുകയാണെന്ന ആരോപണവും അമിത് ഷാ തള്ളികളഞ്ഞു. ‘സർജിക്കല്‍ സ്‌ട്രൈക്കുകളിലും വ്യോമാക്രമണങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നുകരുതി ഞങ്ങള്‍ക്ക് തീവ്രവാദത്തിനെതിരെ നടപടിയെടുക്കാതിരിക്കാൻ കഴിയുമോ?’ അമിത് ഷാ ചോദിച്ചു.
സിഎഎ എന്തുകൊണ്ട് നടപ്പാക്കുന്നുവെന്നും തീരുമാനത്തിനു പിന്നിലെ ഉദ്ദേശം എന്തെന്നും ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ലക്ഷ്യം സുതാര്യമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാർഥികള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നതിനുമുള്ള പ്രതിബദ്ധത പാർട്ടി 2019 ലെ പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാണ്. കേരളവും തമിഴ്നാടും ബംഗാളും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന നിലപാടിലാണ്.